«

»

Print this Post

ഉച്ച സമയത്ത് പണിയെടുപ്പിച്ചാല്‍ എവിടെ പരാതിപ്പെടാം?

 

ജുബൈലില്‍ ഉള്ള ഒരു കമ്പനിയിലാണ് ജോലിയെടുക്കുന്നത്. തുറസ്സായ സ്ഥലത്താണ് ജോലി. ഇവിടെ ഇപ്പോള്‍  ഉച്ച സമയത്ത് വെയില്‍ വളരെ ക്കൂടുതലാണ്. എന്നിട്ടും കമ്പനി റസ്റ്റ് തരുന്നില്ല. പണിയെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. നോമ്പ് എടുത്തു ഈ വെയില്‍ പണിയെടുക്കുന്നത് പറഞ്ഞാല്‍ തീരാത്ത ബുദ്ധിമുട്ടാണ്. പലരും തല കറങ്ങി വീഴുന്നു. പണി നിര്‍ത്തിയാല്‍ കമ്പനി  ആ ദിവസത്തെ ശമ്പളം കട്ട് ചെയ്യും. ചൂട് കൂടുതലുള്ള സമയത്തും റമദാനിലും ഇങ്ങിനെ പണിയെടുപ്പിക്കുന്നതിനെതിരെ എന്തെങ്കിലും നിയമങ്ങള്‍ നിലവിലുണ്ടോ? എവിടെയാണ് പരാതിപ്പെടാന്‍ സാധിക്കുക.? റമദാന്‍ മാസത്തില്‍ പ്രവര്‍ത്തി സമയത്തിന്റെ നിയമങ്ങള്‍ എന്തൊക്കെയാണ്? Mr.V.M.V, Saudi Arabia.

സൗദി അറേബ്യയില്‍ ജൂലൈ – ഓഗസ്റ്റ്‌ മാസങ്ങളില്‍ ചൂട് വളരെ കൂടുതലാണ്. താപനില ചില സ്ഥലങ്ങളില്‍ 50 ഡിഗ്രിക്ക് മുകളില്‍ വരെ വരാം. അസഹ്യമായ താപനില പരിഗണിച്ചു ജൂലൈ 1 മുതല്‍, ഓഗസ്റ്റ്‌ 31 വരെ ഉച്ചക്ക് 12 നും 3 മണിക്കുമിടയില്‍ നിര്‍മാണ സൈറ്റുകളില്‍/തുറസ്സായ/പൊതുസ്ഥലങ്ങളില്‍ തൊഴിലാളികലെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം തൊഴിലുടമക്കും കമ്പനികള്‍ക്കുമാണ്. അവര്‍ ശിക്ഷാര്‍ഹരുമാണ്. ഏതെന്കിലും കാരണവശാല്‍ ആ സമയത്ത് തൊഴിലെടുക്കാന്‍ തൊഴിലാളി നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ അയാള്‍ക്ക്‌ തൊഴില്‍ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ (+966 1 200 6666) വഴി തൊഴിലുടമക്കെതിരെ പരാതിപ്പെടാം.   പരാതിക്കാരന്‍ പേര് വെളിപ്പെടുത്തേണ്ട കാര്യമില്ല.

റമദാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ചു മണിക്കൂറും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആറു മണിക്കൂറും ആയിരിക്കും പ്രവര്‍ത്തി സമയം. കാലത്ത് പത്തു മുതല്‍ വൈകീട്ട് മൂന്നു വരെ ആയിരിക്കും സര്‍ക്കാര്‍ മേഖലയിലെ പ്രവര്‍ത്തി സമയം. സ്വകാര്യ മേഖലയിലെ മുസ്ലിം തൊഴിലാളികള്‍ക്ക് പ്രതിദിനം ആറു മണിക്കൂറും ആഴ്ചയില്‍ 36 മണിക്കൂറും ആയാണ് പ്രവര്‍ത്തി സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98  വ്യക്തമായി നിര്‍ദേശിക്കുന്നു. സൌകര്യപ്രദമായ നോമ്പ് അനുഷ്ഠാനത്തിനു വേണ്ടിയാണത്. .

