«

»

Print this Post

സൗദി തൊഴില്‍ നിയമം:ലീവ് സാലറി ESB അല്ല – അറിവില്ലായ്മ മൂലം പണം നഷ്ടപ്പെടുന്ന മറ്റൊരു വഴി

 

 

നിരവധി പ്രവാസികള്‍ അവര്‍ക്ക് വാര്‍ഷിക അവധിയില്‍ പോകുമ്പോള്‍ ലഭിച്ചിരുന്ന ലീവ് സാലറിയെ (Annual Leave Salary or Vacation Salary) ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നു. ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുള്ളത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ്. 

ലീവ് സാലറിയും ഇ.എസ്.ബിയും രണ്ടാണ്. ലീവ് സാലറി വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്നതും ഇ.എസ്.ബി സൌദിയിലെ ഒരു തൊഴിലുടമയുടെ കീഴിലെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും ആണ്.

സൌദിയിലെ ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 109 അയാള്‍ക്ക്‌ 5 വര്‍ഷം വരെ വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക ലീവും ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ 5 വര്‍ഷത്തിനു ശേഷം ഓരോ വര്‍ഷവും 30 ദിവസത്തെ വാര്‍ഷിക ലീവും അനുവദിച്ചു തരുന്നുണ്ട്. 

ഇത് നിര്‍ബന്ധമായും മുന്‍കൂര്‍ ശമ്പളത്തോടു കൂടി അനുവദിച്ചു നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റം തെളിഞ്ഞാല്‍ തൊഴിലുടമയില്‍ നിന്നും അധികൃതര്‍ക്ക്‌ രണ്ടായിരത്തില്‍ കുറയാതെയും അയ്യായിരത്തില്‍ കൂടാതെയുമുള്ള സംഖ്യ പിഴയായി ഈടാക്കാം.

ഈ വാര്‍ഷിക അവധി തൊഴിലുടമയുടെ സമ്മതത്തോടു കൂടി അടുത്ത വര്‍ഷത്തേക്ക് മാറ്റി ഒരുമിച്ചെടുക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ അവധിക്കു പോകുമ്പോള്‍ ലഭിക്കുന്ന ഈ സംഖ്യയെ ആണ് പല പ്രവാസികളും ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നത്.

ലീവ് സാലറി എന്നാല്‍ വര്‍ഷം തോറും ലഭിക്കുന്ന വകുപ്പ് 109 അനുസരിച്ചുള്ള ‘അവധി ആനുകൂല്യവും’, ഇ.എസ്.ബി എന്നാല്‍ പ്രസ്തുത തൊഴിലുടമയുടെ കീഴിലുള്ള തൊഴില്‍ അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന വകുപ്പ് 84 പ്രകാരവുമുള്ള ‘മുഴുവന്‍ സര്‍വീസ്‌ ആനുകൂല്യവും’ ആണ്. ഇത് രണ്ടും തമ്മില്‍ ആശയകുഴപ്പത്തിലാവരുത്.

ഈ ആനുകൂല്യങ്ങള്‍ക്കെല്ലാം വലിയ വില കൊടുക്കേണ്ടി വന്നവരും മുന്‍കാല പ്രവാസികളുടെ ഇടയിലുണ്ടാവും.ഇവ കൊടുക്കാതിരിക്കാനായി തൊഴിലാളി ഓടിപ്പോയി എന്ന വ്യാജ പരാതി നല്‍കി ഹുറൂബ്‌ ആക്കിയതിനാല്‍ തര്‍ഹീലിലൂടെ നാട് പറ്റിയ പ്രവാസികളും ഉണ്ട്. അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

അതേ സമയം, ലീവ് സാലറിയെ മുഴുവന്‍ ആനുകൂല്യമായി കണ്ടു അത് കൈപ്പറ്റി റീ-എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി തിരിച്ചു വരാതെ സ്പോന്സറെ പറ്റിച്ചു എന്ന് കരുതിയിരിക്കുന്നവര്‍ ഓര്‍ക്കുക, നിങ്ങള്‍ നിങ്ങളെ തന്നെയാണ് പറ്റിച്ചത്. നിങ്ങള്‍ക്ക്‌ നഷ്ടം നിങ്ങളുടെ ഇ.എസ്.ബി.

 

Permanent link to this article: http://pravasicorner.com/?p=301

Copy Protected by Chetans WP-Copyprotect.