«

»

Print this Post

സൗദി അറേബ്യയില്‍ എങ്ങിനെ ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാം?

st

 

സൗദി അറേബ്യയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസന്‍സ്‌. സൗദി അറേബ്യയില്‍ സ്ഥിരമായി നില്ക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ ആണെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കുകയാണ് നല്ലത്.കുടുംബമായി താമസിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. കാരണം ഇവിടുത്തെ പൊതു ഗതാഗത സംവിധാനം ആളുകളുടെ ആളുകളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വികസിതമല്ല.

സൗദി അറേബ്യന്‍ പൊതുഗതാഗത സംവിധാനമായ ‘SAPTCO’ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും ആളുകള്‍ അതിനെ ആശ്രയിക്കുന്നത് ദീര്‍ഘദൂര യാത്രക്ക് വേണ്ടിയാണ്. ദൈനം ദിന ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം വാഹനമില്ലാത്തവര്‍ ആശ്രയിക്കുന്നത് അംഗീകൃത ലിമോസിന്‍ സര്‍വീസുകളെയും കൂടാതെ സ്വദേശികള്‍ ഓടിക്കുന്ന അനധികൃത ടാക്സി സര്‍വീസുകളെയുമാണ്. അധാര്‍മിക പെരുമാറ്റങ്ങളും പിടിച്ചു പറിയും ഇത്തരം അനധികൃത ടാക്സികളിലെ നിത്യ സംഭവമാണ്.

സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രവാസിയായാലും സൗദി പൌരനായാലും ഇവിടുത്തെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിനു മുന്‍പ്  നിര്‍ബന്ധമായും ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കേണ്ടതാണ്. 18 വയസ്സ് തികഞ്ഞാല്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സിനു വേണ്ടി അപേക്ഷിക്കാം. ഈ ലൈസന്‍സ്‌ പ്രകാരം മൂന്നര ടണ്ണിനു മുകളില്‍ ഭാരം വരാത്ത വാഹനങ്ങള്‍ ഈ ലൈസന്‍സ്‌ ഉപയോഗിച്ച് ഓടിക്കാം.  

ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടിയുള്ള അപേക്ഷകര്‍ രണ്ടു തരത്തിലുള്ള ടെസ്റ്റുകള്‍ വിജയിക്കേണ്ടതുണ്ട്. വാഹനം ഓടിച്ചു കൊണ്ടുള്ള ഒരു  പ്രാക്ടിക്കല്‍ ടെസ്റ്റും, 20  മള്‍ട്ടിപ്പിള്‍ ചോയ്സ്‌ ചോദ്യങ്ങള്‍ അടങ്ങുന്ന കമ്പ്യൂട്ടര്‍ ടെസ്റ്റും. ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുന്നതിനു വേണ്ടി ഈ രണ്ടു ടെസ്റ്റിലും വിജയിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനായി ആവശ്യമായ പരിശീലനം ആവശ്യമുള്ളവര്‍ക്ക് ഓരോ സ്ഥലത്തും ഇതിനായി പ്രത്യേകം നിര്‍ദേശിക്കപ്പെട്ട ഡ്രൈവിംഗ് സ്കൂളുകളില്‍ പരിശീലനം തേടാവുന്നതാണ്.     

