«

»

Print this Post

സൗദി അറേബ്യയിലെ ഫ്രീ വിസയുടെ നിയമ വശങ്ങള്‍

 1

 

സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയ ‘നിതാഖാത്‌’ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം തന്നെ സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കുക എന്നതായിരുന്നു എങ്കിലും അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരു ലകഷ്യമായിരുന്നു അനധികൃതമായി ജോലി എടുക്കുന്നവരെയും അനധികൃതമായി രാജ്യത് തങ്ങുന്നവരെയും പിടികൂടുക എന്നത്.

രാജ്യത്ത്‌ വര്‍ധിച്ചു വരുന്ന വിദേശ ജനസംഖ്യാ അനുപാതം ആയിരുന്നു പ്രധാന കാരണം.  2.8 കോടി  ജനസംഖ്യയില്‍  എണ്‍പത്തിനാല് ലക്ഷത്തോളം വിദേശികള്‍ ആണെന്നാണ് കണക്ക്. അതായത് 31% വിദേശികള്‍. ഈ വിദേശീ ജനസംഖ്യാസമ്മര്‍ദം ഇരുപതു ശതമാനം ആക്കി കുറച്ചു കൊണ്ട് വരാന്‍ ആയിരുന്നു തീരുമാനം. ഈ 84 ലക്ഷത്തിലധികം തൊഴിലാളികളില്‍ 90 ശതമാനവും പണിയെടുക്കുന്നതു സ്വകാര്യ മേഖലയില്‍ ആണ് എന്നാണു കണക്ക്.

സൌദിയുടെ സ്വകാര്യ മേഖലയില്‍ വെറും ഏഴു ലക്ഷത്തോളം മാത്രമേ സ്വദേശികള്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിതഖാത് പരിഷ്കാരങ്ങളുടെ ഭാഗമായി പത്തു ലക്ഷത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ സൌദിയിലെ ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന വിദേശ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നിയമപരമായ രീതിയില്‍ രാജ്യത് പ്രവേശിച്ചവരോ, പണിയെടുക്കുന്നവരോ, തുടരുന്നവരോ അല്ല.  അതായത് സൗദി തൊഴില്‍ നിയമപ്രകാരം തൊഴിലാളി എന്നതിന്റെ നിര്‍വചനമായ  ‘’ഒരു ഒരു തൊഴിലുടമക്ക് കീഴില്‍ വേതനം പറ്റി അയാള്‍ക്ക്‌ വേണ്ടി തൊഴിലെടുത്ത് കൊള്ളാമെന്ന ഉറപ്പില്‍’’ വരുന്നവരല്ല. മറിച്ചു ‘ഫ്രീവിസ’ എന്ന കെണിയില്‍ കുടുങ്ങി പ്രവാസ ജീവിതം മുന്നോട്ടു നീക്കുന്നവരാണ്. അവര്‍ വിസക്കച്ചവടത്തിന്റെ ഭാഗമായോ, മനുഷ്യക്കടത്തിന്റെ ഭാഗമായോ, അനന്തര ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തി ചേരുന്നവരാണ്. 

തൊണ്ണൂറു ശതമാനം പേരും ഇടനിലക്കാരില്‍ നിന്നാണ് ഇത്തരം വിസകള്‍ സ്വന്തമാക്കുന്നത്, അതും വന്‍വില കൊടുത്ത്. നിലവിലുള്ള കണക്കനുസരിച്ച് സൗദിയിലെ മൊത്തം വിദേശ തൊഴിലാളികളില്‍ 27% ഫ്രീ വിസക്കാരാണ്. ഓടിപ്പോയി എന്നാരോപിച്ച് ‘ഹുറൂബ്‌’ ആക്കപ്പെടുന്നവരില്‍ 90% പേരും ഫ്രീ വിസക്കാര്‍ തന്നെ.

യഥാര്‍ത്ഥത്തില്‍ ഫ്രീവിസ എന്ന ഒരു വിസ നിയമപ്രകാരം നിലവിലില്ല. എല്ലാ വിസകളും സൗദി അറേബ്യയിലെ പൌരന്മാര്‍ക്കും നിയമപരമായി വിദേശ നിക്ഷേപക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും തങ്ങളുടെ സ്ഥാപനങ്ങളും കമ്പനികളും നടത്തി കൊണ്ട് പോകുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളില്‍ നിന്നും ആവശ്യമായ തൊഴിലാളികളെ കൊണ്ട് വരുന്നതിനായി മന്ത്രാലയത്തില്‍ നിന്നും നല്കപ്പെടുട്ന്നതാണ്. ഓരോ വിസയും ഓരോ തൊഴിലുടമയുടെ പേരില്‍ നല്‍കുന്നതാണ്. അവ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടുള്ളതല്ല.

