ഞാന്‍ മലപ്പുറത്ത് താമസിക്കുന്നു. ഇവിടെയുള്ള ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ആണ് ജോലി. ഇവിടെ ഇടയ്ക്കിടെ ചികില്‍സക്ക് വരുന്ന ഒരു സൗദി പൗരനുമായി ബന്ധമുണ്ട്. അടുത്ത തവണ ചികില്‍സ കഴിഞ്ഞു പോകുമ്പോള്‍ വിവാഹം ചെയ്തു കൊണ്ട് പോകാമെന്ന് പറയുന്നു. പക്ഷെ വിസ ലഭിക്കാത്തത് മൂലം വേലക്കാരി വിസയില്‍ (Housemaid) തല്ക്കാലം കൊണ്ടുപോകാം എന്നും അവിടെ എത്തിയതിനു ശേഷം പൗരത്വം എടുക്കാമെന്നും പറയുന്നു. അവിടെ എത്തിയതിനു ശേഷം സൗദി പൌരത്വം ലഭിക്കുന്നതിനു തടസ്സങ്ങളുണ്ടോ? എത്ര കാലം കാത്തിരിക്കേണ്ടി വരും?
നിയമപരവും മതപരവും വ്യക്തിപരവുമായ ഒരു പാട് പ്രശ്നങ്ങളും ഈ വിഷയത്തില്‍ ഉണ്ട്. കാരണം സൗദി പൗരത്വം ലഭിക്കുന്നത് (Naturalisation) എളുപ്പമല്ലാത്ത ഒരു കാര്യമാണ്. തത്വത്തില്‍ അത് എളുപ്പമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ അത് വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഒരാള്‍ സൗദിയില്‍ ചിലവിട്ട കാലം, അവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബബന്ധങ്ങള്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ പൗരത്വത്തോട് ബന്ധപ്പെട്ടു പരിശോധിക്കപ്പെടും. ഇക്കാര്യത്തില്‍ സൗദി ഭരണകൂടം വളരെ കര്‍ശനവും ഇടുങ്ങിയതുമായ സമീപനമാണ് എടുക്കുന്നത്.
ഒരു സൗദി പൗരന് ഒരു വിദേശ യുവതിയെ വിവാഹം കഴിക്കണമെങ്കില്‍ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസില്‍ നിന്നുള്ള അനുമതി ആവശ്യമാണ്. അതിനു സാങ്കേതികമായ ഒരുപാട് നടപടിക്രമങ്ങള്‍ ഉണ്ട്. അതിന്റെ പേര് പറഞ്ഞായിരിക്കും വേലക്കാരി വിസയില്‍ കൊണ്ട് പോകാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
വേലക്കാരി വിസയില്‍ ആണ് നിങ്ങള്‍ അവിടേക്ക് പോകുന്നതെങ്കില്‍ ‘ഭാര്യ’ എന്ന ഒരു പദവി നിങ്ങള്‍ക്ക് നിയമപരമായി അവിടെ ലഭിക്കില്ല. ഒരു നിശ്ചിത കാലത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി വേതനം പറ്റി ജോലിയെടുക്കാം എന്ന ഒരു നിബന്ധനയുടെ അടിസ്ഥാനത്തില്‍ ആണ് ഈ വിസ അനുവദിക്കപ്പെടുന്നത്. അതിനാല്‍ കരാര്‍ കാലാവധിക്കു ശേഷം നിരുപാധികവും, കാലാവധി തീരുന്നതിനു മുന്‍പ് നഷ്ടപരിഹാരം നല്‍കിയും വിസയില്‍ തിരിച്ചു നാട്ടിലേക്ക് അയയ്ക്കുന്നതും എളുപ്പമാണ്.
കൂടാതെ ഈ ബന്ധത്തില്‍ കുട്ടികളുണ്ടാവുകയാനെന്കില് അത് അവിഹിത
ബന്ധത്തില്‍ പിറന്ന കുട്ടികളായിട്ടാണ് കണക്കാക്കപ്പെടുക. വേലക്കാരിയുടെ വിസയില്‍ വന്ന നിങ്ങള്‍ക്ക് ഇവിടെ വെച്ച് കുട്ടികളുണ്ടായാല്‍ അതിനെ ന്യായീകരിക്കാനും സാധൂകരിക്കാനും നിങ്ങള്‍ക്ക് സാധിക്കില്ല. കുട്ടികള്‍ക്ക് യാത്രാ രേഖകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല വ്യഭിചാര കുറ്റത്തിന്റെ നിയമപരമായ ശിക്ഷകള്‍ കൂടി ഏറ്റു വാങ്ങേണ്ടി വരികയും ചെയ്യും. ഇസ്ലാമിക ശരിഅത്ത് പിന്തുടരുന്ന സൗദി അറേബ്യയില്‍ വ്യഭിചാരം അതീവ ഗുരുതരമായ കുറ്റമാണ്.
ഏതു അര്‍ത്ഥത്തില്‍ നോക്കിയാലും ഈ വാഗ്ദാനവും, വിവാഹവും സുരക്ഷിതമല്ല. ധാരാളം ചതിക്കുഴികള്‍ ഉണ്ട്. ഇത് മനസ്സിലാക്കാന്‍ നിയമ പരിജ്ഞാനം ആവശ്യമില്ല. പ്രായോഗിക ബുദ്ധി ഉപയോഗിച്ച് വിലയിരുത്തിയാല്‍ മാത്രം മതിയാകും.