സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു; മൃതദേഹങ്ങള്‍ തിരിച്ചറിയാാന്‍ കഴിയാത്ത വിധം ചിതറി തെറിച്ചു

കഴിഞ്ഞ ദിവസം സൗദിയിലെ ദമാമിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ ഒരാളുടെ മൃതദ്ദേഹം നാട്ടിലേയ്ക്ക് കൊണ്ടപോകാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു. സിയാദിന്റെയും ഫിറോസിന്റെയും മൃതദേഹങ്ങള്‍ സൗദിയില്‍ ഖബറടക്കും. അനിലിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്

ദമാമില്‍ എക്സല്‍ എന്‍ജിനീയറിംഗ് കമ്പനി ജീവനക്കാരന്‍ പാലക്കാട് പ്രതിഭ നഗര്‍ കല്‍മണ്ഡപം സ്വദേശി ഫിറോസ് ഖാന്‍ (42), ജുബൈലിലെ സഹാറ അല്‍ ജുബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പടുത്തപ്പള്ളില്‍ വീട്ടില്‍ അനില്‍ തങ്കപ്പന്‍ (43), കണ്ണൂര്‍ പാപ്പിനിശ്ശേരി ഹൈദ്രോസ് മസ്ജിദിനു സമീപം ഫലാഹ് വീട്ടില്‍ പൂവങ്കളത്തോട്ടം പുതിയ പുരയില്‍ സിയാദ് (31) എന്നിവരാണ് മരിച്ചത്.

കനത്ത ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുന്‍ സീറ്റിലായിരുന്ന ഫിറോസിന്റെയും സിയാദിന്റെയും ശരീരം തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. മൃതദേഹത്തില്‍നിന്നു ലഭിച്ച ഇഖാമ മാത്രമായിരുന്നു ഏക തിരിച്ചറിയല്‍ രേഖ. ഫിറോസാണ് വാഹനമോടിച്ചതെന്നാണ് കരുതുന്നത്. അപകടം നടന്ന വണ്ടിയിലുണ്ടായിരുന്ന രേഖകളില്‍നിന്ന് നാസറിന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച് പോലീസ് വിളിക്കുമ്പോഴാണ് ഹര്‍ദിലെ വിജനമായ റോഡിലുണ്ടായ അപകട വിവരം പുറംലോകം അറിയുന്നത്. അനിലും ഫിറോസും ദീര്‍ഘകാലമായി സുഹൃത്തുക്കളാണ്. ഹര്‍ദിലേക്കുള്ള യാത്രയില്‍ കൗതുകത്തിന് ഇവരോടൊപ്പം കൂടിയതാണ് സിയാദ്.

മൂവരും സഞ്ചരിച്ച കാറും ട്രെയ്ലറും കൂട്ടിയിടിക്കുകയായിരുന്നു. അനിലും സിയാദും ജുബൈലില്‍നിന്നു ദമാമില്‍ എത്തി ഫിറോസിനെയും കൂട്ടി വൈകുന്നേരം മൂന്നു മണിയോടെ ഫിറോസിന്റെ സുഹൃത്ത് നാസറിന്റെ നിസ്സാന്‍ കാറില്‍ ഹര്‍ദിലുള്ള റിഗിലേക്കു പുറപ്പെട്ടതാണ് എന്നാണ് ലഭ്യമായ വിവരം. മാന്‍പവര്‍ ബിസിനസ് നടത്തുന്ന ഇവരുടെ കമ്പനിയുടെ നിരവധി ജീവനക്കാര്‍ അവിടെ റിഗ് സൈറ്റില്‍ ജോലി ചെയ്യുന്നുണ്ട്.
മൂന്നുപേരുടെയും മൃതദേഹങ്ങള്‍ അല്‍ ഹസ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫിറോസ് ഖാന്റെയും അനില്‍ തങ്കപ്പന്റെയും സ്പോണ്‍സര്‍മാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സിയാദിന്റെ സഹോദരന്മാരും എത്തിയിട്ടുണ്ട്. അല്‍ഹസയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്.

Copy Protected by Chetan's WP-Copyprotect.