എന്നാല്‍ ചില സ്വദേശികള്‍ ഇത് ഒരു അവസരമായി കണ്ടു തങ്ങള്‍ക്കു വിസ ആവശ്യമുണ്ടെന്നു മന്ത്രാലയത്തെ ധരിപ്പിച്ചു വിസ നേടിയെടുക്കുകയും അവ ഇടനിലക്കാര്‍ വഴി ഏഷ്യന്‍ രാജ്യങ്ങളിലും മറ്റും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഈ ഇടനിലക്കാര്‍ അവരുടെ ലാഭം കൂടി അതിന്മേല്‍ ചുമത്തി വന്‍ വിലക്ക് അത് വിറ്റഴിക്കുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതില്‍ മലയാളി പ്രവാസികളും വന്‍തോതില്‍ മുന്നിലുണ്ട് എന്ന് പറയാതെ വയ്യ. അവര്‍ പല പ്രലോഭനങ്ങളും നല്കി പാവപ്പെട്ട ഗള്‍ഫ്‌ മോഹികള്‍ക്ക് അവ വിറ്റഴിക്കുന്നു.

ഇത്തരത്തില്‍ വിസ നേടിയെടുക്കുന്ന തൊഴിലുടമകളുടെ പക്കല്‍ പ്രസ്തുത വിസയില്‍ തൊഴിലാളികള്‍ സൌദിയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് നല്‍കാനായി തങ്ങളുടെ കീഴില്‍ ജോലി ഉണ്ടാവില്ല. അത്തരം അവസ്ഥയില്‍ പ്രസ്തുത തൊഴിലാളിയെ പ്രതിമാസം ഒരു തുക നല്‍കണമെന്ന വ്യവസ്ഥയില്‍ ജോലി തേടി പുറത്തു പോകാന്‍ അനുവദിക്കുന്നു. അങ്ങിനെ ഇവിടെ എത്തുന്നവര്‍ പ്രതിമാസ വേതനം നല്‍കി പുറത്തു പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. (ഇതില്‍ ഭൂരിഭാഗം പേരും സ്വന്തം സ്പോന്സരെ നേരിട്ട് കാണുകയോ ആശയ വിനിമയം നടത്തുകയോ ചെയ്തിട്ടുണ്ടാവില്ല. ഇഖാമ പുതുക്കല്‍, വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കല്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ മുഴുവന്‍ ഇടപാടുകളും ഇടനിലക്കാരിലൂടെ ആയിരിക്കും. ഇത് ചൂഷണത്തിന്റെ മറ്റൊരു മുഖം).

ഇത്തരത്തില്‍ ജോലി അന്വേഷിക്കുന്നവര്‍ കിട്ടുന്ന എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം വിസയുടെ ബാധ്യത, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ വലക്കുന്നുണ്ടാവും. അതിനാല്‍ കിട്ടുന്ന ജോലി സ്വീകരിക്കുന്നു. അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആവശ്യപ്പെടാതെ നിശബ്ദരായി പണിയെടുക്കുന്നു. ചുരുങ്ങിയ പക്ഷം മറ്റൊരു നല്ല ജോലി ലഭിക്കുന്നത് വരെ ഒരു ഇടത്താവളമായി എങ്കിലും.

ഇങ്ങിനെ ഫ്രീവിസയില്‍ വരുന്നവരെ ജോലിക്ക് വെക്കുന്നതിനു തൊഴിലുടമകള്‍ക്കും (അല്ലെങ്കില്‍ സ്വദേശികളുടെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികള്‍ക്കും) വളരെ താല്‍പ്പര്യമാണ്. കാരണം ഇത്തരക്കാര്‍ അധികവും വരുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നാണ്.കുറഞ്ഞ വിലക്ക് കിട്ടുന്ന ഇവരെ വെച്ച് പണിയെടുപ്പിക്കുകയാണ് തൊഴിലുടമകള്‍ ചെയ്യുന്നത്.

