ഖത്തര്‍ പ്രവാസികള്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ഹാജിക്ക

0
1

 

ഖത്തറിലെ ദോഹയില്‍ ക്രേസീ സിഗ്നലിനു പരിസരത്തുള്ള വീട്ടില്‍ സാന്ത്വനസ്പര്‍ശവുമായി എപ്പോഴും ഹാജിക്ക ഉണ്ടാവും. ആരുടെയെങ്കിലും വിളിക്ക് കാതോര്‍ത്ത്. ഖത്തറിലെ പ്രവാസികളുടെ ‘ഹാജിക്ക’ എന്ന എം.വി.അബ്ദുല്‍ ഖാദര്‍ ഹാജി. 45 വര്‍ഷമായി ഖത്തറില്‍ മാതൃകാപരമായ സാമൂഹ്യസേവനം നടത്തുന്ന ആദരണീയനായ പൊതുപ്രവര്‍ത്തകന്‍. ഖത്തറില്‍ ഏതെങ്കിലുമൊരു പ്രവാസി മരിക്കുകയാണെങ്കില്‍ ആരും ആദ്യം വിളിക്കുന്നത്‌ ഹാജിക്കയെ ആയിരിക്കും. ഖത്തറിലെ ജീവ കാരുണ്യപ്രവര്‍ത്തനത്തിന്റെ പര്യായം.

വര്‍ഷം 1956. അന്നത്തെ ബോംബൈ തീരത്ത് നിന്ന് ഹാജിക്ക അടക്കം 65 യാത്രക്കാരുമായി യു.എ.ഇയിലേക്ക് പുറപ്പെട്ട ലോഞ്ച്. വിസയും പാസ്പോര്‍ട്ടും ഇല്ലാത്ത ഗള്‍ഫ്‌ മോഹികള്‍ക്ക് അക്കാലത്തു മറുകര പറ്റാനുള്ള ഒരേ ഒരു മാര്‍ഗം. ആ യാത്രയില്‍ കടലിലെ ആഞ്ഞടിക്കുന്ന ഭീകര തിരമാലകള്‍ ജീവിതം കൊണ്ട് പോകുമെന്ന അവസരത്തില്‍ ഹാജിക്ക പടച്ചവനെ സാക്ഷിയാക്കി ആദ്യ പ്രതിജ്ഞ എടുത്തു, പടച്ചവന്‍ എനിക്ക് ഇനിയൊരു ജീവിതം നല്‍കുകയാണെങ്കില്‍ അത് മുഴുവന്‍ സാമൂഹിക സേവനത്തിനു നീക്കി വെക്കാം എന്ന്. ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഹാജിക്കാക്ക് പടച്ചവന്‍ ജീവിതം തിരിച്ചു കൊടുത്തു, ബാക്കി ജീവിതം പ്രവാസി സമൂഹത്തിന്റെ നന്മക്ക് വേണ്ടി സാമൂഹ്യസേവനരംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തുന്നതിന്. ആ പ്രതിജ്ഞ അണുവിട പോലും തെറ്റാതെ ഹാജിക്ക ഇപ്പോഴും പാലിക്കുന്നു. 45 വര്‍ഷത്തിനു ശേഷവും.

ഖത്തറില്‍ പ്രവാസികളായ ആരു മരണമടഞ്ഞാലും എല്ലാത്തിനും ഹാജിക്ക വേണം. മൃതദേഹം കുളിപ്പിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറ്റി വിടുന്നത് വരെ. മൃതദേഹം കുളിപ്പിക്കല്,ഇവിടെ അടക്കണമെങ്കില്‍ അതിനുള്ള സഹായത്തിനു,അപകട മരണമാണെങ്കില്‍ തുടര്‍നടപടികള്‍ക്ക് വേണ്ടി,ഡെത്ത് സര്ട്ടിഫിക്കെറ്റു വാങ്ങാന്, ആശുപത്രിരേഖകള്‍ ശരിയാക്കാന്,മൃതദേഹം വിമാനമാര്‍ഗം കൊണ്ട് പോകുന്നതിനുള്ള കാര്‍ഗോ പേപ്പറുകള്‍ ശരിയാക്കാന്, അങ്ങിനെ എല്ലാത്തിനും കയ്യില്‍ ഊന്നു വടിയുമായി എംബസ്സിയിലും,സിഐഡി ഓഫീസുകളിലും ആശുപത്രിയിലുമെല്ലാം ഹാജിക്കയെ കാണാം.