മധ്യാഹ്ന തൊഴില്‍ നിരോധനം ആദ്യമായി നടപ്പിലാക്കിയത് 2007 ലെ കാബിനറ്റ് തീരുമാനപ്രകാരമാണ്. സ്വകാര്യ മേഖലക്കും ഈ നിയമം ബാധകമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സ്വകാര്യമേഖലക്കും ഈ നിയമം ബാധകമാക്കുമെന്ന പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയിരുന്നെന്കിലും 2011 ലാണ് ഇത് നിലവില്‍ വന്നതായി പ്രഖ്യാപിക്കപ്പെട്ടത്. കമ്പനികള്‍ക്കു അവയുടെ വര്‍ക്ക്‌ ഷെഡ്യൂള്‍ ക്രമീകരിക്കാനും തൊഴില്‍ തടസ്സങ്ങള്‍ ഒഴിവാക്കാനും ആവശ്യമായ സമയം നല്‍കുക എന്നതായിരുന്നു ഈ കാലതാമസത്തിനു പിറകില്‍. താപനില കൂടുന്ന മാസങ്ങളില്‍ മധ്യാഹ്നതൊഴില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച കരട് പദ്ധതി വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സമര്‍പ്പിച്ചിട്ടും ഇത് വരെ തൊഴില്‍ മന്ത്രാലയം അത് നടപ്പിലാക്കാത്തത്തില്‍ മനുഷ്യാവകാശ കമ്മീഷനും (The National Commission for Human Rights – NSHR) ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. 

എന്നാല്‍ ഗ്യാസ്‌, ഓയില്‍ കമ്പനികള്‍ക്കും, ജലവിതരണ പൈപ്പ്‌ ലൈനുകളിലെ ചോര്‍ച്ച, വൈദ്യുതി നിലക്കുക തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള ജോലികള്‍ ഉച്ച സമയത്ത് നിര്‍വഹിക്കുന്നതില്‍ നിയമ വിലക്കില്ല. എന്നാല്‍ ഈ സമയങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളിയെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കമ്പനികള്‍ സ്വീകരിക്കണം. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 122  പ്രകാരം ഇത് നിര്‍ബന്ധമാണ്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദി തൊഴില്‍ നിയമത്തിലെ ‘ശിക്ഷകള്‍’ എന്ന അദ്ധ്യായം 15 ലെ വകുപ്പ് 236 പ്രകാരം ആദ്യ തവണ  3000  റിയാല്‍ മുതല്‍ 10000 റിയാല്‍ വരെ പിഴ ചുമത്തും. നിയമലംഘനം തുടര്‍ന്നാല്‍ 30 ദിവസത്തേക്ക് സ്ഥാപനം അടച്ചിടേണ്ടി വരും. മൂന്നാം തവണയും ആവര്‍ത്തിക്കുകയാനെന്കില്‍ എന്നെന്നേക്കുമായി സ്ഥാപനം അടച്ചിടലായിരിക്കും ശിക്ഷ.

മനുഷ്യാവകാശ കമ്മീഷനും നിയമ ലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ ഈ സമയങ്ങളില്‍ കമ്പനികള്‍ സന്ദര്‍ശിക്കുന്നുണ്ട്. മനുഷ്യാവകാഷ കമ്മീഷന് ഇതിനെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനാവില്ല.അതിനാല്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.

ഇത്തരത്തില്‍ പണിയെടുപ്പിച്ച നിരവധി കമ്പനികള്‍ക്കു ഇതിനകം തന്നെ തൊഴില്‍ മന്ത്രാലയം നോട്ടീസ്‌ നല്‍കിയിട്ടുണ്ട്. നിയമലംഘനം തുടര്‍ന്നാല്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാവും.

 

Permanent link to this article: http://pravasicorner.com/?p=2333

Copy Protected by Chetan's WP-Copyprotect.