തൊഴിലുടമകളെ  സംബന്ധിച്ചിടത്തോളം ഇവരുടെ ‘കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും കുറഞ്ഞ ചിലവും’ ആണ് കൂടുതല്‍ ആകര്‍ഷകം. മാത്രമല്ല സ്വദേശി ജോലിക്കാരെ ശരിയായ രീതിയില്‍ അടക്കി നിര്‍ത്തി ജോലിയെടുപ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്നവര്‍ ഭയപ്പെടുമ്പോള്‍ പറയുന്ന ഏതു ജോലിയും തര്‍ക്കങ്ങളോ മുറുമുറുപ്പോ ഇല്ലാതെ ചെയ്യാന്‍ ഇത്തരം ജോലിക്കാര്‍ തയ്യാറാവുന്നു. മാത്രമല്ല ഇത്തരം തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങളോ സേവനനന്തര അവകാശങ്ങള്‍ പോലുള്ള മറ്റു ആനുകൂല്യങ്ങളോ നല്‍കുകയും വേണ്ട.

ഇത്തരത്തില്‍ ജോലി ചെയ്യുന്നവരാണ് ചെറുകിട മേഖലയിടെ ഭൂരിഭാഗം മലയാളികളും. ചിലര്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ല.ചിലര്‍ ബോധാവാന്മാരാനെന്കില്‍ തന്നെയും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാരണം ഇത്തരം ജോലികള്‍ ചെയ്യുന്നത് തന്നെ സൗദി തൊഴില്‍ നിയമപ്രകാരം പ്രകാരം നിയമ വിരുദ്ധമാണ്.

ഫ്രീ വിസയില്‍ വന്നിറങ്ങുന്നവര്‍, അവര്‍ ഇവിടെ ഇറങ്ങുന്ന നിമിഷം മുതല്‍ തന്നെ സൗദി തൊഴില്‍ നിയമപ്രകാരം  അവര്‍ അറിയാതെ നിയമ ലംഘനം തുടങ്ങുകയാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 39 പ്രകാരം ഒരു തൊഴിലാളി അയാളുടെ സ്പോണ്‍സറുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കുന്നത് നിയമ വിരുദ്ധമാണ്. ഈ വകുപ്പ് പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ തന്റെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ അനുവദിക്കുകയോ, ഒരു തൊഴിലാളി തന്റെയല്ലാത്ത ഒരു തൊഴിലുടമക്ക് വേണ്ടി പണിയെടുക്കുകയോ, ഒരു തൊഴിലുടമ മറ്റു തൊഴിലുടമകളുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള തൊഴിലാളികളെ തനിക്ക് വേണ്ടി പണിയെടുപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഈ കുറ്റത്തിന് വകുപ്പ്  233  പ്രകാരം തൊഴിലുടമകള്‍ക്ക് 5000 റിയാല്‍ മുതല്‍  20000  റിയാല്‍ വരെ പിഴ ചുമത്താം.

അനധികൃതമായി തൊഴിലെടുപ്പിക്കുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ചു മേല്‍ പറഞ്ഞ പിഴ സംഖ്യയുടെ ഗുണിതങ്ങളായിരിക്കും ശിക്ഷ. പിടിക്കപ്പെടുന്ന തൊഴിലാളിയെ നാട് കടത്തുകയും ചെയ്യും.(പിടിക്കപ്പെടുമ്പോള്‍  നിയമം അറിയില്ല എന്ന വാദമുഖം ഉയര്‍ത്താന്‍ സാധിക്കില്ല. കാരണം തൊഴിലാളിയും തൊഴിലുടമയും സൗദി തൊഴില്‍ നിയമത്തിലെ ഉള്ളടക്കവും നിയമങ്ങളും അറിഞ്ഞിരിക്കണമെന്നും, സൗദി തൊഴില്‍ നിയമപ്രകാരമുള്ള അവകാശങ്ങളും കടമകളും മനസ്സിലാക്കണമെന്നും വകുപ്പ്‌ 12 പ്രത്യേകം പറയുന്നു.)

