«

»

Print this Post

ഷാജി വയനാട്‌: ആമുഖം വേണ്ടതില്ലാത്ത ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍

 

shaji

ഷാജി വയനാട്‌

 

ഷാജി വയനാട്‌. ആമുഖം വേണ്ടതില്ലാത്ത ദമാമിലെ (സൗദി അറേബ്യ) പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍.വയനാട്‌ ആറാട്ടുതറ തെക്കേ കണ്ടി കുഞ്ഞാലിയുടെയും ആയിഷയുടെയും മകന്‍.സൗദിയിലെത്തിയിട്ട് 17 വര്‍ഷം കഴിഞ്ഞു. ഏഴു വര്‍ഷത്തോളമായി സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ്. കേരള റിലീഫ്‌ വിങ്ങിന്റെ സംഘടനാ പ്രവര്ത്തനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും നടത്തിയിരുന്ന ഷാജി പിന്നീട് ഒരു നിയോഗം പോലെ സജീവ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ കാലഘട്ടത്തില്‍ പല കാര്യങ്ങള്‍ക്കുമായി അധികാര കേന്ദ്രങ്ങളെ  സമീപിക്കുമ്പോള്‍ പോലീസ്‌, ജവാസാത്,തര്‍ഹീല്‍ തുടങ്ങിയവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ പോലും പേടിയായിരുന്നുവെന്നു ഷാജി പറയുന്നു. പക്ഷെ അടുത്തറിഞ്ഞപ്പോള്‍ പലരില്‍ നിന്നും കേട്ട കാര്യങ്ങള്‍ അതിശയോക്തിപരമായിരുന്നുവെന്നു തിരിച്ചറിഞ്ഞു.നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥന്മാരേക്കാള്‍ വളരെ നന്നായി സഹായിക്കുന്നവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം പറയുന്നു.

ഇതില്‍ ദമ്മാം ഷിമാലിയ പോലീസ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അഹമ്മദ്‌ ഗാംദിയുടെ സന്മനസ്സ് അദ്ദേഹം എടുത്തു പറയുന്നു. ഇദ്ദേഹത്തിന്റെ സഹായങ്ങള്‍ തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് വലിയ തോതില്‍ സഹായകമാവുന്നുണ്ട്. മൃതദേഹങ്ങളുടെ പോലീസ്‌ ക്ലിയറന്‍സ്‌ നല്‍കുന്നത് ഇദ്ദേഹത്തിന്റെ വകുപ്പാണ്. ഇദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന സഹകരണം കൊണ്ട് നിരവധി പേരുടെ മൃതദേഹങ്ങള്‍ വലിയ നിയമക്കുരുക്കുകളില്ലാതെ കബറടക്കാന്‍ സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു.

നിയമ സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എംബസ്സിയുടെ അനുമതി പത്രത്തോട് കൂടി മാത്രമേ സഹായങ്ങള്‍ ചെയ്യാറുള്ളൂ. ഹുരൂബിന്റെ ഇരകളും മറ്റു തൊഴില്‍ കുഴപ്പങ്ങളില്‍ പെട്ട് ഉഴലുന്നവരുമായ പ്രവാസികളാണ് തന്റെ അടുക്കല്‍ സഹായം ആവശ്യപ്പെട്ടു സമീപിക്കുന്ന പ്രവാസികളില്‍ അധികമെന്ന് അദ്ദേഹം പറയുന്നു. സൗദിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം മറവു ചെയ്യാനും നാട്ടിലേക്ക് കയറ്റി അയക്കാനും, മാരക രോഗങ്ങളില്‍ പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായം നല്‍കി വരുന്നു. കൂടാതെ തര്‍ഹീല്‍, പോലിസ് സ്റേഷന്‍, ഇമാറ, സര്‍ക്കാര്‍ ഹോസ്പിറ്റല്‍, എന്നിവടങ്ങളില്‍ പ്രശ്നങ്ങള്‍ ഉള്ള പ്രവാസികള്‍ക്കും സഹായമെത്തിക്കുന്നു.  

നിരപരാധികള്‍ കേസില്‍ കുടുങ്ങുമ്പോള്‍ സഹായത്തിനു ഓടി എത്താറുണ്ട് എന്ന് പറയുന്ന ഷാജി രാജ്യത്തു അറിഞ്ഞു കൊണ്ട് നിയമലംഘനം നടത്തുന്നവര്‍ക്ക് യാതൊരു സഹായവും നല്‍കില്ല എന്ന് തുറന്നു പറയുന്നു. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് തന്നെ നേരില്‍ സമീപിക്കാമെന്നും പ്രതിഫലം ആവശ്യമില്ലെന്നും  ദൈവപ്രീതി മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജി വ്യക്തമാക്കുന്നു. രാവിലെ 8.30മുതല്‍ ഉച്ചക്ക് 3.00 വരെയും വൈകിട്ട 6 മുതല്‍ 10.30 വരെയും 00966561152528, 0561152528 എന്നീ നമ്പരുകളില്‍ തന്നെ ബന്ധപ്പെടാവുന്നതാണെന്നും ഷാജി പറയുന്നു.

ദാമ്മാമില്‍ കുടുംബത്തോടൊപ്പമാണ് ഷാജി താമസിക്കുന്നത്. ഭാര്യ സുല്‍ഫത്ത്, മക്കള്‍ നഹല, ഹിബ, മര്‍വ്വ, സല്‍വ.

 

Permanent link to this article: http://pravasicorner.com/?p=2946

Copy Protected by Chetan's WP-Copyprotect.