«

»

Print this Post

സഫിയ അജിത്‌ – ജീവ കാരുണ്യ രംഗത്തെ വനിതാ സാന്നിധ്യം

 

 

സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ കാര്യമായ പങ്കില്ലാത്ത, പുരുഷ കേന്ദ്രീകൃതമായ സൗദി അറേബ്യയില്‍ ജീവകാരുണ്യ രംഗത്ത് ഒരു പ്രവാസി മലയാളി യുവതി സജീവമായി പ്രവര്‍ത്തിക്കാന്‍ സധൈര്യം മുന്നിട്ടിറങ്ങുന്ന കാഴ്ച അപൂര്‍വ്വമാണ്.  എന്നാല്‍ ദാമ്മാമില്‍ അത് കാണാന്‍ സാധിക്കും. സഫിയയിലൂടെ. ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗം ഭാരവാഹി സഫിയ അജിത്‌. പത്രം വായിക്കുന്ന സൌദിയിലെ മലയാളിക്ക് സുപരിചിതമായ നാമം.

15 വര്‍ഷമായി സൗദി അറേബ്യയിലുള്ള സഫിയ അജിത്‌ കഴിഞ്ഞ മൂന്നു വര്‍ഷമായി ദമ്മാം കേന്ദ്രീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. മുന്‍പ് യെമനിലും പിന്നീട് ബുറൈദയിലെ അല്‍ ഖസീമിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ലഭിച്ച പരിചയ സമ്പന്നതയുമായാണ് സഫിയ അജിത്‌ ദാമ്മാമിലെത്തിയത്.

പുണ്യഭൂമിയില്‍ കുന്നോളം സ്വപ്നങ്ങളുമായി വന്നു കൊടിയ ദുരിതങ്ങളനുഭവിച്ചു, നാട്ടിലേക്ക് മടങ്ങാന്‍ നിര്‍വ്വാഹമില്ലാതെ സ്പോണ്സര്‍മാരുടെ പീഡനങ്ങള്‍ എറ്റു കഴിഞ്ഞിരുന്ന നിരവധി പേര്‍ക്ക് സഫിയയുടെ ഇടപെടലുകളിലൂടെ നാട്ടിലെത്താന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ മലയാളികള്‍ മാത്രമല്ല അന്യ സംസ്ഥാനക്കാരും അന്യ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. ഹൈദരാബാദ്‌ സ്വദേശിനി റസൂല്‍ബീ, ആന്ധ്ര സ്വദേശിനി സുമിത്ര, മുംബൈ സ്വദേശിനി തസ്ലീം അബ്ദുല്‍ ഗനീ, ഇന്തോനേഷ്യന്‍ സ്വദേശിനി സുഹാര്തിനി തുടങ്ങിയവരെല്ലാം സഫിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കാരുണ്യ സ്പര്‍ശത്താല്‍ സൌദിയിലെ അഭയ കേന്ദ്രങ്ങളില്‍ നിന്നും സുരക്ഷിതമായി നാട്ടിലെത്തിയവരാന്. അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത നിരവധി പേര്‍……

സഹായം ആവശ്യപ്പെട്ടു അഭ്യര്‍ത്ഥന ലഭിച്ചാല്‍ സഫിയയുടെ ദൌത്യം ആരംഭിക്കുകയായി. പ്രശ്നത്തില്‍ ഇടപെടാന്‍ എംബസ്സിയില്‍ നിന്ന് അധികാരപത്രം ലഭിക്കുകയാണെങ്കില്‍ ദുരിതമനുഭവിക്കുന്നവരുടെ സ്പോന്സരുമായി നേരിട്ട് സംസാരിക്കുക എന്നതാണ് സഫിയയുടെ രീതി. നേരിലോ ഫോണിലോ സംസാരിച്ചു പ്രശ്നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ശ്രമിക്കും. സ്പോണ്സര്‍മാരോട്  കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ സഹകരിക്കും എന്ന് സഫിയ പറയുന്നു. സ്പോന്സര്മാരുടെ സമ്മതം ലഭിച്ചാല്‍ പിന്നെ തര്‍ഹീലില്‍ നിന്നും എംബസ്സിയില്‍ നിന്നും ആവശ്യമായ രേഖകള്‍ സമാഹരിച്ചു ടിക്കറ്റും നല്‍കി നാട്ടിലെത്തിക്കുന്നു.

