«

»

Print this Post

ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സ്വദേശി അഭിഭാഷകര്‍ വേണം – ലത്തീഫ് തെച്ചി

സൗദി അറേബ്യയിലെ അറിയപ്പെടുന്ന ജീവകാരുണ്യ  പ്രവര്‍ത്തകനും പ്രവാസി ക്ഷേമം  ലക്ഷ്യമാക്കി റിയാദ്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘പ്ലീസ്‌ഇന്ത്യ’യുടെ നാഷണല്‍ കോര്‍ഡിനേറ്ററുമാണ് ലേഖകന്‍. 

 

ലത്തീഫ് തെച്ചി

സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സ്വദേശി അഭിഭാഷകരുടെ സഹായം ആവശ്യമുണ്ടോ? ഇത് ചര്‍ച്ച ചെയ്യുമ്പോള്‍ മറ്റു നയതന്ത്ര കാര്യാലയങ്ങളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. യുറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ ഏതാണ്ട് എല്ലാ രാജ്യങ്ങള്‍ക്കും സൌദിയില്‍ എംബസ്സികള്‍ ഉണ്ട്. അവിടെങ്ങളില്‍ എല്ലാം സൗദി പൌരന്മാരായ അഭിഭാഷകരുടെ സേവനവും ലഭ്യമാണ്. സ്ഥിരമായി സ്വദേശി അഭിഭാഷകരില്ലാത്ത എംബസ്സികള്‍ പ്രമുഖ നിയമ സ്ഥാപനങ്ങളുമായി നിയമ സഹായത്തിനു ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എംബസ്സി നിര്‍ദേശിക്കുന്ന സ്വദേശി അഭിഭാഷകരുടെ പേരുകള്‍ അവരുടെ വെബ്സൈറ്റ്കളിലൂടെയും അല്ലാതെയും പൌരന്മാരെ അറിയിക്കുന്നതും കാണാം. ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ പോലും സൗദി അറേബ്യയില്‍ സ്വദേശി അഭിഭാഷകരുടെ സേവനം തേടുന്നുണ്ട്. നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെട്ട ചില ക്രിമിനല്‍ കേസുകളില്‍ അവരുടെ പൌരന്മാരെ സഹായിക്കുന്നതിന് സ്വദേശി അഭിഭാഷകര്‍ ഹാജരാകുന്നതും കണ്ടിട്ടുണ്ട്.

22 ലക്ഷം ഇന്ത്യക്കാര്‍ ആണ് സൌദിയില്‍ പ്രവാസികള്‍ ആയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി ഔദ്യോഗികമായി പറഞ്ഞ കണക്കാണിത്. എന്നാല്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ തദ്ദേശീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതില്‍ ഇന്ത്യാ ഗവെന്മേന്റിണോ നയതന്ത്ര കാര്യാലയങ്ങള്‍ക്കോ യാതൊരു താല്‍പ്പര്യവുമില്ല. എന്തെങ്കിലും ആപത്തില്‍ പെടുന്ന ഇന്ത്യക്കാരന് മികച്ച ഒരു അഭിഭാഷകനെ കാണിച്ചു കൊടുക്കാന്‍ എംബസിക്കും കോണ്സുലെറ്റിനും കഴിയുന്നില്ല. വിദേശ കാര്യസഹമന്ത്രിയും പ്രവാസികാര്യ മന്ത്രിയും സ്വദേശി അഭിഭാഷകനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും  വാഗ്ദാനം നിറവേറ്റിയിട്ടില്ല.

സൌദിയില്‍ ജയിലില്‍ കഴിയുന്നവരെത്ര? ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ ആരെല്ലാം? വിധി കാത്തു കഴിയുന്നവര്‍ എത്ര? ലേബര്‍ ഓഫീസുകളില്‍ നീതി തേടി കാത്തിരിക്കുന്നവര്‍ ആരെല്ലാം? കോടതി അനുകൂല ഉത്തരവ് പുരപ്പെടുവിച്ചിട്ടും വിധി നടപ്പിലായി കിട്ടാതെ അലയുന്നവര്‍ എത്ര? ജോലിയിലിരിക്കെ മരിക്കുകയും അവകാശികള്‍ക്ക്  അര്‍ഹതപ്പെട്ട ഏന്‍ഡ് ഓഫ് സര്‍വീസ്‌ ബെനിഫിറ്റ് നിഷേധിക്കപ്പെട്ട കുടുംബങ്ങള്‍ എത്ര? വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് കോടതി വിധിച്ച നഷ്ടപരിഹാരം, ഇന്‍ഷൂറന്‍സ് തുക – ഇവക്ക് അര്‍ഹതപ്പെട്ടവര്‍ ആരെല്ലാം? ഇത്തരത്തില്‍ ആയിരക്കണക്കിന് കേസുകളില്‍ കക്ഷികളായ ഇന്ത്യക്കാര്‍ക്ക് നിയമ സഹായം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ സര്‍ക്കാരിനും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ആണ്. എംബസ്സിയില്‍ ഒരു സ്വദേശി വക്കീലിനെ നിയമിക്കുകയും ഇദ്ദേഹത്തിന് കീഴില്‍ ദമ്മാം, ജിദ്ദ, റിയാദ്‌ ഗവര്‍ണറേറ്റ്കളിലും ലേബര്‍ കോര്‍ട്ട്, തര്‍ഹീല്‍ എന്നിവിടങ്ങളിലും മറ്റും സ്വദേശികളെ നിയമിക്കുന്നത് കാര്യങ്ങള്‍ മാറ്റി മറിക്കും.