(ഇപ്പോള്‍ സൗദി അറേബ്യയില്‍ സാധാരണയായി ഒരു സ്പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ പണിയെടുപ്പിക്കുന്നത് രണ്ടു തൊഴിലുടമകളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആണ്. ഇതില്‍ ആവശ്യമായ നിബന്ധനകള്‍ എഴുതി ചേര്‍ത്ത് രണ്ടു തൊഴിലുടമകളും ഒപ്പ് വെക്കുകയും സ്റ്റാമ്പ്‌ പതിപ്പിക്കുകയും ചെയ്യുന്നു.ഇതൊരു ആധികാരിക രേഖയായി കണക്കിലെടുത്താണ് ആരാംകോയും (ARAMCO) സാബിക്കും (SABIC) പോലുള്ള വന്‍കിട കമ്പനികള്‍ പോലും ഇത്തരം തൊഴിലാളികള്‍ക്ക് അവരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നതിനാവശ്യമായ ID  കാര്‍ഡുകള്‍ നല്‍കുന്നത്. ചെറുകിട കമ്പനികളും സ്വകാര്യ മേഖലകളിലും ഈ രീതി അവലംബിക്കുന്നു. ഇടനിലക്കാരായി തൊഴിലാളികളെ വിതരണം ചെയ്യുന്ന വന്‍കിട/ചെറുകിട കോണ്ട്രാക്റ്റിംഗ് കമ്പനികളും പിന്തുടരുന്നത് ഈ പാത തന്നെ. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ പരിശോധനകളില്‍ ചില തൊഴിലാളികള്‍ പിടിക്കപ്പെടാറുണ്ട്.)  

അത് പോലെ മറ്റൊരു ഗുരുതരമായ പ്രശ്നം ഫ്രീ വിസക്കാരില്‍ 99 % പേര്‍ക്കും തൊഴില്‍ കരാറില്ല എന്നതാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 37  പ്രകാരം സൗദി പൌരനല്ലാത്ത ഒരു തൊഴിലാളിയുമായി ഒരു നിശ്ചിത കാലത്തേക്ക് എഴുതപ്പെട്ട കരാര്‍ ഉണ്ടായിരിക്കണം. കരാര്‍ ഒപ്പ് വെച്ചില്ലെങ്കില്‍ സ്പോന്സരുടെ പക്കല്‍ നിന്നും സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 231  പ്രകാരം 2000 – 5000  റിയാല്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഇവിടെ വരെ അത് തൊഴിലാളിയെ നേരിട്ട് ബാധിക്കുന്നില്ല. എന്നാല്‍ ഈ നിയമം പാലിക്കാതിരിക്കുന്നത് തൊഴിലാളിക്ക് ഭാവിയില്‍ ദോഷം വരുത്തുന്നു.

അതായത് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 51 പ്രകാരം,  തൊഴില്‍ കരാറിന്റെ ഓരോ കോപ്പികള്‍ തൊഴിലുടമയും തൊഴിലാളിയും കൈവശം വെക്കണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട് എങ്കിലും എഴുതപ്പെട്ട ഒരു തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍ തന്നെയും ഒരു തൊഴില്‍ കരാര്‍ ഉണ്ട് എന്ന് അനുമാനിക്കപ്പെടാവുന്നതാണ് എന്ന് പറയുന്നു എന്ന് ഈ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഈ വകുപ്പ് തന്നെ അടുത്തതായി പറയുന്നത് അത്തരത്തിലുള്ള ഒരു തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍ തൊഴിലാളിയുടെ അവകാശങ്ങളെക്കുറിച്ച് തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ അത് വ്യക്തമായ തെളിവുകളുടെ അല്ലെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കേണ്ടത് തൊഴിലാളിയുടെ മാത്രം ബാധ്യത ആണ് എന്നാണു.

ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും തെളിയിക്കേണ്ട ബാധ്യത, അതും പൂര്‍ണ്ണമായ തെളിവുകളോട് കൂടി തെളിയിക്കേണ്ട ബാധ്യത തൊഴിലാളിക്കായി മാറുന്നു അത് കൊണ്ട് തന്നെ ഫ്രീവിസയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗം പേര്‍ക്കും അത് തെളിയിക്കാനാവുന്നില്ല.  (ഈ നിയമ വകുപ്പ് അറിയാവുന്നത് കൊണ്ടാണ് തൊഴില്‍ തര്‍ക്കങ്ങളണ്ടാവുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹമായ ആനുകൂല്യം കൊടുക്കാന്‍ സ്പോണ്സര്‍മാര്‍ മടി കാണിക്കുന്നതും അവസാനം ആനുകൂല്യങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ട് സ്വന്തം കയ്യില്‍ നിന്ന് വിമാന ടിക്കെറ്റ്‌ എടുത്തു നാട്ടിലെക്ക് പോകേണ്ടി വരുന്നതും.)

