«

»

Print this Post

കബളിപ്പിക്കപ്പെടുന്ന തൊഴിലാളികള്‍: സൗദി തൊഴില്‍ നിയമം

 

RIYAL

പല കമ്പനികളും പല കാരണങ്ങള്‍ പറഞ്ഞും പിരിഞ്ഞു പോകുന്ന സമയത്ത് തൊഴിലാളികളുടെ ESB (END SERVICE BENEFIT – പിരിഞ്ഞു പോകുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യം) നിഷേധിക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്യാറുണ്ട്. പ്രധാനമായും ദീര്‍ഘകാലത്തെ സര്‍വീസുള്ള തൊഴിലാളികളാണ് ഇങ്ങിനെ പറ്റിക്കപ്പെടുന്നത്. (ESB എന്താണ് എന്നറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക)

സൗദി തൊഴില്‍ നിയമ പ്രകാരം പിരിഞ്ഞു പോകുന്ന സമയത്ത്  ഒരു തൊഴിലാളി ജോലി ചെയ്ത മൊത്തം വര്‍ഷം കണക്കാക്കി  ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും അവസാന മാസം ലഭിച്ച ശമ്പളത്തിന്‍റെ പകുതിയും അഞ്ചു വര്‍ഷത്തിനു ശേഷം ഓരോ വര്‍ഷത്തേക്കും മുഴുവന്‍ മാസ ശമ്പളവുമാണ് ESB ആയി നല്‍കേണ്ടത്.

അത്തരത്തില്‍ കണക്ക് കൂട്ടുമ്പോള്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് വന്‍തുക തുകയാണ് ESB  ആയി നല്‍കേണ്ടി വരിക. (UAE പോലുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ അവിടുത്തെ തൊഴില്‍ നിയമപ്രകാരം മുഴുവന്‍ ESBയും 24 മാസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്കും അത്രയും കാലത്തെ ESB നല്‍കാന്‍ മാത്രമേ സ്പോണ്സര്‍ക്ക് ബാധ്യത ഉള്ളൂ.

എന്നാല്‍ സൗദി അറേബ്യയില്‍ ഇത്തരം നിബന്ധനകള്‍ ഇല്ല. എത്ര വര്‍ഷത്തെ സര്‍വീസ് ഉണ്ടോ അത്രയും  വര്‍ഷത്തെ ESB കമ്പനി/സ്പോണ്സര്‍ നല്‍കേണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് ധാര്‍മികതയില്ലാത്ത ചില കമ്പനികള്‍ പല ന്യായങ്ങളും പറഞ്ഞു ESBയും മറ്റു ആനുകൂല്യങ്ങളും വെട്ടി കുറയ്ക്കുന്നത്.)

കൂടുതല്‍ കമ്പനികളും സ്വീകരിക്കുന്ന ഒരു തന്ത്രം ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ജോലിക്കാരന്റെ ‘സേവനം തുടര്‍ച്ചയായതല്ല’ എന്ന് കാണിച്ചു ESB  കുറച്ച് പകുതി മാസത്തെ ശമ്പളം നല്‍കി കബളിപ്പിക്കുക എന്നതാണ്. അത്തരം കബളിപ്പിക്കലിന് ഇരയാവാതിരിക്കാന്‍ ഓരോ തൊഴില്‍ കരാര്‍ പുതുക്കുമ്പോഴും മറ്റും തൊഴിലാളി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

അതായത് പത്തു വര്‍ഷത്തെ സര്‍വീസ്‌ ഉള്ള ഒരു തൊഴിലാളിയെ ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ശേഷം തിയ്യതി മാറ്റി പുതിയ തൊഴില്‍ കരാര്‍ എഴുതിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയിലേക്കോ വകുപ്പിലേക്കോ മാറ്റി പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ESB കണക്ക് കൂടുകയും ചെയ്യുക എന്നതാണ്.

ഈ അവസരത്തില്‍ ആദ്യത്തെ തൊഴില്‍ കരാര്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷത്തേയും പകുതി ശമ്പളം നല്‍കുന്നു. അതിനു ശേഷം തുടര്‍ച്ചയായ സര്‍വീസ്‌ (CONTINUOUS SERVICE) ഇല്ല എന്ന കാരണം കാണിച്ചു പുതിയ തൊഴില്‍ കരാര്‍ മറ്റൊരു കരാറായി പരിഗണിച്ചു അതിലും അഞ്ചു വര്‍ഷത്തേക്ക് വര്‍ഷം തോറും പകുതി മാസശമ്പളം നല്‍കി കബളിപ്പിക്കുന്നു. ഇവിടെ തൊഴിലാളിക്ക് ലഭിക്കേണ്ട ESB യുടെ പകുതി നഷ്ടമാവുന്നു.

