സദാചാര പോലീസുകാര്ക്കെതിരെ ഗുണ്ടാ നിയമവും….കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം…..

കേരളത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സദാചാര പോലീസുകാരുടെ വിളയാട്ടങ്ങള്‍ക്ക് അറുതി വരുന്നു. സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുത്തു സമാന്തര നിയമവാഴ്ച നടത്തുന്നവരെ ഗുണ്ടാ നിയമ പ്രകാരം അകത്താക്കാനുള്ള പോലീസ്‌ മേധാവിയുടെ സര്‍ക്കുലറും പുറത്തിറങ്ങി. ഈവര്‍ഷം ഇതുവരെ സദാചാര പോലീസ്‌ ചമഞ്ഞു നിയമം കയ്യിലെടുത്ത സ്വഭാവമുള്ള 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍  വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ പലയിടത്തും പൌരന്‍മാര്‍ക്ക്  ഭരണഘടന നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന വിധത്തില്‍ ‘സ്വയം പ്രഖ്യാപിത സദാചാര സൂക്ഷിപ്പുകാര്‍’ മുന്നോട്ടു വരികയും സദാചാരത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ തുനിയുകയും ചെയ്യുന്നു.

നിലവിലുള്ള നിയമം കുറ്റകൃത്യം ആണെന്ന് നിര്‍വചിക്കാത്ത യാതൊന്നും കുറ്റകൃത്യമാണെന്ന് സ്വയം നിര്‍വചിച്ചു നിയമം കയ്യിലെടുത്തു കയ്യേറ്റങ്ങള്‍ ചെയ്യാന്‍ പാടില്ല. ഒരു പൗരന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം സംഘം ചേര്‍ന്ന് തടയുന്നത് നിയമവിരുദ്ധമാണ്.  ഒറ്റക്കോ സംഘം ചേര്‍ന്നോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു പൌരന്റെ മൌലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു സര്‍ക്കുലര്‍ പറയുന്നു. അത്തരം പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റകൃത്യങ്ങളായി കാണും.

സര്‍ക്കുലര്‍ നമ്പര്‍ 27/2012  ആയി ഇറങ്ങിയ ഈ ഉത്തരവ് പ്രകാരം ഇത്തരം സംഭവങ്ങള്‍ നടന്നുവെന്ന അറിവ് ലഭിച്ച ഉടനെ പോലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങണം. പോലീസിനു സ്വമേധയാ വേണമെങ്കിലും കേസേടുക്കാവുന്നതാണ്. വധശ്രമം, കൊള്ള,പരിക്കേല്പ്പിക്കല്‍, കയ്യേറ്റം, പിടിച്ചു പറി, അനുവാദമില്ലതെയുള്ള അതിക്രമിച്ചു കടക്കല്‍ എന്ന വകുപ്പുകള്‍ ആവശ്യമെന്കില്‍ ചേര്‍ത്ത് വേണം കേസെടുക്കാന്‍. തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. കുറ്റവാളികളെ ഉടനെ അറസ്റ്റ്‌ ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം. അവ്വശ്യമായ സന്ദര്‍ഭങ്ങളില്‍ ഗുണ്ടാ നിയമ പ്രകാരമുള്ള (Kerala Anti Social Activities (Prevention)  Act 2007) നടപടികളും എടുക്കാം. കൃത്യവും കര്‍ശനവും ആയ നടപടികളിലൂടെ പോലീസ്‌ സമൂഹത്തിലെ ഈ ദുഷപ്രവണതയെ ഇല്ലാതാക്കണം എന്നും സര്‍ക്കുലറില്‍ ഉണ്ട്.

ആരോപിക്കപ്പെടുന്ന കുറ്റം ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമോ മറ്റേതെങ്കിലും ക്രിമിനല്‍ നിയമപ്രകാരമോ ഉള്ള ഒരു കുറ്റം ആണോ എന്നത് പരിശോധിച്ച്, ആണെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നും ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേസെടുക്കരുത് എന്ന് സര്‍ക്കുലര്‍ പോലീസുകാര്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു.

കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ ഒരു സംഘം ആളുകളുടെ മര്‍ദനത്തിലും കല്ലേറിലും പരുക്കേറ്റു ചികിത്സയിലായിരുന്ന ചെറുവാടി പുള്ളിക്കത്തറ ഷഹീദ് ബാവ മരിച്ചതോടെയാണ് സദാചാര പോലീസിനെതിരെയുള്ള ജനവികാരം ഉയര്‍ന്നു തുടങ്ങിയത്. കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടിലേക്ക് ഷഹീദ് ബാവ ഇടയ്ക്ക് വരുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു സദാചാര പോലീസ് സംഘം ആക്രമണം നടത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും രണ്ട് പോലീസുകാരും എത്തിയെങ്കിലും യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അക്രമികള്‍ സമ്മതിച്ചില്ല. പിന്നീട് കൂടുതല്‍ ബന്ധുക്കളും എസ്.ഐ അടക്കമുള്ള പോലീസുകാരും എത്തിയ ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