ചാവക്കാടിനടുത്ത്‌ ചക്കുംകണ്ടം ഗ്രാമത്തില്‍ ജനനം. വീട്ടിലെ ദാരിദ്ര്യം മൂലം രണ്ടാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തി. ദാരിദ്ര്യത്തെ മറികടക്കാന്‍ 12 വയസ്സ് വരെ ബീഡി   തെറുപ്പ്‌ ജോലി. ഗള്‍ഫ് സ്വപ്നം മനസ്സില്‍ വെച്ച് 1964 വര്‍ഷത്തില്‍ തീവണ്ടിയില്‍ ബോംബൈക്ക്. 1965ലെ റമദാന്‍ മാസത്തില്‍ ലോഞ്ചില്‍ ഗള്‍ഫിലേക്ക്. ചെന്നെത്തിയത് റാസല്‍ഖൈമയില്. അവിടെ നിന്ന് ഷാര്‍ജയിലേക്കും പിന്നെ ദുബായിലേക്കും. അവിടെ ‘ലക്കി’ എന്ന മലയാളി ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി. കുറച്ചു കാലത്തിനു ശേഷം ദുബായില്‍ നിന്നും പിന്നെയും ലോഞ്ചില്‍ ഖത്തറിലേക്ക്. അഞ്ചു ദിവസത്തിന് ശേഷം ഖത്തറിലെ ഷമാലില്‍ എത്തി.  

അന്നവിടെ മരുഭൂമിയായിരുന്നുവെന്നു ഹാജിക്ക. വലിയ കെട്ടിടങ്ങള്‍ ഒന്നുമില്ല. കുറച്ചു സാധാരണ വീടുകളും കുറച്ചു കടകളും. മലയാളികള്‍ വളരെ കുറവ്.

ദോഹയില്‍ ‘മലബാറി’ കോളനിയില്‍ താമസം. അവിടെ ഇബ്രാഹിം ഹാജിയുടെ മില്‍ക്ക് ബാര്‍ ഹോട്ടലില്‍ ചില്ലറ ജോലികള്‍. ശമ്പളം മൂന്ന് രൂപ. അവിടെ ശമ്പളം ശരിയായി ലഭിക്കാതിരുന്നതിനാല്‍ അഞ്ചു രൂപ ശമ്പളത്തിന് ‘ഗുല്‍സാര്‍’ എന്ന മറ്റൊരു ഹോട്ടലിലേക്ക് ജോലി മാറി. ഇന്ത്യന്‍ കറന്‍സി തന്നെയായിരുന്നു അന്നൊക്കെ അധികവും.അവിടെ വെച്ച് സഹപ്രവര്‍ത്തകന്‍ അസ്വഭാവികമായി മരിച്ചപ്പോഴാണ് ഹാജിക്ക ആദ്യമായി ഒരു മയ്യിത്ത്‌ കുളിപ്പിക്കുന്നത്. അതൊരു തുടക്കമായിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ ഹാജിക്ക സഹായിച്ചത് അയ്യായിരത്തിലധികം മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ക്ക്,

ഖത്തറിലെ ബ്രിട്ടിഷ് എംബസ്സി വഴി 1969 ലാണ് പാസ്സ്പോര്‍ട്ട് ലഭിക്കുന്നത്. പിന്നീട് റയ്യാനിലെ റോയല്‍ ഫാമിലിയില്‍ 11  വര്‍ഷം ജോലി. 1975 ലാണ് ഹജ്ജ് ചെയ്യത്. 1977 ലായിരുന്നു വിവാഹം. പിനീട് ബക്കാല, ടൈലറിങ്ങ് ഷോപ്പ്, സൂപ്പര്‍ മാര്‍ക്കററ് തുടങ്ങിയ ബിസിനസ്സുകള്.ബിസിനെസ്സിന്റെ ഒരു ഘട്ടത്തില്‍ പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു.

ഇപ്പോള്‍ വയസ്സ് 66. പല വിധ രോഗങ്ങള്‍ അലട്ടുന്നു. പ്രായം തളര്‍ത്തിയെങ്കിലും, ഖത്തറിലെ എതൊരു പ്രവാസിയുടെയും മരണ വാര്‍ത്ത അറിഞ്ഞാല്‍  ഊന്നു വടിയുമായി ഹാജിക്ക ഇപ്പോഴുമുണ്ടാവും മുന്‍പന്തിയില്‍.അത് നാട്ടിലേക്ക് കയറ്റി വിടുന്നതു വരെ ഹാജിക്കാക്ക് വിശ്രമം ഉണ്ടാവില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ജീവിത വസന്തം ചിലവഴിച്ച ഈ മണ്ണില്‍ അവസാന ശ്വാസം വരെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരണം, തന്‍റെ മരണവും ഈ മണ്ണില്‍ തന്നെയാവണം എന്നത് ഹാജിക്കായുടെ അന്ത്യാഭിലാഷം.  

ഭാര്യ സുഹറ, മക്കള്‍ ഷഹീന്‍, ഷഹന, ഷാജിത, അഫ്സ.

ഈ മൊബൈല്‍ നമ്പരില്‍ (+974 55829616) ഹാജിക്കയുമായി ബന്ധപ്പെടാം. 

ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൌസില്‍ ഹാജിക്ക

 

LEAVE A REPLY

Please enter your comment!
Please enter your name here