ഇവിടെ രണ്ടു തൊഴില്‍ കരാറിന്റെയും കോപ്പി കൈവശം സൂക്ഷിക്കാത്തവര്‍ക്ക് മറുത്തൊന്നും പറയാനോ തെളിയിക്കാനോ ആവില്ല. തന്റെ സര്‍വീസ്‌ തുടര്‍ച്ചയുള്ളതാണ് എന്ന് തൊഴിലാളിക്ക് തെളിയിക്കാനായാല്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും.അങ്ങിനെ വന്ചിക്കപ്പെടാതിരിക്കാന്‍ തൊഴിലാളികള്‍ ആദ്യമായി ചെയ്യേണ്ടത് ഓരോ തൊഴില്‍ കരാര്‍ ഒപ്പിടുമ്പോഴും അതിന്റെ ഒരു കോപ്പി നിര്‍ബന്ധമായും കൈവശം സൂക്ഷിക്കുക എന്നതാണ്. ഭാവിയില്‍ ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഉപകാരപ്പെടും.

സൗദി തൊഴില്‍ നിയമ പ്രകാരം തൊഴിലാളിക്ക് തൊഴില്‍ കരാറിന്റെ കോപ്പി അവകാശപ്പെട്ടതാണ്. തെളിവുകളൊന്നും കൈവശം ഇല്ലാത്തതിനാലും ESB പിരിയുന്ന സമയത്ത് ലഭിക്കുന്നതാകയായാലും പിന്നീട് കേസിനും കോടതിയിലുമൊന്നും പോകാതെ വന്ചിക്കപ്പെട്ടവര്‍ നിരാശരായി കിട്ടിയതും വാങ്ങി നാട്ടിലേക്ക് പോവുകയാണ് സാധാരണയായി ചെയ്യുന്നത്. 

ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ ഭാഗം ന്യായീകരിക്കുന്നതിന് എന്താണ് ‘തുടര്‍ച്ചയായ സര്‍വീസ്‌’’ (CONTINUOUS SERVICE) എന്ന് ഒരു തൊഴിലാളി മനസ്സിലാക്കേണ്ടതുണ്ട്. ‘തുടര്‍ച്ചയായ സര്‍വീസ്‌’ ആകണമെങ്കില്‍ ഒരേ സ്പോണ്സറുടെ/ കമ്പനിയുടെ കീഴില്‍   അതിനു തുടര്ച്ചയുണ്ടാവണം. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് സര്‍വീസില്‍ മുടക്കം വന്നാലും നിയമ പ്രകാരം അത് തുടര്‍ച്ചയായ സര്‍വീസ്‌ ആയി തന്നെ കണക്ക് കൂട്ടും.

അതായത് ഒരു തൊഴിലാളി ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായി

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അഡ്വ.ഷിയാസ് കുഞ്ഞിബാവ

ജോലിയെടുക്കുന്നതാണ് തൊഴില്‍ നിയമ പ്രകാരം ‘തുടര്‍ച്ചയായ സര്‍വീസ്‌’ ആയി കണക്കാക്കുന്നത്. തൊഴിലുടമയുടെ മരണ ശേഷം അയാളുടെ പിന്തുടര്‍ച്ചാവകാശിയുടെ കീഴില്‍ ജോലിയെടുക്കുന്നതും ‘തുടര്‍ച്ചയായ സര്‍വീസ്‌’ ആണ്. അത് പോലെതന്നെ അയാളുടെ ഒരു സ്ഥാപനത്തില്‍ നിന്ന് അയാളുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറ്റിയാലും അതും ‘തുടര്‍ച്ചയായ സര്‍വീസ്‌’ ആണ്. ഒരു തൊഴിലാളിക്ക് അവകാശപ്പെട്ട നിയമപരമായ അവധികളും വാര്‍ഷിക അവധികളും (VACATION) മൂലം സര്‍വീസ്‌ തടസ്സപ്പെട്ടതായി കണക്കാക്കാന്‍ പാടില്ല എന്ന് സൗദി തൊഴില്‍ നിയമം പറയുന്നു.

അത് പോലെതന്നെ ഒരു വര്‍ഷത്തില്‍ 20 ദിവസത്തില്‍ കൂടാതെയുള്ള ശമ്പളമില്ലാത്ത അവധികളും ചില പരീക്ഷകള്‍ എഴുതുന്നതിനു വേണ്ടി നിയമപ്രകാരം അനുവദിക്കപ്പെട്ട അവധികളും എടുത്താലും അത് കൊണ്ട് സര്‍വീസ്‌ തടസ്സപ്പെട്ടതായി കണക്കാക്കപ്പെടില്ല.  അതിനാല്‍ ഈ കാരണങ്ങള്‍ കൊണ്ട് തൊഴിലാളിക്കവകാശപ്പെട്ട ESB വെട്ടിക്കുറക്കുന്നത് കടുത്ത നിയമലംഘനം ആണ്.

 

Permanent link to this article: http://pravasicorner.com/?p=3137

Copy Protected by Chetans WP-Copyprotect.