«

»

Print this Post

‘’സൗജ മാഫീ കോയീസ്‌’’………

 

കാര്‍ക്കശ്യത്തിനു പേര് കേട്ടവരാണ് സൗദി അറേബ്യയിലെ പോലീസുകാര്. നിസ്സഹായതയുടെയും നിഷ്കളങ്കതയുടെയും പേരില്‍ പോലും ദയ കാട്ടുന്നത് അപൂര്‍വം……..

സൌദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഒരു ‘ആരാംകോ’ പ്രോജെക്ടറ്റില്‍ ‘മെക്കാനിക്കല്‍ എന്‍ജിനീയര്‍’ ആയി ജോലി ചെയ്യുന്ന കാലം. അറബി ഭാഷ പഠിച്ചു വരുന്നതെ ഉള്ളൂ. ആ സമയത്ത് അറബി കേട്ടാല്‍ മനസ്സിലാവും എന്ന് മാത്രം. കമ്പനി അക്കോമഡേഷനില്‍ നിന്ന് മാറി ബന്ധുവിന്റെ കൂടെ ടൌണില്‍ താമസം. ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായപ്പോള്‍ കമ്പനി വണ്ടിയും തന്നു. എല്ലാം കൊണ്ടും പരമ സുഖം.

ഇതിനിടയിലാണ് പ്രിയതമ ഒരു ആണ്കുഞ്ഞിനു ജന്മം നല്‍കി എന്ന സന്തോഷ വാര്‍ത്ത ലഭിക്കുന്നത്. കൂട്ടുകാര്‍ക്ക് ചെലവ് നിര്‍ബന്ധം. ബന്ധു കിഴക്കന്‍ പ്രവിശ്യയിലുള്ള ഹെഡ്‌ ഓഫീസിലേക്ക് മീറ്റിങ്ങിനു പോകുന്ന ദിവസം തന്നെ കൂടുകാരെ എല്ലാവരെയും റൂമിലേക്ക്‌ ക്ഷണിച്ചു. ആ ദിവസം, അവര്‍ എത്തുന്നതിനു മുന്‍പ് തന്നെ ‘അല്‍-ബൈക്ക്‌’ (AL-BAIK, സൌദിയുടെ സ്വന്തം K.FC) വാങ്ങുന്നതിനായി കടയിലേക്ക് തിരിച്ചു.

ഹൈവേയിലേക്ക് കടന്നു കുറച്ചു മുന്നോട്ടു പോയപ്പോള്‍ അതാ മുന്നില്‍ പോലീസ്‌ ചെക്കിംഗ്. അനധികൃത താമസക്കാരെ പിടിക്കാനായിരിക്കും എല്ലാ വണ്ടിയും നിര്‍ത്തി ചെക്ക്‌ ചെയ്യുന്നു. എന്റെ ഊഴമെത്തി. താടി വെച്ച് ‘മുത്തവ’യെപ്പോലെ ഒരു പോലീസുകാരന്‍. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് താഴ്ത്തി.

പോലീസുകാരന്‍ കൈനീട്ടി. ‘’റുക്സ, ഇസ്തിമാറ…’’ (ലൈസന്‍സും, റെജിസ്ട്രേഷന്‍ കാര്‍ഡും)

ലൈസന്‍സും രെജിസ്ട്രേഷന്‍ കാര്‍ഡും എടുക്കാനായി പോക്കറ്റിലേക്ക് കയ്യിട്ടു. പടച്ചോനെ…. തിരക്കിനിടയില്‍ പേഴ്സ് എടുക്കാന്‍ മറന്നിരിക്കുന്നു. ഇഖാമയും, ലൈസന്‍സും, പണവും എല്ലാം അതിലാണ്. ഇയാളോട് ഇനി എന്ത് പറയും? പള്ളിയില്‍ നിസ്കരിക്കാന്‍ പോവുകയാനെന്കിലും ഇഖാമ കൈവശം നിര്‍ബന്ധമായും സൂക്ഷിക്കേണ്ട നാടാണ് സൗദി. ഇല്ലെങ്കില്‍ നേരെ കൊണ്ട് പോകും ജയിലിലേക്ക്. ആരെങ്കിലും ഇഖാമയും, ഫൈന്‍ അടച്ച രസീതിയുമായി വന്നാലേ തുറന്ന് വിടൂ.

പോലീസുകാരന്റെ ആജ്ഞ വീണ്ടും. ഇത്തവണ ശബ്ദത്തിനു കാര്‍ക്കശ്യം കൂടുതല്‍.

‘’ജീബ്‌ റുക്സ, ഇസ്തിമാറ….( ലൈസന്‍സും, റെജിസ്ട്രേഷന്‍ കാര്‍ഡും എടുക്ക്)

എന്റെ പരുങ്ങലു കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായിക്കാണും ഇതൊന്നും എന്റെ കൈവശമില്ലെന്നു. വണ്ടി ഒതുക്കിയിടാന്‍ അയാള്‍ ആജ്ഞ നല്‍കി. കാര്‍ പതുക്കെ റോഡരിരികിലേക്ക് മാറ്റിയിട്ടു.

മറ്റൊരു പോലീസുകാരന്‍ വന്നു. ഒരു ഇരയെ കിട്ടിയ സന്തോഷം.

