മകളെ പീഡിപ്പിച്ച എയ്ഡസ് രോഗിയായ അച്ഛന് ജീവിതാവസാനം വരെ തടവ് ശിക്ഷ

മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയില്‍ എടുത്തു പറഞ്ഞു. പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണം. കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള എല്ലാ കാര്യങ്ങളിലും സംരക്ഷണം നല്‍കണമെന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് വിധിയില്‍ പ്രത്യേക നിര്‍ദേശവും നല്‍കി.

ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്റേതാണ് ഉത്തരവ്.
ഐപിസി 376 (2 എഫ്) പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ഐപിസി 376 (എന്‍) പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടക്കാതിരുന്നാല്‍ രണ്ടുവര്‍ഷം കൂടി തടവും അനുഭവിക്കണം. പ്രതിക്ക് മുംബൈയിലായിരുന്നു ജോലി. അവിടെ കുടുംബത്തോടൊപ്പം താമസമായിരുന്നു.

പ്രതിക്കും ഭാര്യയ്ക്കും എയ്ഡ്സ് പിടിപെടുകയും ഭാര്യ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടില്‍ വന്ന് മക്കള്‍ക്കൊപ്പമായിരുന്നു ഇയാളുടെ താമസം.2013 ല്‍ 19 വയസ് പ്രായമുണ്ടായിരുന്ന മകള്‍ അങ്കണവാടി വര്‍ക്കറോടാണ് അച്ഛന്‍ വളരെ ചെറുപ്പം മുതല്‍ തന്നെ പീഡിപ്പിക്കുന്ന വിവരം ആദ്യം പറഞ്ഞത്. അങ്കണവാടി വര്‍ക്കര്‍ ജില്ല കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്ററെ അറിയിക്കുകയും അവര്‍ ചെങ്ങന്നൂര്‍ പോലീസിന് വിവരം നല്‍കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വിധു ഹാജരായി.

Copy Protected by Chetan's WP-Copyprotect.