എന്നാല്‍ Driving License എടുക്കാന്‍ ഡ്രൈവിംഗ് സ്കൂളില്‍ നിര്‍ബന്ധമായും പോകണം എന്നില്ല. അത് ഓരോ വ്യക്തിക്കും സ്വയം തീരുമാനിക്കാവുന്ന കാര്യമാണ്. പക്ഷെ ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്നവര്‍ ഡ്രൈവിംഗ് സ്കൂളില്‍ പോകുന്നത് നല്ലതാണ്. തുടക്കക്കാര്‍ക്ക് വേണ്ടിയുള്ള ഈ Driving Training Qualification Course ന്റെ ലക്‌ഷ്യം ഡ്രൈവറുടെ തിയററ്റിക്കല്‍ ആയ അറിവ് വര്‍ധിപ്പിക്കുക പ്രാക്ടിക്കല്‍ ആയി ഡ്രൈവിംഗ് വൈദഗ്ദ്യം വര്‍ധിപ്പിക്കുക, ഗതാഗത നിയമങ്ങളെക്കുറിച്ചും അറിയുക, ഗതാഗത നിയമത്തെ സംബന്ധിച്ചുള്ള ബോര്‍ഡുകളും മുന്നറിയിപ്പുകളും വായിക്കുന്നതിനു പ്രാപ്തരാക്കുക, അടിയന്തിര സാഹചര്യങ്ങളെ അങ്ങിനെ മനസ്സാന്നിധ്യതോടുകൂടി നേരിടണമെന്ന പരിശീലനം നല്‍കുക എല്ലാത്തിലുമുപരി സുരക്ഷിതമായും മനസ്സാന്നിധ്യതോടെയും വാഹനങ്ങള്‍ ഓടിക്കുക എന്നതാണ്.  (ഡ്രൈവിംഗ് സ്കൂളുകളില്‍ പോകാതെ നേരിട്ട് ടെസ്റ്റില്‍ പങ്കെടുക്കാന്‍ വരുന്ന പ്രവാസികളില്‍ പലരും തോല്പ്പിക്കപ്പെടുന്നതായും പറയപ്പെടുന്നു.)

ഡ്രൈവിംഗ് ടെസ്റ്റിനുള്ള ആദ്യത്തെ തയ്യാറെടുപ്പ് അതിനായുള്ള അപേക്ഷകളും രേഖകളും തയ്യാറാക്കുക എന്നതാണ്. അതിനായി താഴെപ്പറയുന്ന രേഖകളാണ് തയ്യാറാക്കി വേണ്ടത്.   

  • ഇഖാമ കോപ്പി
  • പാസ്പോര്‍ട്ട്‌ കോപ്പി
  • നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ്‌ ഉണ്ടെങ്കില്‍ അത്
  • നാട്ടിലെ ലൈസന്‍സിന്റെ അറബിക് ട്രാന്‍സ്ലേഷന്‍
  • പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍   4 എണ്ണം
  • മെഡിക്കല്‍ റിപ്പോര്‍ട്ട് (രക്ത ഗ്രൂപ്പിന്റെയും നേത്ര പരിശോധനയുടേയും)
  • ലൈസന്‍സ്‌ ഫീസ്‌ രസീതി               

ആദ്യം Driving License നുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. അത് ഡ്രൈവിംഗ് സ്കൂളുകളില്‍ നിന്നോ അതിന്റെ പരിസരത്തുള്ള ജനറല്‍ സര്‍വീസ്‌ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കും. അതില്‍നിര്‍ദിഷ്ട സ്ഥലത്ത് ഫോട്ടോ പതിപ്പിക്കുക.  സ്പോന്സരില്‍ നിന്നോ കമ്പനിയില്‍ നിന്നോ അറബിയിലുള്ള ഒരു introduction Letter  വാങ്ങുക. അത് ചേംബര്‍ ഓഫ് കൊമേഴ്സില്‍ അറ്റസ്റ്റ്‌ ചെയ്യേണ്ടി വരും. നാല് പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോ, ഇഖാമ കോപ്പി, നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ ഉണ്ടെങ്കില്‍ അതിന്റെ അറബിക് ട്രാന്‍സ്ലേഷന്‍ എന്നിവ അറ്റാച്ച് ചെയ്തു ഒരു ഫയല്‍ ഉണ്ടാക്കുക. അതുമായി പോലീസ്‌ സ്റേഷനില്‍ പോകുക. ഫോം അവിടെ നല്‍കുമ്പോള്‍ അതില്‍ അവര്‍ സീല്‍ വെച്ച് നല്‍കും. ആ ഫോമുമായി ഹോസ്പിറ്റലില്‍ പോയി നേത്ര പരിശോദന (Vision Test), രക്ത പരിശോദന എന്നിവ നടത്തുക.            

