«

»

Print this Post

ഹുറൂബ്‌ : അറിയേണ്ട വസ്തുതയും നിയമ വശങ്ങളും (ഹുറൂബ് – ഒന്നാം ഭാഗം)

 

 

ഹുറൂബിനെപ്പറ്റിയുള്ള അഡ്വ.ഷിയാസ്‌ കുഞ്ഞിബാവയുടെ ലേഖനത്തിന്റെ ഒന്നാം ഭാഗം

 

(ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു)

എഴുപതുകളോടെ ആരംഭിച്ച അരനൂറ്റാണ്ടിന്റെ പ്രവാസപ്രയാണ ചരിത്രം സൌദിയിലെ മലയാളിക്ക് സമ്മാനിച്ച മനം മയക്കുന്ന മാസ്മരികതയുടെ ഓര്‍മകള്‍ക്കൊപ്പം തന്നെ അവരില്‍ ചിലര്‍ക്ക് സമ്മാനിച്ച രക്തം പുരണ്ട അനുഭവങ്ങളില്‍ പ്രഥമ സ്ഥാനം ഹുറൂബിനായിരിക്കും. തീര്‍ച്ച. എത്രയോ മലയാളി മക്കളുടെ ദുരിത ജീവിതങ്ങള്‍ ഈ കെണിയില്‍പ്പെട്ടു വിസ്മൃതമായിരിക്കുന്നു. അന്നം തേടിയുള്ള യാത്രക്കിടയില്‍ പലതും കാലം മായ്ചെങ്കിലും സ്വപ്‌നങ്ങള്‍ മാത്രം ബാക്കിയാക്കിയ ഓര്‍മപ്പുസ്തകവും പരാജയപ്പെട്ട മനസ്സും കണ്ണീരും കിനാവുമായി പ്രതീക്ഷകള്‍ വിളയുന്ന ഈ മണ്ണില്‍ നാടിനും കുടുംബത്തിനും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാന്‍ മറന്നു പോയി കടന്നു പോയവര്‍ നിരവധി. നെഞ്ചില്‍ കനലുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇപ്പോഴും ഹുറൂബിന്റെ ഇരകളായി ഇപ്പോഴും കഴിയുന്ന വ്യക്തികളും കുടുംബങ്ങളും നിരവധി.

ഇക്കഴിഞ്ഞ 17 മുതല്‍ വിദേശതൊഴിലാളികള്‍ ഒളിച്ചോടുന്നതുമായി (ഹുറൂബ്) ബന്ധപ്പെട്ട നിയമ വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയം വരുത്തിയിട്ടുണ്ട്. ഹുരൂബുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഏകീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കിയത്.ഹുറൂബുമായി ബന്ധപ്പെട്ട പരാതികളും ഹുറൂബ് പിന്‍വലിക്കുന്നതിനപേക്ഷിച്ചു കൊണ്ടും നല്‍കുന്ന അപേക്ഷകരുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ധനവ് ആണ് തൊഴില്‍ മന്ത്രാലയത്തെ ഇത്തരത്തില്‍ ചിന്തിക്കുന്നതിനു പ്രേരിപ്പിച്ചത്.

നിരവധി സ്വദേശികള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശ ജോലിക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇഖാമയും വര്‍ക്ക്‌ പെര്‍മിറ്റും എടുത്ത ശേഷം പിന്നീട് അവര്‍ ഓടിപ്പോയെന്നു വ്യാജ പരാതി നല്‍കി അവരെ ഹുറൂബ്‌ ആക്കുകയും  പിന്നീട് ആ രേഖകള്‍ ഉപയോഗിച്ച് പുതിയ വിസ കരസ്ഥമാക്കുകയും അവ വില്‍പ്പന നടത്തുയോ റിക്രൂട്ട്മെന്റ് നടത്തുകയോ ചെയ്യുന്നു. രണ്ടു വര്‍ഷത്തിനു ശേഷം മുന്‍പ് ഹുറൂബ്‌ ആക്കിയ തൊഴിലാളിയുടെ ഇഖാമ പുതുക്കേണ്ട സമയമാവുമ്പോള്‍ അയാളെയും കൂട്ടി അധികൃതരുടെ അടുത്ത് പോയി ഹുറൂബ്‌ നീക്കാനുള്ള അപേക്ഷ നല്‍കി ഹുറൂബ്‌ മാറ്റിയെടുക്കുകയും ചെയ്തിരുന്നു.

