«

»

Print this Post

ഹുറൂബും ചതിക്കുഴികളും (ഹുറൂബ്‌ – രണ്ടാം ഭാഗം)

 

ഹുറൂബിനെപ്പറ്റിയുള്ള അഡ്വ.ഷിയാസ്‌ കുഞ്ഞിബാവയുടെ ലേഖനത്തിന്‍റെ രണ്ടാം ഭാഗം

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയെ സംബന്ധിച്ചിടത്തോളം തൊഴില്‍ വിസയില്‍ വിദേശ തൊഴിലാളിയെ കൊണ്ട് വരുന്ന ഒരു സ്പോന്സര്‍ക്ക് തന്റെ തൊഴിലാളിയുടെ മേല്‍ പരമാധികാരമാനുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരന്റെ പ്രവാസജീവിതം ഒരു തരത്തിലുള്ള അടിമ ജീവിതമാണെന്ന് പറയാം. തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റും ഇഖാമയും തുടങ്ങി എല്ലാ നിയമപരമായ രേഖകള്‍ക്കും കാര്യങ്ങള്‍ക്കും സ്പോണ്സര്‍ കനിയണം. സ്പോന്സരുടെ അനുമതിയും സമ്മതപത്രവും ഉണ്ടെങ്കില്‍ മാത്രമേ എല്ലാം സാധിക്കൂ.തൊഴിലാളിക്ക് മാതൃരാജ്യത്തേക്ക് പോകേണ്ടി വന്നാല്‍, ആധികാരികമായി രാജ്യം വിടാനുള്ള എക്സിറ്റ്‌/റീഎന്‍ട്രി രേഖകള്‍ക്കും സ്പോന്സരുടെ അനുമതി നിര്‍ബന്ധമാണ്. മാത്രമല്ല സൗദി നിയമ പ്രകാരം നിയമ വിരുദ്ധമാണെങ്കിലും ഭൂരിഭാഗം തൊഴിലാളികളുടെയും പാസ്പോര്‍ട്ടിന്റെ അനൌദ്യോഗിക സൂക്ഷിപ്പുകാരന്‍ മിക്കവാറും സ്പോണ്സര്‍ ആയിരിക്കും. സൗദിനിയമങ്ങളില്‍ പ്രത്യേകിച്ച് തൊഴില്‍ നിയമത്തില്‍ നല്‍കിയിട്ടുള്ള ഒരുപാട് തൊഴിലാളി അനുകൂല നിലപാടുകള്‍ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ നിന്നും മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന തൊഴിലുടമയോടുള്ള വിധേയത്വം അവനെ വിലക്കുന്നു. എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും എല്ലാം സഹിച്ചു തന്റെ കണ്ണീരും വിയര്‍പ്പും നല്‍കി ഇവിടെ തുടരാനും ഒരുവേള ആടുജീവിതം നയിക്കാനും ഗള്‍ഫ്‌ ജീവിതം നെഞ്ചോട്‌ ചേര്‍ത്ത പ്രവാസികളെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്. 