നേത്ര പരിശോധന വളരെ നിര്‍ബന്ധമായ ഒന്നാണ്. അപേക്ഷകന്റെ കാഴ്ച ശക്തി (Visual Ability)  വ്യക്തമായി മനസ്സിലാക്കുന്നതിനുള്ള ഒരു ടെസ്റ്റ്‌ ആണിത്. അതിനു വേണ്ടി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ ഈ പരിശോധന നടത്താം. വിവിധ വലിപ്പത്തിലുള്ള അക്ഷരങ്ങളും മറ്റും ഒരു നിശ്ചിത അകലത്തില്‍ നിന്നും വായിച്ചെടുക്കുന്നതാണ് ഇതിലെ പ്രാഥമിക പരിശോധന. അതില്‍ പരാജയപ്പെട്ടാല്‍ പിന്നീടുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ആദ്യമായി ലൈസന്‍സിനു അപേക്ഷിക്കുന്നവരും നിലവിലുള്ള ലൈസന്‍സ്‌ കൂടാതെ മറ്റൊരു വിഭാഗത്തിലുള്ള ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കാന്‍ ആഗ്രഹിക്കുന്നവരും നേത്ര പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അതിനു ശേഷം ബ്ലഡ്‌ ഗ്രൂപ്പ്‌ നിര്‍ണ്ണയിക്കുന്നതിനുള്ള ടെസ്റ്റ്‌ നടത്തുക. ആ ഫോമില്‍ പരിശോധനാ ഫലം ആശുപത്രിയില്‍ നിന്ന് തന്നെ എഴ്തുന്നതാണ്. മെഡിക്കല്‍ ടെസ്റ്റ്‌ കഴിഞ്ഞാല്‍ ആ ഫോം വീണ്ടും പോലീസില്‍ കൊടുക്കുക. അവിടെ നിന്നും അനുമതി ലഭിച്ചാല്‍ അതുമായി ഡ്രൈവിംഗ് സ്കൂളില്‍ പോയി നിശ്ചിത ഫീസും (SR.435)  ഇഖാമ കോപ്പിയും നല്‍കി ഡ്രൈവിംഗ് സ്കൂളില്‍ ചേരാം.      

ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നതിനു ശേഷം ആറു മാസത്തിനുള്ളില്‍ തന്നെ ടെസ്റ്റില്‍ പങ്കെടുത്തിരിക്കണം. ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു പ്രാപ്തനായി എന്ന് തോന്നിയാല്‍ സ്കൂളുകാര്‍ അവിടെ നിന്നും ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു ഒപ്പ് വെച്ച ഫോം തരും. അതുമായി ഡ്രൈവിംഗ് ടെസ്റ്റിനു പങ്കെടുക്കാം. ചില സ്ഥലങ്ങളില്‍ ആദ്യം പ്രാക്ടിക്കല്‍ ടെസ്റ്റും പിന്നീട് കമ്പ്യൂട്ടര്‍ ടെസ്റ്റും മറ്റു ചില സ്ഥലങ്ങളില്‍ തിരിച്ചും നടത്താറുണ്ട്.

പ്രാക്ടിക്കല്‍ ടെസ്റ്റ്‌ നടത്തുന്നത് നിങ്ങളുടെ സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ്. പ്രത്യേകം തയ്യാറാക്കിയ ഒരു ട്രാക്കില്‍ ആയിരിക്കും ഈ ടെസ്റ്റ്‌ നടത്തുന്നത്. ഈ ടെസ്റ്റില്‍ പ്രസ്തുത വാഹനത്തില്‍ നിങ്ങളോടൊപ്പം ഒരു ഓഫീസര്‍ കൂടി ഉണ്ടാവും. അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാഹനം ഓടിക്കുക.                          