മൂന്നു മാസം മുന്‍പ് കാസര്‍കോട് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ബന്തടുക്ക മാണിമൂലയിലെ സിറാജിനെയും സഹോദരിയേയും സദാചാര പോലീസ് സംഘം മറ്റൊരു വാഹനത്തില്‍ പിന്തുടരുകയും ഓട്ടോതടഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഉദുമയിലെ ഭര്‍തൃഗൃഹത്തിലായിരുന്ന സഹോദരിയെ സുഖമില്ലാത്തതിനെ തുടര്‍ന്ന് സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി സുഹൃത്തിന്റെ ഓട്ടോയില്‍ വീട്ടിലെത്തിയതായിരുന്നു സിറാജ്. തങ്ങള്‍ സഹോദരങ്ങളാണെന്ന് സിറാജും യുവതിയും അറിയിച്ചെങ്കിലും ഇത് വിശ്വാസത്തിലെടുക്കാതെ ഇവര്‍ ഭീഷണി തുടരുകയും പരസ്യ വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിനു പുറമെ സിറാജിന്റെയും സഹോദരിയുടെയും ഫോട്ടോകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ സംഘം സ്ഥലംവിടുകയാണുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുതിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു കണ്ണൂര്‍ കമ്പില്‍ ടൗണില്‍ വെച്ചാണ് ഒഞ്ചിയത്തെ നൗഷാദിനും, ഭാര്യ കട്ടക്കില്‍ സ്വദേശി അഫ്‌സത്തിനും മര്‍ദ്ദനമേറ്റത്.  ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിച്ച് വെയിറ്റിങ് ഷെഡില്‍ നിര്‍ത്തിയ ശേഷം തൊട്ടടുത്ത എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ പോയതായിരുന്നു നൗഷാദ്. നൗഷാദ് ഫോണ്‍ ചെയ്യുന്നതും, തൊട്ടപ്പുറത്തുള്ള അഫ്‌സത്ത് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതും കണ്ട നാല്‍വര്‍ സംഘം ഇരുവരെയും ചോദ്യം ചെയ്യെുകയായിരുന്നു. ‘കണ്ടാല്‍ മുസ്ലിമാണെന്ന് പറയില്ല’ എന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യല്‍. അഫ്‌സത്തിന്റെ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ ശ്രമിച്ചത് തടഞ്ഞതിന് ഇവര്‍ നൗഷാദിനെ ആക്രമിക്കുകയായിരുന്നു.തടയാന്‍ ചെന്ന അഫ്‌സത്തിനെയും സദാചാരക്കാര്‍ വെറുതെ വിട്ടില്ല. എന്നാല്‍ പിന്നീട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഫ്‌സത്തും, നൗഷാദും നല്‍കിയ പരാതിയില്‍ മയ്യില്‍ പോലീസ് മാനഭംഗ ശ്രമത്തിനും, വധശ്രമത്തിനും കേസെടുതിരുന്നു.

കായംകുളത്ത് താലൂക്കാശുപത്രിയുടെ പിറകിൽ വെച്ചായിരുന്നു ‘ഒരു പെൺകുട്ടിയെ നോക്കിയോ’ എന്നു ചോദിച്ചായിരുന്നു സദാചാര പോലീസ് ചമഞ്ഞ് നൂറനാട് പണയില്‍ നസ്രത്ത് ഭവനം വിജിത്‌വിന്‍സെന്റിനെ രണ്ടു പേര്‍ ചേര്‍ന്ന് മർദ്ദിച്ചതു. മര്‍ദനരംഗങ്ങള്‍ ഇന്റര്‍നെറ്റിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചതോടെ സംഭവം വിവാദമായി. മര്‍ദനം ഏറ്റ യുവാവിന്റെ പരാതി ലഭിച്ചില്ലെങ്കിലും ഇന്റര്‍നെറ്റ്ലൂടെ പ്രചരിച്ച മൊബൈൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് സ്വമേധയാ കേസെടുതത്.

സമൂഹത്തില്‍ സദാചാരം കാത്തുസൂക്ഷിക്കേണ്ടത്  ആവശ്യമാണ്. കുറെയൊക്കെ മറ്റുള്ളവരെ പേടിച്ചു തന്റെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നവരും ഉണ്ടാകാം. ആ അര്‍ത്ഥത്തില്‍ നാട്ടുകാരുടെ സദാചാര നിരീക്ഷണം ഒരു പരിധി വരെ നല്ലതാണ്. പക്ഷേ അത് പരിധി വിട്ടു ക്രൂര മര്‍ദ്ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വഴി മാറുമ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Copy Protected by Chetan's WP-Copyprotect.