ഹുറൂബ് ആകുന്നവരില്‍ നാല് വിഭാഗങ്ങള്‍ ഉണ്ട്. ന്യായമായ സേവന വേതന ആനുകൂല്യങ്ങള്‍ സ്പോന്സറാല്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കുന്നതോടെ പ്രതികാര നടപടിയായി സ്പോണ്സര്‍ ഹുറൂബ് ആക്കുന്ന തൊഴിലാളികള്‍ ആണ് ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍. കോടതിയില്‍ കേസ് നല്‍കി അതില്‍ തൊഴിലാളിക്ക് അനുകൂല തീര്‍പ്പുണ്ടായാലും പ്രതികാര നടപടിയായി ചില സ്‌പോണ്‍സര്‍മാര്‍ ‘ഹുറൂബ്’ ആക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു പല കാരണങ്ങളാലും സ്പോന്സരുമായി ബന്ധപ്പെടാന്‍ കഴിയാതെയോ സ്പോന്സരുടെ പക്കല്‍ നിന്ന് ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെയോ വരുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കാതെ ഒളിച്ചോടുന്ന വിഭാഗക്കാരാണ് രണ്ടാമത്തെ വിഭാഗം. സ്പോന്സരുടെ കീഴില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഹുറൂബാക്കപ്പെടുന്നവരാന് മൂന്നാമത്തെ വിഭാഗം. ഫ്രീ വിസ കച്ചവടത്തിന് വേണ്ടി ഹുറൂബ് ആക്കപ്പെടുന്നവരാന് നാലാമത്തെ വിഭാഗം. സാഹചര്യങ്ങളാണ് ആദ്യ രണ്ടു വിഭാഗങ്ങളിലും തൊഴിലാളിയെ ഇതിനു പ്രേരിപ്പിക്കുന്നത് എങ്കിലും യാതൊരു ന്യായീകരണവുമില്ലാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാന് ഹുറൂബ് ആക്കുന്നതിലൂടെ ഈ നാല് വിഭാഗത്തിലും ഉള്‍ക്കൊള്ളുന്നത്. സ്പോന്സരുടെ അറിവോടെ പുറത്തു ജോലി ചെയ്യുന്നവരാണെന്കിലും സ്പോണ്സര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കൃത്യമായി ബന്ധപ്പെട്ടിട്ടില്ലെന്കില്‍ അവരെ ഹുറൂബ് ആക്കുന്ന സ്പോന്സര്മാരുമുണ്ട്. സ്പോന്സര്മാരുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ (പ്രതിമാസ ഫീസ്‌ കൂട്ടി ചോദിക്കല്‍ തുടങ്ങിയവ) ഒഴിവാക്കാനായിയിരിക്കും ഇവര്‍ ബന്ധപ്പെടാതിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് എജെന്റുമായി മാത്രം ബന്ധപ്പെട്ട് സ്പോണ്സറെ ഒരിക്കല്‍ പോലും ബന്ധപ്പെടാതിരുന്നവരെ അതേ കാരണം  കൊണ്ട് തന്നെ ഹുറൂബാക്കിയ സ്പോന്സര്മാരും ഉണ്ട്. പലരും തങ്ങളുടെ നിയമപരമായ കാര്യങ്ങള്‍ അതായത് ഇഖാമ പുതുക്കല്‍ തുടങ്ങിയവ ഏജന്റുമാര്‍ മുഖേന ചെയ്യിക്കും. പ്രസ്തുത ഏജന്റു പറ്റിക്കുമ്പോഴോ, സ്പോന്സരുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടതാത്താതാവുമ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു ഹുറൂബ് ആക്കപ്പെടുന്നവരും കുറവല്ല. 

ഹുറൂബ് ആകുന്നവരില്‍ 90 ശതമാനവും ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ ആണ്. ഹുറൂബ്‌ ആക്കപ്പെടുന്നവരില്‍ ഉന്നത പദവികളിലുള്ള 10 ശതമാനം പേരുംഉള്‍പ്പെടുന്നുവെന്നത് അതിലേറെ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുതയാണ്. ഹുറൂബിന്റെ മറ്റൊരു കാരണക്കാര്‍ അനധികൃത വിസാ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മദ്ധ്യവര്തികളും എജെന്റുമാരുമാണ്.

സൌദിയിലെ മാന്‍പവര്‍ കമ്പനിക്കാരുടെ അമിത ലാഭത്തിതിനുള്ള ആര്‍ത്തിയില്‍ കുടുങ്ങി ഹുറൂബായ പ്രവാസികളും കുറവല്ല. സൌദിയിലെ വിവിധ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ തൊഴിലാളികളെ കരാടിസ്ഥാനത്തില്‍ എത്തിച്ചു കൊടുക്കുന്നവരാണ് ഇവിടുത്തെ മാന്‍പവര്‍ സപ്ലൈ കമ്പനികള്‍. കമ്പനികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ല ഒരു ഭാഗമെടുത്ത് ബാക്കി തൊഴിലാളിയുടെ ശമ്പളമായി കണക്കാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാട് മാന്‍പവര്‍കമ്പനികള്‍ സൌദിയിലുണ്ട്. അതേ സമയം തന്നെ തൊഴിലാളികളെ വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ചില ഏജന്‍സികളാണ് ഇവര്‍ക്ക് അപവാദമാവുന്നത്.

പല വ്യാജ വാഗ്ദാനങ്ങളും നല്‍കി നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവരുന്ന ഏജന്‍സികള്‍ ഇത് പാലിക്കാറില്ല എന്ന് മാത്രമല്ല ഉള്ള ശമ്പളം കൂടി നല്‍കാറില്ല. പല ഏജന്‍സികളും ഒന്നോ രണ്ടോ മാസത്തെ ശമ്പളം കുടിശ്ശികയായി വാങ്ങി വെച്ചിട്ടുണ്ടാകും. സേവന വേതന വ്യവസ്തകളെക്കുറിച്ചു എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ആ പണം പോലും നല്‍കാതെ സ്പോന്സറില്‍ സമ്മര്‍ദ്ദം ചെലുത്തി ആ തൊഴിലാളിയെ ഹുറൂബ് ആക്കുന്നു.   

