«

»

Print this Post

ഇത് സൗദിയിലെ ഒരു ബംഗാളി പ്രവാസി ജീവിതം

 

 

കാര്‍ കഴുകലിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ മുന്‍കൂട്ടി പറഞ്ഞത് പോലെ തന്നെ അയാള്‍ എന്റെ അരികിലേക്ക് വന്നു കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. ആ പ്രവാസിയുടെ ദുരിത  ജീവിതം ഒപ്പിയെടുക്കാന്‍ മുന്നില്‍ വെച്ച എന്റെ വോയിസ്‌ റെക്കോര്‍ഡര്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഏ.സി യുടെ തണുപ്പില്‍ കുറച്ചു നേരം ഇരുന്നു. അല്‍പ്പ സമയത്തെ നിശബ്തതക്ക് ശേഷം വാക്കുകള്‍ പുറത്തു വന്നു തുടങ്ങി……..

‘എന്റെ പേര് അബുല്‍ഹസ്സന്‍. സ്വദേശം ബംഗ്ളാദേശിലെ ധാക്ക. സൗദിയില്‍ വന്നിട്ട് 5 വര്‍ഷമായി. ബലദിയയുടെ കോണ്ട്രാക്റ്റ് കിട്ടിയ കമ്പനിയില്‍ റോഡ്‌ ക്ളീനിംഗ് ആയിരുന്നു ജോലി. രാവിലെ 6 മണി മുതല്‍ 2 മണി വരെ. ശമ്പളം 400 റിയാല്‍. 8 പേര്‍ താമസിക്കുന്ന മുറിയില്‍ താമസിക്കാനുള്ള സൗകര്യവും പച്ചക്കറി കൊണ്ട് പോകുന്ന വണ്ടിയില്‍ ഗതാഗത സൌകര്യവും കമ്പനി തരും.

നാട്ടില്‍ നിന്നും കൊണ്ട് വരുമ്പോള്‍ ഇങ്ങിനെയൊന്നുമായിരുന്നില്ല വാഗ്ദാനങ്ങള്‍. ജോലി ഹോസ്പിറ്റല്‍ ക്ളീനിംഗ്, 1000 റിയാല്‍ ശമ്പളം, താമസം, ഭക്ഷണം, ഗതാഗതം എന്നിവ സൗജന്യം. ഓവര്‍ടൈം ഇടക്കിടെ. കമ്പനി നല്‍കുന്ന താമസ സ്ഥലത്ത് സെന്‍ട്രലൈസ്ട് ഏ.സി ആയതിനാല്‍ ആ തണുപ്പ് കാലത്ത് പുതപ്പ് പുതക്കാതെ ഒരാഴ്ച കിടന്നു പരിശീലിക്കാനുള്ള ഉപദേശം കൂടി തന്നു ഏജന്റ്. കമ്പനി നല്‍കാന്‍ പോകുന്ന ഭക്ഷണം ഉയര്‍ന്ന പോഷക മൂല്യമുവും കലോറിയുമുള്ളതായതിനാല്‍ ദഹനക്കേട് പിടിപെടാതിരിക്കാന്‍ ഇവിടേക്ക് വരുന്നത് വരെ മാംസഭക്ഷണം കഴിച്ചു പരിശീലിക്കാനുള്ള ഉപദേശം അയാളുടെ  കൂട്ടാളിയുടെ വക.

ഇപ്പോള്‍ ബഹു സുഖമാണ്. ഇഖാമയില്ല, തൊഴില്‍ കാര്‍ഡും. കമ്പനിയിലെ ജോലിയും പോയി. എന്നാലും പിടിക്കുന്നത്‌ വരെ പുറത്തു ജോലി എടുത്തോളാനാണ് സൂപ്പര്‍വൈസറുടെ ഉപദേശം. അതിനയാള്‍ക്ക് മാസം 200 റിയാല്‍ കൊടുക്കണം. പിടിച്ചാല്‍  സൗദി മുദീറിനോട്‌ ഇക്കാര്യം പറയരുത് പോലും. കമ്പനിയുടെ ഒരു രേഖയിലും എന്റെ പേരില്ല. ഹുറൂബ്‌ ആണ് എന്ന് തോന്നുന്നു. എന്തെങ്കിലും ആവട്ടെ. അതൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഭ്രാന്തെടുക്കും.