പ്രാക്റ്റിക്കല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു മുന്‍പ് താഴെ പറയുന്ന കാര്യങ്ങളില്‍ പ്രാഥമികമായ അറിവു ഉണ്ടായിരിക്കുന്നത് നന്ന്.                                                      

  • ട്രാഫിക്‌ സിഗ്നലുകളെക്കുറിച്ചുള്ള അറിവ്.
  • വാഹനത്തിന്റെ റിയര്‍ വ്യൂ മിറര്‍ ഉപയോഗിക്കാന്‍ അറിയുക
  • വാഹനത്തിന്റെ എന്‍ജിന്‍ ഓഫാവാതെ മുന്നോട്ടെടുക്കുന്നത്    
  • ഹാന്‍ഡ്‌ ബ്രേക്കും, ഫുട്ട് ബ്രേക്കും എന്നിവയുടെ കൃത്യമായ ഉപയോഗം.  
  • ആക്സില വേറെറ്ററിന്റെ കൃത്യമായ ഉപയോഗം
  • വാഹനത്തിന്റെ സ്റ്റിയരിംഗ് വീല്‍ ഉപയോഗം

ടെസ്റ്റ്‌ തുടങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനത്തില്‍ കയറിയിരിക്കുമ്പോള്‍ വാഹനം സ്റ്റാര്‍ട്ട് ആക്കുന്നതിന് മുന്‍പ് തന്നെ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക എന്നതാണ്. (ഇത് ചെയ്യാത്തത് കൊണ്ട് ടെസ്റ്റ്‌ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പലരും ടെസ്റ്റില്‍ പരാജിതരാവാറുണ്ട്). ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളോട് വാഹനം മുന്പോട്ടെടുക്കാന്‍ ആവശ്യപ്പെടും. വാഹനത്തില്‍ കയറിയ ഉടന്‍ സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കി, റിയര്‍ വ്യൂ മിററുകള്‍ നിങ്ങളുടെ കാഴ്ച്ചക്കനുസരിച്ചു അഡ്ജസ്റ്റ്‌ ചെയ്തതിനു ശേഷം ഹാന്‍ഡ്‌ ബ്രേക്ക് റിലീസ്‌ ചെയ്തു ഒന്നാമത്തെ ഗിയറില്‍ ഇട്ടു ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരം വാഹനം മുന്നോട്ടെടുക്കുക.

അതിനിടയില്‍ ഗിയറുകള്‍ മാറ്റല്‍, ഇന്‍ഡിക്കേറ്റര്‍ ഉപയോഗം, ബ്രെക്കിന്റെയും ആക്സിലരേറ്ററിന്റെയും കൃത്യമായ ഉപയോഗം, വലത്തോട്ടും ഇടത്തോട്ടും വാഹനം തിരിക്കല്‍, സിഗ്നലില്‍ വാഹനം നിര്‍ത്തല്‍, ട്രാഫിക്‌ സിഗ്നലിന്റെയും സൈന്‍ ബോര്‍ഡുകളുടെയും അനുസരിക്കുന്നത്, U-Turn തുടങ്ങിയവയില്‍ നിങ്ങളുടെ വൈദഗ്ദ്യം ബന്ധപ്പെട്ട ഓഫീസര്‍ നിരീക്ഷിക്കുന്നുണ്ടാവും. 

അവസാനത്തെ ‘റിവേഴ്സ് പാര്‍ക്കിംഗ്’ ആണ് പ്രധാനപ്പെട്ട കടമ്പ. പ്രാക്റ്റിക്കല്‍ ടെസ്റ്റില്‍ അധികമാളുകളും പരാജയപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ‘റിവേഴ്സ് പാര്‍ക്കിങ്ങിനു’ അതിനു വേണ്ടി വലതു ഭാഗത്തെ ഇന്‍ഡിക്കേറ്റര്‍ ഇട്ടു വാഹനം സാവധാനതിലാക്കി ഗ്രൗണ്ടില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ചതുരത്തില്‍ റിവേഴ്സ് എടുത്തു കൃത്യമായി കയറ്റി പാര്‍ക്ക്‌ ചെയ്യണം. നാല് ടയറുകളും കൃത്യമായി അതിനകത്ത് വരേണ്ടതുണ്ട്. അതില്‍ വിജയിച്ചാല്‍ ആദ്യത്തെ കടമ്പ കഴിഞ്ഞു എന്ന് പറയാം. പാര്‍ക്കിംഗ് സ്ലോട്ടില്‍ വാഹനം കയറി കഴിഞ്ഞാല്‍ ഡബില്‍ സിഗ്നല്‍ ഇട്ടു വാഹനം നിര്‍ത്തി വാഹനത്തിന്റെ ഗിയര്‍ ന്യൂട്രല്‍ ഗിയരിലാക്കി ഹാന്‍ഡ്‌ ബ്രേക്ക് ഇട്ടു സീറ്റ്‌ ബെല്‍റ്റ്‌ റിലീസ്‌ ചെയ്തു വേണം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍.                                  