അതിനാല്‍ തന്നെ ഇത്തരത്തില്‍ നിയമ വിരുദ്ധമായി ഫ്രീവിസയില്‍ ജോലിയെടുക്കുന്ന മലയാളിക്ക്  സൗദി തൊഴില്‍ നിയമം വക വെച്ച് തരുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്ത്താനോ അവ നിഷേധിക്കപ്പെടുന്ന പക്ഷം അധികാര കേന്ദ്രങ്ങളെ സമീപിച്ചു അവ നേടിയെടുക്കാനോ സാധിക്കുന്നില്ല. തുച്ഛമായ ശമ്പളത്തിന് വേണ്ടി അറവു മാടുകളെപ്പോലെ പന്ത്രണ്ടും പതിനാലും മണിക്കൂറുകള്‍ ജോലിയെടുത്തു അര്‍ഹമായ ശമ്പളം വാങ്ങുന്നതിനോ അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാണോ അവനു സാധിക്കുന്നില്ല. ചെറുകിട മേഖലകളില്‍ മലയാളി ദുരിതപര്‍വ്വത്തിനു  പ്രധാന കാരണം ഇത് തന്നെയാണ്.

കൂടാതെ ഫ്രീ വിസയില്‍ പണിയെടുക്കുന്നവര്‍ക്കെതിരെ നിരത്തുന്ന മറ്റു പ്രധാന വാദങ്ങള്‍ വന്‍തോതില്‍ പണം അനധികൃത മാര്‍ഗങ്ങളിലൂടെയും മറ്റും സമ്പാദിക്കുകയും രാജ്യത്തിന് പുറത്തേക്കു കടത്തുകയും ചെയ്യുന്നു എന്നാണു.ഇത്രയും തുക അനധികൃതമായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്നത്‌ സൗദി അറേബ്യയുടെ സാമ്പത്തിക ശോഷണത്തിന് വഴി വെക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ അനധികൃത വിസാ കച്ചവടങ്ങള്ക്കും ബിനാമി ബിസിനെസ്സുകള്ക്കും അറുതി വരുത്തുന്നതിനും രാജ്യത്തെ തൊഴില്‍  കുഴപ്പങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി ഫ്രീ വിസക്കാരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തൊഴില്‍ മന്ത്രാലയം കരുതുന്നു. .

പിന്‍കുറിപ്പ്‌ – പക്ഷെ എത്ര തന്നെ നിയമം കര്‍ശനമാക്കിയാലും മുഴുവന്‍ ഫ്രീവിസക്കാരെയും ഒറ്റയടിക്ക് രാജ്യത്തിന് പുറത്താക്കുന്നത് പ്രായോഗികമല്ല. കാരണം ഇവര്‍ക്ക് പകരം പണിയെടുക്കുന്നതിനു ആവശ്യമായ തൊഴില്‍ സേനയെ കണ്ടെത്തേണ്ടതുണ്ട്. ഫ്രീവിസക്കാരെ പോലെ കുറഞ്ഞ വേതനത്തിന് കൂടുതല്‍ പണിയെടുക്കാന്‍ സ്വദേശി യുവാക്കള്‍ ഒരിക്കലും തയ്യാറാവില്ല. മാത്രമല്ല നിലവില്‍ ഫ്രീവിസക്കാര്‍ ചെയ്യുന്ന പല ജോലികളും മധ്യനിലവാരതിലോ താഴ്ന്നനിലവാരതിലോ ഉള്ള ജോലികളാണ്. ഇവ ചെയ്യുന്നതിനു വിമുഖത പ്രകടിപ്പിക്കുന്ന സ്വദേശി തൊഴില്‍ സേനയാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ പുറത്താക്കപ്പെടുന്ന ഫ്രീവിസക്കാര്‍ക്ക് പകരം മതിയായ ആനുപാതതിലുള്ള തൊഴിലാളികളെ ലഭ്യമാകുന്ന അവസരത്തില്‍ മാത്രമേ കടുത്ത നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. അത് വരെ ഒറ്റയും  തെറ്റയുമായുള്ള പരിശോധനകളിലൂടെയും മറ്റും കുറച്ചു പേരെ പുറത്താക്കിയെന്ന് വരാം. അതില്‍ പെടുന്ന നിര്‍ഭാഗ്യവാന്മാര്‍ പുറത്തു പോകേണ്ടിയും വരും. എന്നാല്‍ സമയമെടുത്താലും ഭാവിയില്‍ ഫ്രീവിസ എന്ന അനധികൃത സംവിധാനത്തിന് അറുതി വരുത്തുകയും ചെയ്യും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അധികൃതര്‍.

 

Permanent link to this article: http://pravasicorner.com/?p=2346

Copy Protected by Chetan's WP-Copyprotect.