അന്യായമായി ഹുറൂബിന്റെ കെണിയില്‍പെട്ട് ജീവിതം ദുസ്സഹമായവര്‍ക്ക് ലഭിക്കേണ്ട മാനുഷിക പരിഗണനയും ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നടപടികള്‍ക്ക് പ്രേരകമാണ്. ഹുറൂബുമായി ബന്ധപ്പെട്ട പരാതികളും ഹുറൂബ് റദ്ദാക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അപേക്ഷകളും വന്‍തോതില്‍ വര്‍ധിച്ചത് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ദയില്‍ പെട്ടിരുന്നു. മിക്ക ഹുറൂബുകളും സ്പോന്സര്മാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതാണ്‌ എന്നായിരുന്നു ഇതിനെക്കുറിച്ച് പഠനം നടത്തിയ സൗദി മനുഷ്യാവകാശ സംഘടനയുടെ പോലും കണ്ടെത്തല്‍. പുതിയ ക്രമീകാരണങ്ങള്‍ വരുമ്പോള്‍ മൊത്തം ആശയക്കുഴപ്പത്തില്‍ ആണ് പ്രവാസി സമൂഹം. പുതിയ നിയമവ്യവസ്ഥകളും ക്രമീകരണങ്ങളും വന്നിട്ടും നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്ന പ്രതിബന്ധങ്ങള്‍ക്കിടയില്‍ പകച്ചും ഭയന്നും നില്‍ക്കുന്ന എത്ര പേര്‍ക്ക് സാന്ത്വനം ലഭിക്കും? അതാണിപ്പോള്‍ സൌദിയിലെ പ്രമുഖ തൊഴില്‍ ശക്തിയായ മലയാളി പ്രവാസി സമൂഹത്തിനിടയില്‍ തലങ്ങും വിലങ്ങു ഉയരുന്ന ചോദ്യം. പക്ഷ ഒന്ന് മനസ്സിലാക്കേണ്ടത് പുതിയ ക്രമീകരണങ്ങള്‍ ‘ഹുറൂബാക്കുക’ എന്ന സൗദി പൌരന്റെ അവകാശത്തെ ഇല്ലാതാക്കുന്നില്ല. അതുപോലെതന്നെ അന്യായമായ ഹുരൂബ്‌ പിന്‍വലിക്കാന്‍ നടപടികളുമായി മുന്നോട്ടു പോകുക എന്ന പ്രവാസിയുടെ അവകാശത്തെയും ഇല്ലാതാക്കുന്നില്ല. മറിച്ചു ഒരിക്കല്‍ ഹുറൂബാക്കിയ തൊഴിലുടമക്ക് അത് പിന്‍വലിക്കുവാനുള്ള അനുവാദം പിന്‍വലിചു കൊണ്ട് ദുരുപയോഗതിനുള്ള സാധ്യത ഇല്ലാതാക്കുന്നു എന്ന് മാത്രം.

എന്താണ് ഹുറൂബ്‌ ?

 ‘ഒളിച്ചോടിയവന്‍’ (Runaway,Absconder)എന്നതിന്റെ അറബി വാക്കാണ്‌ ‘ഹുറൂബ്’. (മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഇപ്പോള്‍ ‘ഹുറൂബ്’ എന്നതിന് പകരം തൊഴിലാളി അപ്രത്യക്ഷനായി’ എന്നര്‍ത്ഥം വരുന്ന മുതഗയ്യിബൂന്‍ അനില്‍ അമല്‍ എന്ന പദമാണ് ജവാസാത്‌ രേഖകളില്‍ ഉപയോഗിക്കുന്നത്.)

പ്രവാസത്തെ മലയാളികള്‍ പരിചയപ്പെട്ടു വന്ന ആദ്യകാലത്ത് ഹുറൂബ് എന്ന വാക്ക് പ്രവാസിയുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നു. പിന്നീടെപ്പോഴോ തുടങ്ങി വെച്ച ‘ഹുറൂബ്’ പല പ്രവാസികളുടെയും ഭാവിജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി ഇപ്പോഴും അഭംഗുരം തുടരുക തന്നെയാണ്. നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളുടെ ചെയ്തികളില്‍  നിന്ന് സ്വദേശി പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് തന്റെ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയാല്‍ അയാളെ നിയമത്തിനു മുന്നില്‍ ‘’പ്രഖ്യാപിത ഒളിച്ചോട്ടക്കാരനായി’’ ചിത്രീകരിക്കുവാന്‍ സൗദി ഗവര്‍മെന്റ് തങ്ങളുടെ പൌരന്മാര്‍ക്ക് നല്‍കിയിട്ടുള്ള ഒരു വിശേഷ അധികാരം. തന്റെ കീഴിലുള്ള തൊഴിലാളി താനറിയാതെ ഓടിപ്പോയതായും പ്രസ്തുത തൊഴിലാളിയുടെ മേലും അയാളുടെ ചെയ്തികള്‍ക്കും തനിക്ക് യാതൊരു ഉത്തരവാദിത്വവും ഭാവിയില്‍ ഉണടായിരിക്കില്ല എന്നും രേഖാ മൂലം അധികൃതരെ അറിയിക്കുന്ന പ്രക്രിയയാണ് ഹുറൂബ്.