തിരിച്ചു നാട്ടില്‍ ചെന്നാല്‍ പഴയ റിക്ഷാപ്പണി എടുക്കാം. പക്ഷെ ഗള്‍ഫുകാരിയായി 5വര്‍ഷം ജീവിച്ചു പരിചയമായതിനാല്‍ റിക്ഷാക്കാരനാകാന്‍ തിരിച്ചു വന്നാല്‍ പിന്നെ ജീവനോടെ കാണില്ലെന്ന് ഭാര്യ. ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ സൂപ്പര്‍വൈസസര്‍ ആണെന്നാണെത്രേ അവള്‍ അയല്‍ക്കാരോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ നല്ല തിരക്കാണ്. പുലര്‍ച്ചെ മിസിരിയുടെ ട്രക്ക്‌ വന്നാല്‍ ലോഡിറക്കാന്‍ സഹായിക്കും. അയാള്‍ 10 റിയാല്‍ തരും. എത്ര ലോഡിറക്കിയാലും അതാണ്‌ കൂലി. കൂടുതലില്ല. കൂടുതല്‍ ചോദിച്ചാല്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും എന്ന് പറയും. അയാള്‍ക്കറിയാം ഞാന്‍ ഹുറൂബാണെന്ന്. ഒരിക്കല്‍ വണ്ടിക്കുള്ളില്‍ വച്ചിട്ടുള്ള ചൂരല്‍ കൊണ്ട് ഒരടിയും തന്നു.

അതു കഴിഞ്ഞാല്‍ അടുത്ത ജോലിക്ക് ഓടണം. 10 മുതല്‍ 3 വരെയാണ് ജോലി സമയം. കുറച്ചകലെയുള്ള ഒഴിഞ്ഞ സ്ഥലത്താണ് വര്‍ക്ക്‌ സൈറ്റ്‌. ചെറിയ ഒരു വര്‍ക്ക്ഷോപ്പ്. വെല്‍ഡിംഗ് ആണ് ജോലി. ദോഷം പറയരുതല്ലോ, 600 റിയാല്‍ കൂലി കിട്ടും അത് കൃത്യമായി തരും. പക്ഷെ ലീവെടുക്കുന്നത് മാത്രം അയാള്‍ക്കിഷ്ടമല്ല. ഒരു ദിവസം ലീവെടുത്താല്‍ മൂന്നു ദിവസത്തെ ശമ്പളം കുറക്കും. ഇഖാമ ഇല്ലാത്ത ആളാണ്‌ ഞാനെന്നു മുതലാളിക്കറിയില്ല. ഇഖാമ ചോദിച്ചില്ല, ഞാന്‍ കൊടുത്തുമില്ല. പണി ചെയ്തു കാണിച്ചു കൊടുത്തു. തുടക്കത്തില്‍ പണി അധികം ഇഷ്ടമായില്ലെന്കിലും ശമ്പളം 600 എന്നത് ഞാന്‍ സമ്മതിച്ചപ്പോള്‍ ജോലിയും തന്നു. 

5 മുതല്‍ രാത്രി 12  വരെ കുറച്ചു ബിസിയാണ്. കോഫീ ഷോപ്പിനു മുന്നില്‍ കാറ് കഴുകല്‍. വലിയ അറബികള്‍ അവിടെ ഇറ്റാലിയന്‍ കോഫീ കുടിക്കാന്‍ വരും. വലിയ അറബിയോക്കെയാണെന്കിലും ദാരിദ്രവാസികളാണ്. എത്ര കഴുകിയാലും തൃപ്തിയാവുകയുമില്ല.

5 ബക്കറ്റിനുടമയാണ് ഞാന്‍. അതിന്റെ ഗമയും കുറച്ചുണ്ട്. ആ 5 ബക്കറ്റുകളും സമീപത്തുള്ള പരിചയമുള്ള 5 കടകളുടെ ഏ.സി യുടെ വെള്ളം ഇറ്റു വീഴുന്ന പൈപ്പിനടിയില്‍ രാവിലെ തന്നെ കൊണ്ട് ചെന്ന് വെക്കും. വൈകുന്നേരം ജോലി തുടങ്ങുമ്പോഴേക്കും ബക്കറ്റുകള്‍ നിറഞ്ഞിട്ടുണ്ടാവും. അതാണ്‌ മൂലധനം.

