«

»

Print this Post

യു.എ.ഇയില്‍ ലിമിറ്റെഡ് തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തൊഴിലാളിയെ പിരിച്ചു വിട്ടാല്‍ ?

 

യു.എ.ഇയില്‍ തൊഴില്‍ നിയമപ്രകാരം രണ്ടു തരത്തിലുള്ള തൊഴില്‍ കരാറാണുള്ളത്. ഒരു നിശ്ചിത  കാലത്തേക്കുള്ള ലിമിറ്റഡ്‌ തൊഴില്‍ കരാറും നിശ്ചിത കാലാവധിയില്ലാത്ത അണ്‍ലിമിറ്റഡ്‌ തൊഴില്‍ കരാറും. യു.എ.ഏ തൊഴില്‍ നിയമത്തിലെ 38, 39 എന്നീ വകുപ്പുകളാണ് ലിമിറ്റഡ്‌ കരാറിനെയും അണ്‍ലിമിറ്റഡ്‌ കരാറിനെയും നിര്‍വചിക്കുന്നത്. ഇതില്‍ ലിമിറ്റെഡ് കരാറിന്റെ കാലപരിധി നാല് വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. അണ്‍ലിമിറ്റഡ്‌ തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറയാനും പാടില്ല. കരാറിന്റെ സ്വഭാവം എന്ത് തന്നെയാണെങ്കിലും അതില്‍ തൊഴില്‍ കരാര്‍ തുടങ്ങുന്ന ദിവസവും, തൊഴിലാളിയുടെ പ്രതിഫലവും, ജോലിയുടെ സ്വഭാവവും, സ്ഥലവുമെല്ലാം കാണിച്ചിരിക്കണം. പൊതുവേ രണ്ടു തൊഴില്‍ കരാറിന്റെയും രീതികളെല്ലാം ഒരു പോലെയാണെങ്കിലും അതില്‍ സാരമായ വ്യത്യാസം ഉണ്ടാവുന്നത് പ്രസ്തുത തൊഴില്‍ കരാറുകള്‍ അവസാനിപ്പിക്കുന്ന സമയത്താണ്. കരാറിലെ രണ്ടു കക്ഷികളും സമ്മതിച്ചു അവസാനിപ്പിക്കുന്ന കരാര്‍ അല്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുന്ന ആള്‍ മറു കക്ഷിക്ക് നിയമം അനുശാസിക്കുന്ന രീതിയിലുള്ള മുന്‍ കൂര്‍ നോട്ടീസ് നല്‍കണം.

പരസ്പര സമ്മതപ്രകാരമല്ലെങ്കില്‍ ഒരു ലിമിറ്റഡ്‌ കോണ്ട്രാക്റ്റ് അതിന്റെ കാലാവധിക്ക് ശേഷം മാത്രമേ ഒരു തൊഴിലുടമക്ക് അവസാനിപ്പിക്കാന്‍ സാധിക്കൂ. അതിനു മുന്‍പ് കരാര്‍ അവസാനിപ്പിക്കണം എന്നുണ്ടെങ്കില്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 120 അനുശാസിക്കുന്ന പ്രകാരമുള്ള (നോട്ടീസ് പോലും നല്‍കാതെ തൊഴിലാളിയെ പിരിച്ചു വിടാന്‍ തൊഴിലുടമക്ക്‌ അനുവാദം നല്‍കുന്ന പത്തു കാരണങ്ങളില്‍) എന്തെങ്കിലും പ്രവര്‍ത്തി തൊഴിലാളിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കണം. ഇതില്‍ പറയാത്ത എന്തെങ്കിലും കാരണം കൊണ്ടാണ് ഒരു തൊഴിലുടമ ഒരു ലിമിറ്റെഡ് കോണ്ട്രാക്റ്റ് അവസാനിപ്പിക്കുന്നതെങ്കില്‍ അത് തൊഴിലുടമയുടെ ഭാഗത്ത്‌ നിന്നുള്ള ഒരു സ്വയം ഇഷ്ടപ്രകാരമുള്ള കരാര്‍ അവസാനിപ്പിക്കലായി കണക്കാക്കപ്പെടും. ഇത്തരം അവസരങ്ങളില്‍ തൊഴിലുടമ തൊഴിലാളിക്ക് മൂന്നു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ അല്ലെങ്കില്‍ ബാക്കിയുള്ള കരാര്‍ കാലാവധിയുടെയോ തുകയോ  ഏതാണോ കുറവ് ആ തുക നഷ്ടപരിഹാരമായി തൊഴിലാളിക്ക് നല്‍കണം.

 

Permanent link to this article: http://pravasicorner.com/?p=2702

Copy Protected by Chetans WP-Copyprotect.