ഒരു തൊഴിലാളി നിശ്ചിത കാലയളവില്‍ തന്റെ സ്പോന്സരുമായി ബന്ധം പുലര്‍ത്താതെ വന്നാല്‍ ഭാവിയിലുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അയാളെ സംബന്ധിച്ചുള്ള രേഖകളുമായി സ്പോണ്സര്‍ അധികൃതര്‍ക്ക്‌ മുന്നില്‍ ഹാജരായി പ്രസ്തുത വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ രേഖകള്‍ പരിശോധിച്ച ശേഷം അയാളുടെ ഇഖാമ നമ്പരും, പാസ്സ്പോര്‍ട്ട് വിവരങ്ങളും അവരുടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രസ്തുത തൊഴിലാളിയെ ഔദ്യോഗികമായി ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) പ്രഖ്യാപിക്കുന്നു. ഇതാണ് ഹുറൂബിനെ സംബന്ധിച്ച മൊത്തത്തിലുള്ള നടപടിക്രമം.

സൗദിയിലെ സ്പോന്സര്ഷിപ്പ്‌  നിയമമനുസരിച്ച് ഒരു തൊഴിലാളിയെ ഇവിടെ

എത്തിച്ചാല്‍ പിന്നീട് അയാളെ സംബന്ധിച്ച മുഴുവന്‍ ഉത്തരവാദിത്വവും സ്പോന്സര്‍ക്ക് തന്നെയാണ്. പ്രസ്തുത തൊഴിലാളിയുടെ മുഴുവന്‍ ചെയ്തികള്‍ക്കും സ്പോണ്സര്‍ തന്നെ ഉത്തരം പറയേണ്ടി വരും. അതിനാല്‍ ഒരു നിശ്ചിത കാലയളവിനു ശഷവും ഒരു തൊഴിലാളി തന്റെ സ്പോന്സരുമായി ബന്ധം പുലര്‍ത്താതെയോ, ജോലിക്ക് ഹാജരാവാതിരിക്കുകയോ, കാണാതാവുകയോ ചെയ്‌താല്‍ അതിനെ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം നല്‍കണം എന്നത് സൗദി നിയമ പ്രകാരം നിര്‍ബന്ധമായ ഒന്നാണ്. അല്ലാത്ത പക്ഷം അയാള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്പോണ്സര്‍ കൂടി ഉത്തരവാദിയാകുന്നു. അയാള്‍ക്ക്‌ പ്രസ്തുത കാര്യം റിപ്പോര്‍ട്ട്‌ ചെയ്യാതതിനുള്ള ശിക്ഷയും ലഭിക്കും. തന്റെ കീഴിലുള്ള ഒരു തൊഴിലാളിയെ കാണാതായാല്‍ സ്പോണ്സര്‍ ഉടനെ തന്നെ ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണമെന്നു നിയമം നിഷ്കര്‍ഷിക്കുന്നു. അല്ലാത്ത പക്ഷം ആദ്യ തവണ അയ്യായിരം റിയാലും രണ്ടാമത്തെ തവണ പതിനായിരം റിയാലും മൂന്നാമത്തെ തവണ പതിനയ്യായിരം റിയാലും ആയിരിക്കും പിഴ ശിക്ഷ. ഇതിനു പുറമേ ഒരു മാസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നേക്കാം, കൂടാതെ പിടിക്കപ്പെടുന്ന ഹുറൂബുകാരനെ സ്പോന്സരുടെ ചിലവില്‍ നാട് കടത്തും. ഒരു വര്‍ഷത്തേക്കുള്ള വിദേശ റിക്രൂട്ടുമെന്റിനും നിരോധനം ഉണ്ടാവും. പിഴവ് ആവര്‍ത്തിക്കപ്പെടുമ്പോള്‍ റിക്രൂട്ട്മെന്റ് നിരോധന കാലയളവും വര്‍ധിക്കും. കൂടാതെ പ്രസ്തുത തൊഴിലാളി നടത്തുന്ന എല്ലാ നിയമ ലംഘനങ്ങള്‍ക്കും സ്പോന്സര്‍ക്ക് കൂടി ഉത്തരവാദിത്വം ഉണ്ടാവും.

 

(ഹുറൂബും ചതിക്കുഴികളും എന്ന രണ്ടാം ഭാഗം നാളെ )

 

Permanent link to this article: http://pravasicorner.com/?p=3231

Copy Protected by Chetan's WP-Copyprotect.