അതിനു ശേഷം കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ ഉണ്ടാവും. ഈ ടെസ്റ്റിന്റെ ഉദ്യേശം ട്രാഫിക്‌ നിയമങ്ങള്, റോഡുകളിലെ ട്രാഫിക്‌ ബോര്‍ഡുകള്,യാത്രാസുരക്ഷിതത്വത്തെ കുറിച്ചുള്ള അപേക്ഷകന്റെ അറിവ് എന്നിവ അളക്കുക എന്നതാണ്. മുപ്പതു മിനുട്ട് നീളുന്ന ഈ ടെസ്റ്റില്‍ നിങ്ങള്ക്ക് തരുന്ന കമ്പ്യൂട്ടറില്‍ ഇരുപതു മള്‍ട്ടിപ്പിള്‍ ചോയ്സ്‌ ചോദ്യങ്ങള്‍ ഉണ്ടാവും. അറബി ഭാഷയില്‍ കൂടാതെ ഹിന്ദി, ഇന്ഗ്ലീഷ്‌, ഉര്‍ദു തുടങ്ങിയ ഭാഷകളോ തിരഞ്ഞെടുക്കാം. ടച്ച് സ്ക്രീന്‍ മോഡലില്‍ ഉള്ള കമ്പ്യൂട്ടര്‍ ആയിരിക്കും മിക്കവാറും ലഭിക്കുക. നിര്‍ദേശങ്ങള്‍  കൃത്യമായി കേള്‍ക്കുന്നതിനു ഹെഡ്‌ ഫോണും നല്‍കിയിരിക്കും.

80% ആണ് വിജയത്തിന്റെ അടിസ്ഥാന മാര്‍ക്ക്. അതില്‍ ആദ്യത്തെ പത്തു ചോദ്യങ്ങള്‍ക്ക്  നിര്‍ബന്ധമായി ഉത്തരം രേഖപ്പെടുത്തണം. അതില്‍ ഏതെന്കിലും ഒന്ന് തെറ്റിയാല്‍ നിങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെടുകയും നിങ്ങള്ക്ക് തന്ന കമ്പ്യൂട്ടര്‍ ഓട്ടോമാറ്റിക്‌ ആയി ലോക്ക് ആവുകയും ചെയ്യും. ആദ്യത്തെ പത്തു ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കിയാല്‍ ബാക്കിയുള്ള പത്തു ചോദ്യങ്ങളില്‍ അഞ്ചു ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാലും മതി. അത് ശരിയായാല്‍ റിസള്‍ട്ട് അപ്പോള്‍ തന്നെ പുറത്തു വരും. അതിനു ശേഷം അവിടെ നിന്ന് നിങ്ങള്ക്ക് ആവശ്യമായ പേപ്പറുകള്‍ അടങ്ങിയ ഫയല്‍ തരും                                         

പിന്നീട് ബാങ്കില്‍ പോയി പണമടക്കുക.അഞ്ചു വര്ഷം കാലാവധിയുള്ള ലൈസന്‍സിനു 200 റിയാലും പത്തു വര്ഷം കാലാവധിയുള്ള ലൈസന്‍സിനു 400 രൂപയുമാണ് അടക്കേണ്ടത്. പണമടച്ച ശേഷം ആ രസീതി കൂടി അതിന്മേല്‍ അറ്റാച്ച് ചെയ്തു ലൈസന്‍സ്‌ ഇഷ്യൂ ചെയ്യുന്ന കൌണ്ടറില്‍ കൊടുക്കുക. മിക്കവാറും ആ ദിവസം തന്നെ ലഭിക്കും ചിലപ്പോള്‍ ഒരു ആഴ്ചയോളം താമസം വരാവുന്നതാണ്.               

 

Permanent link to this article: http://pravasicorner.com/?p=2353

Copy Protected by Chetan's WP-Copyprotect.