ഹുറൂബാക്കുന്നതിലെ രഹസ്യ അജണ്ട 

സൗദി തൊഴില്‍ നിയമത്തിലെ 74 മുതല്‍ 83 വരെയുള്ള വകുപ്പുകള്‍ തൊഴില്‍ കരാറിന്റെ റദ്ദാക്കലിനെ സംബന്ധിച്ചുള്ളതാണ്.ഇതില്‍ അഞ്ചാം അധ്യായത്തില്‍ മൂന്നാം  ഭാഗത്തില്‍ വകുപ്പ് 80  പ്രകാരം ഒരു തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചു വിടാന്‍ ആവശ്യമായ ഒന്‍പതു കാരണങ്ങള്‍ പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ നിയമപ്രകാരം ഒരു തോഴിലാളിയുടെ തൊഴില്‍ കരാര്‍ റദ്ദാക്കണമെങ്കില്‍ അതിനുള്ള കാരണങ്ങളും റദ്ദാക്കുന്നതിനു മുന്‍പുള്ള  മുപ്പതു ദിവസത്തെ നോട്ടീസും തുടങ്ങിയ നടപടി ക്രമങ്ങള്‍ സ്പോണ്സര്‍ പാലിക്കേണ്ടതുണ്ട്. അതില്ലാതെ തന്നെ പിരിച്ചു വിടാവുന്ന പല കാരണങ്ങളും ഈ വകുപ്പില്‍ പറയുന്നുണ്ടെങ്കിലും ഇതിലെ ഏഴാം ഉപവകുപ്പ് പ്രകാരം ഒരു തൊഴിലാളി പലപ്പോഴായി 20 ദിവസം അല്ലെങ്കില്‍ തുടര്‍ച്ചയായ 10 ദിവസം എന്നിങ്ങനെ ജോലിയില്‍ ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടാമെന്ന് പറയുന്നു. എങ്കില്‍ തന്നെയും ഈ വകുപ്പ് പ്രകാരം തൊഴിലാളിക്ക് തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം നല്‍കേണ്ടി വരുന്നു. അതുപോലെ പിരിച്ചുവിടല്‍ അന്യായമായിട്ടാനെന്കില്‍ തൊഴിലാളി തൊഴില്‍ കോടതിയെ  സമീപിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഈ നടപടി ക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ഒരു ഉപാധിയായിട്ടാണ് മിക്ക സ്പോന്സര്മാരും ഹുറൂബിനെ ഉപയോഗിക്കുന്നത്.

തൊഴിലാളിയെ ഹുറൂബ് ആക്കുമ്പോള്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കല്‍, മുന്‍കൂര്‍ നോട്ടീസ്‌ നല്‍കല്‍, തൊഴിലാളിയുടെ വിശദീകരണം കേള്‍ക്കല്‍ എന്നീ ബാധ്യതകളില്‍ നിന്നെല്ലാം തൊഴിലുടമ മുക്തനാവുന്നു. ഹുറൂബ് ആക്കുന്നതോട് കൂടി തൊഴില്‍ കരാര്‍ റദ്ദാവുന്നു എന്ന് മാത്രമല്ല തൊഴിലാളിക്ക് നിയമപരമായ മറ്റു അവകാശങ്ങളെല്ലാം നഷ്ടമാവുകയും അത് പുനസ്ഥാപിക്കുന്നതിനു ശ്രമകരങ്ങളായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ടാതായും വരുന്നു. അത് പോലെ തന്നെ തൊഴിലാളിക്ക് നിയമപ്രകാരം നല്‍കേണ്ട എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ നിന്നും സ്പോണ്സര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. അയാള്‍ക്ക്‌ പ്രസ്തുത തൊഴിലാളിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായമായ വിമാന ടിക്കറ്റ് പോലും നല്‍കേണ്ടി വരുന്നില്ല.

(നാളെ : അനധികൃത ഹുരൂബില്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം?)

Permanent link to this article: http://pravasicorner.com/?p=3312

Copy Protected by Chetan's WP-Copyprotect.