സൗദി അറേബ്യയിലെ പ്രവാസികളുടെ ആവലാതികള്‍ എന്തെല്ലാമാണെന്ന് കൃത്യമായി ഗൃഹപാഠം നടത്തി സ്വദേശി അഭിഭാഷകരെ നിയമിച്ചാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. മാത്രമല്ല നഷ്ടപരിഹാരം ലഭിക്കേണ്ട കേസുകള്‍ യഥാവിധി കൈകാര്യം ചെയ്‌താല്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത്‌ കോടികളായിരിക്കും. അപകടമരണങ്ങളിലെ നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുകകള്, സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന ഏന്‍ഡ് ഓഫ് സര്‍വീസ്‌ ബെനിഫിറ്റ്  തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് അര്‍ഹതപ്പെട്ട കോടികള്‍ സ്വദേശി അഭിഭാഷകരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ നഷ്ട്ടപ്പെടുകയോ,കാലതാമസം നേരിടുകയോ, നിഷേധിക്കപ്പെടുകയോ ചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്യാം. മാത്രമല്ല ശിക്ഷാ കാലാവധി കഴിഞ്ഞവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നതിനും നഷ്ടപരിഹാര കേസുകളില്‍ സന്ധിസംഭാഷണങ്ങളിലൂടെ ഇളവ്‌ നേടുന്നതിനും സ്വദേശി അഭിഭാഷകരുടെ സേവനം ഗുണം ചെയ്യും. ഇതിനുദാഹരണമാണ് നാല് മാസത്തെ തടവും 1,14000 റിയാല്‍ നഷ്ടപരിഹാരവും ശിക്ഷ ലഭിച്ച ബിജു തോമസിന്റെ കേസില്‍ നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ എയ്ഡ്‌ സെല്‍ (പ്ലീസ്‌ഇന്ത്യ) അഭിഭാഷകന്‍ ഡോ.അബ്ദുള്ള അല്സലാഫി മധ്യസ്ഥത വഹിച്ചതോടെ നഷ്ട്ടപരിഹാര തുക 50000  റിയാലാക്കി കുറക്കാന്‍ കഴിഞ്ഞത്. നാല് മാസത്തെ ശിക്ഷ ലഭിച്ച മലയാളി യുവാവ് നഷ്ട്ടപരിഹാരം കൊടുക്കാന്‍ കഴിയാതെ ആറു വര്‍ഷമായി തടവില്‍ തുടരുന്നതിന് ഉത്തരവാദിഇന്ത്യന്‍ സര്‍ക്കാരും സ്വദേശി അഭിഭാഷകരെ നിയമിക്കുമെന്ന് വെറും വാക്ക് പറഞ്ഞ മന്ത്രിമാരുമാണ്.

സൗദി അറേബ്യയിലെ നിയമ സംവിധാനങ്ങളും നീതിപീഠങ്ങളും സുസജ്ജവും കാര്യക്ഷമതയോടെ പ്രവര്തിക്കുന്നവയുമാണ്. വെളുത്തവനെന്നോ കകറുത്തവനെന്നോ ഏതു രാജ്യക്കാരനെന്നോ മതക്കാരനെന്നോ വ്യത്യാസമില്ലാതെ ഏതു സമയത്തും നീതിപീഠങ്ങളെ സമീപിക്കുവാന്‍ ആര്‍ക്കും സാധ്യമാണ്.

സൗദി ഗവേര്‍മെന്റ്റ്‌ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിലെ ഇന്ത്യക്കാരായ ജീവനക്കാര്‍, മരിച്ചു പോയ സ്പോന്സരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ പെരുവഴിയിലായവര്‍, അന്യായമായി ഹുറൂബിന്റെ ഇരകളായവര്‍, തുടങ്ങി നൂറു ശതമാനവും നിരപരാധികളായ ഇന്ത്യക്കാര്‍ രാജ്യം വിടാന്‍ കഴിയാതെ നരകയാതന അനുഭവിക്കുന്നു. ഇവര്‍ക്കെല്ലാം ആശ്വാസം ലഭിക്കണമെങ്കില്‍ സ്വദേശി അഭിഭാഷകരുടെ സേവനം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുക മാത്രമാണ് പരിഹാരം. നിയമ സഹായം ആവശ്യമുള്ള ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ സ്വദേശി അഭിഭാഷകന്‍, എംബസ്സി ഉദ്യോഗസ്ഥന്‍, സൗദി നീതിപീഠങ്ങളില്‍ വ്യവഹാരം നടത്തി അനുഭവ സമ്പത്തുള്ള ജീവ കാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എംബസ്സി ഗ്രീവന്‍സ്‌ സെല്‍ രൂപീകരിച്ചു പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും നയതന്ത്ര കാര്യാലയങ്ങളും സന്നദ്ധമാവണം.

Permanent link to this article: http://pravasicorner.com/?p=2213

Copy Protected by Chetan's WP-Copyprotect.