‘’ഫുക്ക്‌ ഷാന്താ’’…. (ഡിക്ക് തുറക്ക്)

തുറന്നു കൊടുത്തു. ഡിക്ക് മുഴുവന്‍ അയാള്‍ ആവേശത്തോടെ പരതി. സ്റെപ്പിനിടയര്‍ പോലും. പിന്നെ കാറിനുള്ളിലും. മുന്നിലെ കണ്ണാടിയില്‍ തൂക്കിയിട്ടിരിക്കുന്ന എന്റെ ‘ആരാംകോ’ തിരിച്ചറിയല്‍ കാര്‍ഡ്‌ എടുത്തു നോക്കി. കൈ മുകളിലോട്ടു ആക്കി നിര്‍ത്തി എന്റെ ദേഹം മുഴുവന്‍ പരതി. അരാംകോ തിരിച്ചറിയല്‍ കാര്‍ഡ്‌ വായിച്ച ശേഷം അയാള്‍ എന്റ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്റെ മുഖം ഭയം കൊണ്ട് വിവര്‍ണ്ണമായിരുന്നു. ജയില് തന്നെ. ഞാനുറപ്പിച്ചു.

പോലീസുകാരന്റെ ചോദ്യം വീണ്ടും…  

‘’വെയ്ന്‍ ഇഖാമ, റുക്സ, ഇസ്തിമാറ? (താമസ പെര്‍മിറ്റും, ലൈസന്‍സും, റെജിസ്ട്രേഷന്‍ കാര്‍ഡും എവിടെ?)

എന്താണ് പറയേണ്ടതെന്നും എങ്ങിനെ പറയണമെന്നും അറിയുന്നില്ല. നാക്ക് വരണ്ട പോലെ. ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. 

‘’ജുവ…റൂം…ജുവ…’’. (റൂമിനുള്ളില്‍)

എന്റെ ഭാഷയും ഉത്തരവും കേട്ടിട്ടാകണം പോലീസുകാരന്റെ മുഖത്ത് ചെറിയ പുഞ്ചിരി. കുഴപ്പക്കരനല്ലെന്നു തോന്നിക്കാണും. അടുത്ത ചോദ്യം. 

‘’വെയിന്‍ റൂഹ്….’’ (എവിടെ പോകുന്നു?)

ഒന്നും പറയാന്‍ സാധിക്കുന്നില്ല. വായില്‍ തോന്നിയ കള്ളം ആദ്യം പറഞ്ഞു..

’’സെയ്ദാലിയാ…അന സൗജ മാഫീ കൊയീസ്‌’’ (മെഡിക്കല്‍ ഷോപ്പിലേക്ക്…ഭാര്യക്ക് തീരെ സുഖമില്ല എന്നാണു ഞാനുദ്ദേശിച്ചത്).

എന്റെ ഉത്തരം കേട്ടതും ഗൌരവക്കാരനായ ആ പോലീസ്കാരനതാ  പൊട്ടിച്ചിരിക്കുന്നു. ചിരിച്ചു കൊണ്ട് അയാള്‍ പോലീസ്‌ വാഹനത്തിനരികിലേക്ക്. കൂടെയുള്ള പോലീസുകാരനോട് അയാളെന്തോ പറയുന്നു. ഉടെനെ അയാളും എന്റെ അരികിലേക്ക്. അതെ ചോദ്യം. എന്റെ അതെ ഉത്തരം. തികച്ചും നിഷ്കളങ്കമായി.. .

’’സെയ്ദാലിയാ…അന സൗജ മാഫീ കൊയീസ്‌’’.

പതുക്കെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്ന അയാളതാ പൊട്ടിച്ചിരിച്ചു കൊണ്ട് ആദ്യം വന്ന പോലീസുകാരനരികിലേക്ക് മടങ്ങിപ്പോകുന്നു. രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.

കുറച്ചു സമയത്തിനു ശേഷം പോലീസുകാര്‍ എന്നെ അരികിലേക്ക് വിളിക്കുന്നു. എന്റെ അരാംകോ ഐ.ഡി തിരികെ തന്നു കൊണ്ട് പുഞ്ചിരിരിയോടു കൂടി അയാള്‍ പറഞ്ഞു.

‘’യാ അള്ളാ… റൂഹ്… സുറാ….’’ (വേഗം പൊയ്ക്കോ…)

ഇതെന്തല്ഭുതം…ഒരു രേഖകളും കൈവശമില്ലാത്ത എന്നെ വെറുതെ വിടുന്നോ? (ചിലപ്പോള്‍ ആരാംകോ ID കണ്ടിട്ടാവും). എന്തായാലും ഉടനെ തന്നെ അവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടു. ബന്ധു തിരിച്ചു വന്നപ്പോള്‍ ഉണ്ടായ വിവരം പറഞ്ഞു. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം അയാളെനിക്ക് പറഞ്ഞു തന്നു.

‘’എടാ…നിന്റെ ഭാര്യ കൊള്ളില്ലെന്നാ നീ അയാളോട് പറഞ്ഞതിന്റെ അര്‍ത്ഥം’’

സൌദിയില്‍ നിന്ന് പോയിട്ട വര്ഷം രണ്ടു കഴിഞ്ഞു. ഇപ്പോള്‍ ജോലി ചെയ്യുന്നത് ബഹറിനില്‍ ആണ്. എങ്കിലും സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ അന്നത്തെ അറബി ഭാഷാ പ്രാവീണ്യം ആലോചിച്ചു ഉള്ളിലൊരു ചിരി പൊട്ടി വിടരാറുണ്ട്..

നൗഷാദ്‌, കോഴിക്കോട്‌. ബഹ്‌റൈന്‍

 

Permanent link to this article: http://pravasicorner.com/?p=2258

Copy Protected by Chetan's WP-Copyprotect.