സൌമ്യതയോടെ സംസാരിച്ചിട്ടും വഴങ്ങാത്ത സ്പോന്സര്‍മാരില്‍ നിന്നും തൊഴിലാളികളെ നിയമവഴിയിലൂടെ നാട്ടിലെത്തിക്കാനും സഫിയ ധൈര്യം കാണിച്ചിട്ടുണ്ട്. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടും എക്സിറ്റ് നല്‍കാന്‍ വിസമ്മതിച്ച സ്പോന്സരില്‍ നിന്നും വീട് വിട്ടു ഇറങ്ങി പോരാനും അതിനു ശേഷം പോലീസില്‍ പരാതി നല്‍കാനും കൊല്ലം കൊട്ടിയം സ്വദേശിനി മാജിദക്ക് നിര്‍ദേശം നല്‍കിയത് സഫിയയുടെ മനോധൈര്യം വ്യക്തമാക്കുന്നു. പോലീസ്‌ പിന്നീട് സ്പോന്സറെ വിളിപ്പിക്കുകയും മാജിദക്ക് എക്സിറ്റ് നല്‍കാന്‍ സ്പോണ്സര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും മാജിദ സുരക്ഷിതയായി നാട്ടിലെത്തിയത്തിന്റെയും പിന്നില്‍ സൌദിയിലെ പ്രവാസി സമൂഹത്തെ അമ്പരപ്പിച്ച സഫിയയുടെ നീക്കമായിരുന്നു. ഇരകളുടെ ദൈന്യതയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് പ്രചോദനമേകുന്നതെന്നു സഫിയ അജിത്‌.

സൌദിയിലെ ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനത്തിനിടയില്‍ തന്റേതല്ലാത്ത തെറ്റുകള്‍ കൊണ്ടും പ്രവാസ ജീവിതം ബലി കൊടുക്കേണ്ടി വന്നവരെ കാണാന്‍ സാധിച്ചിട്ടുണ്ടെന്നു സഫിയ പറഞ്ഞു. ദമ്മാമിലെ പ്രമുഖ എലിവേറ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന പത്തനതിട്ട സ്വദേശി ഗിരീഷ്‌ സുഹൃത്തിന്റെ പിതാവ് മരിച്ചപ്പോഴാണ് അദ്ദേഹത്തിന് നാട്ടില്‍ പോകുന്നതിനു വേണ്ടി കമ്പനിയില്‍ ജാമ്യക്കാരനായി നിന്നത്. പിന്നീട് സുഹൃത്ത്‌ തിരിച്ചു വരാതായപ്പോള്‍ ശമ്പളം ലഭിക്കാതെ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗിരീഷിനു നാട്ടിലെത്താന്‍ തുണയായത് സഫിയയുടെ ഇടപെടലുകളിലൂടെയാണ്.  

ഡീപോര്‍ട്ടെഷന്‍ സെന്ററില്‍ നിന്നു മോചിപ്പിക്കപെടുന്ന സഹജീവികളില്‍ രോഗികളായവര്‍ക്ക് ആവശ്യമായ രേഖകള്‍ ശരിയാവുന്നത് വരെ തന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ വരെ സഫിയ സന്മനസ്സ് കാണിക്കുന്നു. അവശരായവര്‍ക്ക് അത്യാവശ്യം ചികില്‍സ നല്‍കാനും കഴിഞ്ഞ 15 വര്‍ഷമായി ദമാമിലെ പ്രമുഖ ആശുപത്രിയില്‍ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി നോക്കുന്ന സഫിയ ശ്രദ്ധിക്കുന്നു

ദാമ്മാമില്‍ തന്നെ ഒരു ഡിസൈനിംഗ് കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് കെ.ആര്‍ അജിത്‌ സഫിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നു. ദാമ്മാമില്‍ താസിക്കുന്ന ഈ ദമ്പതികളുടെ മക്കള്‍ നാല് പേരും നാട്ടില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.

ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായം ലഭിക്കാന്‍ 0552241890 എന്ന നമ്പരില്‍ സഫിയ അജിത്തുമായി ബന്ധപ്പെടാം.

 

 

Permanent link to this article: http://pravasicorner.com/?p=3205

Copy Protected by Chetan's WP-Copyprotect.