പകുതി ബക്കറ്റ്‌ വെള്ളം കൊണ്ട് ഒരു കാറ് കഴുകി ഒപ്പിക്കും. അതിനു വേണ്ടി അല്‍-മറായിയുടെ പാല്‍ കുപ്പിയില്‍  ആണി കൊണ്ട് ദ്വാരങ്ങളുണ്ടാക്കി വെള്ളം തെറിപ്പിച്ചാണ് കഴുകുക. ചിലര്‍ വൃത്തിയായില്ല എന്ന് വാശി പിടിച്ചാല്‍ മുക്കാല്‍ ബക്കറ്റ് വെള്ളം ചിലവാകും. എങ്കിലും ഒരു കാറ് കഴുകിയാല്‍ 5 മുതല്‍ 10 റിയാല്‍ വരെ കിട്ടും. സ്ഥിരക്കാരാണെങ്കില്‍ 5 റിയാല്‍.

പക്ഷെ ശല്യക്കാര്‍ ‘വലദ്‌’കളാണ്’. തല തെറിച്ച സൗദി കുട്ടികള്‍. ചില ദിവസങ്ങളില്‍ വൈകീട്ട് ബക്കറ്റിലെ വെള്ളം എടുക്കാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ വെള്ളം ചെരിച്ചു കളഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ പൊട്ടിച്ചു കളയും. അന്ന് ഒരു ജോലിയും നടക്കില്ല. ടയറു കട നടത്തുന്ന യെമനിക്ക് ദയ തോന്നി രണ്ടു ബക്കറ്റ് വെള്ളം തന്നാലായി. പക്ഷെ അതിനു അവന്റെ കാര്‍ സൗജന്യമായി കഴുകി കൊടുക്കണം. ദോഷം പറയരുതല്ലോ, അതിനുള്ള വെള്ളം അവന്‍ വേറെ തരും.

ഇപ്പോള്‍ ചെറിയ തലവേദന ഉണ്ട്. ഒരാഴ്ച മുന്‍പ് ഒരു സൗദി തന്ന സമ്മാനമാണ്. തല കറങ്ങുന്ന ഒരടി. അതും വലത്തേ ചെകിടത്ത്. അവന്റെ കാറിന്റെ ഉള്‍ഭാഗത്തെ ഗ്ലാസ് വൃത്തിയാക്കാന്‍ സീറ്റിലിരുന്നപ്പോള്‍ സിഗരറ്റിന്റെ പെട്ടിയിലായിപ്പോയി. അത് ചതഞ്ഞു പോയത്രേ. അതിനാണ് അടി. കഴുകിയ പൈസയും തന്നില്ല. ഹറാമി. മുഖത്തടിക്കരുതെന്നു ഖുറാനും പ്രവാചകനും പറയുന്നുടെന്കിലും ഇവന്മാരില്‍ നിന്നും എനിക്ക് കിട്ടിയ അടികള്‍ മുഴുവന്‍ മുഖത്താണ്. ഒന്നൊഴികെ. അന്ന് കിട്ടിയത്  പുറത്തായിരുന്നു. കാരണം ആ കെളവന്റെ കയ്യില്‍ ഊന്നു വടി ഉണ്ടായിരുന്നു.

ഇന്ന് മെസ്സില്‍ നിന്ന് ഭക്ഷണമില്ല. ഈ മാസം മുഴുവനും ഉണ്ടാവില്ല. സാന്‍ഡ്-വിച്ചും പെപ്സി പോലെയുള്ള സൗദി കോളയും കഴിക്കും. ഈ മാസം ഭാര്യയുടെ അനിയത്തിയുടെ കല്യാണത്തിന് മാല വാങ്ങാന്‍ പൈസ വേണമെന്ന് ആദ്യമേ അവള്‍ അറിയിച്ചിരുന്നു. കിട്ടിയ കാശ് തികയാത്തതു കൊണ്ട്  വെല്‍ഡിംഗ് മുതലാളിയില്‍ നിന്ന് 200 റിയാല്‍ അഡ്വാന്‍സും വാങ്ങിയാണ് അയച്ചു കൊടുത്തത്. അതിനാല്‍ മെസ്സില്‍ പൈസ കൊടുത്തില്ല, ഭക്ഷണവുമില്ല. സൗദി കോള കുടിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. അത് കുടിച്ചാല്‍ വയറു നിറയും. കൂടുതലൊന്നും കഴിക്കേണ്ട. പെപ്സിക്ക് ഒന്നര റിയാലാണ്. സൗദി കോളക്ക് ഒരു റിയാലേയുള്ളൂ.

