വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍; യുവാക്കള്‍ അറസ്റ്റില്‍

കുഴല്‍മന്ദത്ത് നിന്ന് കാണാതായ ഓമന എന്ന വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. വീട്ടമ്മയുടെ അയല്‍വാസി ഷൈജുവിന്റെ വീട്ടില്‍ നിന്നു നാട്ടുകാരും പോലീസും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ ജിജിഷ് (27), ഷൈജു (29) എന്നിവരെ കുഴല്‍മന്ദം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആഭരണങ്ങള്‍ സ്വന്തമാക്കാനാണ് ഇവര്‍ ഓമനയെ കൊന്നത്.

ശനിയാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നു 300 മീറ്റര്‍ മാറിയുള്ള കൃഷിയിടത്തില്‍ പോയ ചുങ്കമന്ദത്ത് കൂമന്‍കാവില്‍ പൂശാരി പറമ്പില്‍ പരേതനായ സഹദേവന്റെ ഭാര്യ ഓമനയെ (60) കാണാതാവുകയായിരുന്നു. തുടര്‍ന്ന് മക്കളായ അയ്യപ്പദാസും അനിലും അയല്‍വാസികളുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. കുഴല്‍മന്ദം പോലീസിനെയും വിവരമറിയിച്ചു.

ഞായറാഴ്ച രാവിലെ സ്വര്‍ണ വളകളും മാലയും വില്‍ക്കാനായി കുഴല്‍മന്ദത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ യുവാക്കളെ സംശയം തോന്നി സ്ഥാപനമുടമ പോലീസില്‍ വിവരം അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓമനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Copy Protected by Chetan's WP-Copyprotect.