«

»

Print this Post

‘ചാരിറ്റി’ – ജീവകാരുണ്യ രംഗത്തെ പ്രശസ്തി ആഗ്രഹിക്കാത്ത സ്നേഹക്കൂട്ടായ്മ

 

 

‘’ഭാരവാഹികള്‍ ഇല്ല, ചട്ടക്കൂട് ഇല്ല! ആറുപേര്‍ ഒരേ മനസ്സോടെ ആലോചിച്ചു തീരുമാനം എടുക്കുന്നു. മറ്റു ഗ്രൂപ്പുകളില്‍ നിന്നും ഒരു വേറിട്ട പ്രവര്‍ത്തനശൈലി. എല്ലാവരുടെയും അഭിപ്രായത്തില്‍ ഇപ്പോള്‍ ഉള്ള പ്രവര്‍ത്തനരീതി മതി എന്നാണു. അതായതു കണ്ട്, കേട്ട് അറിഞ്ഞു വരുന്നവര്‍ മാത്രം മതി. അതിനാല്‍ മാധ്യമങ്ങളില്‍ ‘ചാരിറ്റി’യെക്കുറിച്ച് പബ്ലിഷ് ചെയ്യുവാന്‍ താല്‍പ്പര്യമില്ല. ഇപ്പോള്‍ ഒരേ മനസ്സുള്ള കുറച്ചു പേരുടെ സഹായത്തില്‍ എട്ടു കുടുംബങ്ങളെ (ഒരു കുടുംബത്തിന് ഒമ്പതിനായിരവും ബാക്കി അയ്യായിരം വീതവും) മാസം തോറും ഓരോ തുക നല്‍കി കഴിഞ്ഞ ഒരു വര്‍ഷമായി സഹായിക്കുന്നു. ’’

‘ചാരിറ്റി’യുടെ പ്രതിനിധിയുടെ ഈ വാക്കുകളില്‍ നിന്നും നമുക്ക് ഉദ്ദേശശുദ്ധി വായിച്ചെടുക്കാം. പ്രശസ്തിയല്ല മറിച്ചു പുണ്യം കാംക്ഷിക്കുന്ന കുറച്ചു നല്ലവരായ ആളുകളുടെ കൂട്ടായ്മ. പിറന്ന നാട്ടില്‍ നിന്നും അകലെയാണെങ്കിലും അവിടുത്തെ ദൈന്യതയാര്‍ന്ന മുഖങ്ങള്‍ ഇവരുടെ മനസ്സില്‍ കനലുകള്‍ വീഴ്ത്തുന്നു. ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത മുഖങ്ങള്‍ ഇവരെ അസ്വസ്ഥരാക്കുന്നു. എല്ലാവര്ക്കും ഒരു ജീവിതമുണ്ട്. തങ്ങളെപ്പോലെ തന്നെയുള്ള തങ്ങളുടെ സഹജീവികള്‍ മരുന്നിനു പോലും പണമില്ലാതെ മരണം കാതോര്‍ത്തിരിക്കുമ്പോള്‍ ഇവര്‍ക്ക് പ്രവര്‍ത്തിക്കാതിരിക്കാനാവില്ല എന്നവര്‍ തിരിച്ചറിയുന്നു. അത് കൊണ്ട് തന്നെയാണ് തരിമ്പും പ്രശസ്തി ആഗ്രഹിക്കാതെ അപരന് കൈത്താങ്ങേകാന്‍ ഇവര്‍ മുന്നോട്ടു വന്നത്, മൌനമായി പ്രവര്‍ത്തിക്കുന്നത്, ചെയ്യുന്നത് വിളിച്ചു പറയാതിരിക്കുന്നത്.

പ്രധാനമായും ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നുള്ള ഒരു സംഘം സഹായസന്നദ്ധരായ സുഹൃത്തുക്കളുടെ കൂട്ടായ്മ ആണ് ‘ചാരിറ്റി’.  യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ ‘ചാരിറ്റി’യില്‍ അംഗങ്ങളായ സന്നദ്ധ സേവകര്‍ ഉണ്ട്. ഇപ്പോള്‍ 119 അംഗങ്ങള്. പ്രമുഖ സോഷ്യല്‍ മീഡിയായ ‘ഫേസ്ബുക്ക്’ ആണ് പ്രവര്‍ത്തന മണ്ഡലം. അത് വഴി തന്നെയാണ് പ്രവര്‍ത്തന വ്യാപനവും.

സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളെ അംഗങ്ങള്‍ക്കിടയില്‍ നിന്നും മാസാ മാസം പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ അയച്ചു കൊടുത്തു സഹായിക്കുന്നു. അതത് രാജ്യത്തെ സാമ്പത്തിക സഹായങ്ങള്‍ ഓരോ രാജ്യത്തും അതിനായി നിയോഗിക്കപ്പെട്ട ഓരോ വ്യക്തികള്‍ ശേഖരിച്ച ശേഷം നാട്ടിലുള്ള കൂട്ടായ്മയുടെ ബാങ്ക് അക്കൌണ്ടിലേക്ക് അയച്ചു കൊടുക്കുന്നു. അവിടെ നിന്ന് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി സഹായം നല്‍കപ്പെടുന്നവര്‍ക്ക് അയച്ചു കൊടുക്കുന്നു. ഇത് കൂടാതെ അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ സഹായവും നല്‍കുന്നു.

സുതാര്യതയ്ക്ക് വേണ്ടി ഓരോ മാസവും ലഭിച്ച തുകയും, അയച്ചു കൊടുത്ത തുകയും, ബാക്കിയുള്ള തുകയും കൃത്യമായി ഗ്രൂപ്പില്‍ പ്രസിദ്ധപ്പെടുത്തുന്നു. ഓരോ മാസം കഴിയുമ്പോഴും കൂടുതല്‍ ആളുകള്‍ അംഗത്വമെടുക്കുന്നത് ‘ചാരിറ്റി’യുടെ സുതാര്യത പ്രവാസി മലയാളികള്‍ക്ക് ബോധ്യപ്പെടുന്നത് കൊണ്ടാണ്.

നിഷ്ക്രിയരായ അംഗങ്ങളുടെ ആധിക്യം ‘ചാരിറ്റി’ക്കു ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്ന് തുറന്നു പറയുന്ന ഭാരവാഹികള്‍, ആയത് കൊണ്ട് തന്നെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് മുന്‍പ് സന്ദേശങ്ങള്‍ അയച്ചു സഹായ മനസ്ഥിതി സ്ഥിരീകരിക്കുന്നു.

ബാലിശമായ അവകാശവാദങ്ങളില്ല ‘ചാരിറ്റി’ക്ക്. സഹായിക്കുന്ന വ്യക്തികളുടെ എണ്ണത്തിലും, തുകയുടെ വലിപ്പത്തിലും വരുന്ന വര്‍ധന അനുസരിച്ചേ സഹായിക്കേണ്ട വ്യക്തികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കൂ എന്ന തുറന്നു പറച്ചില്‍, ചെയ്യാത്ത സഹായങ്ങള്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി വിളമ്പുന്നവര്‍ക്കിടയില്‍ ഈ സുമനസ്സുകളെ വ്യത്യസ്തരാക്കുന്നു.

 

(‘ചാരിറ്റി’ കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിലേക്ക് പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://www.facebook.com/groups/charity.theeram/ )

 

 

Permanent link to this article: http://pravasicorner.com/?p=2319

Copy Protected by Chetan's WP-Copyprotect.