ഇനി അധികം നാളില്ല. പരിശോധനകള്‍ കര്‍ശനമാണ്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. പോലീസും ജവാസാത്തും വരുമ്പോള്‍ ഓടി ഒളിക്കും. പള്ളിയുടെ പുറകില്‍ സ്ഥിരം സ്ഥലമുണ്ട്. അവിടേക്ക് അധികമാരും വരാറില്ല. കുറച്ചു കഴിഞ്ഞാല്‍ അവര്‍ പോകും. പിന്നെയെല്ലാം പഴയ പടി.

ഇന്ഷാ അല്ലാഹ്, അടുത്ത വര്‍ഷം പിടുത്തം കൊടുക്കണം. അതിനു മുന്‍പ്

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

തര്‍ഹീലില്‍ കിടക്കേണ്ട കാലത്തേക്ക് ഭാര്യക്ക് അയക്കേണ്ട പണം ഉണ്ടാക്കണം. അതിനു വേണ്ടി പണം കൂട്ടി വെക്കണം. തര്‍ഹീലില്‍ ഭക്ഷണം വിളമ്പി കൊടുക്കുക, ബാത്ത് റൂം കഴുകുക എന്നിവയ്ക്ക് ചെറിയ ശമ്പളമൊക്കെ ലഭിക്കും എന്ന് കേട്ടിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ അത് ലഭിക്കും. എത്ര നാള്‍ തര്‍ഹീലില്‍ കിടക്കേണ്ടി വരും എന്നറിയില്ല. എത്ര നാളായാലും അവളെ അറിയിക്കാന്‍ പറ്റില്ലല്ലോ. ട്രെയിനിങ്ങിനു പോകും എന്ന് അവളോട്‌ പറയും. അവിടെ മരുഭൂമിയായതിനാല്‍ ഫോണ്‍,ഇന്റര്‍നെറ്റ്‌ എന്നിവ ഉണ്ടാവില്ലെന്ന് പറയാം. കയറ്റി വിടുന്നതിന്റെ തലേ ദിവസം വിളിച്ചു പറഞ്ഞാല്‍ മതി. നാട്ടിലെത്തിയാല്‍ ഭാര്യയെ സാവധാനം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. എന്നെക്കാളേറെ പണത്തിനോടാണ് സ്നേഹം എന്നതിനാല്‍ എന്ത് സംഭവിക്കും എന്നറിയില്ല. എന്ത് സംഭവിച്ചാലും വേണ്ടില്ല, ഇനി സഹിക്കാന്‍ വയ്യ.”

അത്ഭുതത്തോട് കൂടി ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കിയിരുന്ന എനിക്ക് മനസ്സിലാവാതിരുന്ന ഒരു കാര്യം, അയാളില്‍ നിന്ന് ഒരിക്കല്‍ പോലും ഒരു തുള്ളി കണ്ണീര്‍, വികാരപരമായ ഒരു വാക്ക് എന്നിവ പുറത്തു വന്നില്ല എന്നതാണ്. എന്റെ ആ ചോദ്യത്തിന് അബുല്‍ഹസ്സന്‍റെ ഉത്തരം വളരെ ലളിതമായിരുന്നു. ’കണ്ണീരിന്റെ സമുദ്രത്തില്‍ ആയിരുന്നു ആദ്യ നാളുകള്‍. ഇപ്പോള്‍ മനസ്സിലായി കണ്ണീരായാലും ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത്. എനിക്കറിയാം ഏ.സിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തിന്റെ വില’’.

അധികം കേട്ടിട്ടില്ലാത്ത പച്ചയായ വാക്കുകള്‍ കേട്ട് പകച്ചിരുന്ന എന്റെ മുഖത്തേക്ക് പോലും നോക്കാതെ കാറില്‍ നിന്നിറങ്ങി അയാള്‍ നടന്നു, അടുത്ത ജോലിയുടെ ഭാഗമാകാന്‍……….   

 

Permanent link to this article: http://pravasicorner.com/?p=2840

Copy Protected by Chetan's WP-Copyprotect.