«

»

Print this Post

അനധികൃത ഹുരൂബില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി (ഹുറൂബ്‌ – മൂന്നാം ഭാഗം)

 

ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനിരയായ ആളുടെ ജീവിതം ചിന്തിക്കാന്‍ കഴിയാത്തത്ര നരകതുല്യമായി മാറുന്നു. അയാള്‍ക്ക്‌ ഈ രാജ്യത്തു നിയമപരമായി താമസിക്കാനുള്ള അവകാശം റദ്ദാവുകയും അനധികൃത താമസക്കാരനായി മാറുകയും ചെയ്യുന്നു. ഔദ്യോഗിക അനുമതി ഇല്ലാത്തതിനാല്‍ പിന്നീട് ഇവിടെ താമസിക്കുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സൌകര്യങ്ങളും അയാള്‍ക്ക്‌ നിഷേധിക്കപ്പെടുന്നു. ആശുപത്രിയില്‍ ചികില്‍സ തേടാനോ തൊഴിലെടുക്കാണോ യാത്ര ചെയ്യാനോ രാജ്യത്തിന് പുറത്തു പോകാനോ സാധിക്കാതെ വരുന്നു. ഇത്തരം അനധികൃത ജോലിക്കാരെ ജോലിക്ക് വെക്കുന്നവര്‍, അവരുടെ സ്പോന്സര്മാര്‍, വാഹനത്തില്‍ കൊണ്ട് പോകുന്നവര്‍ എന്നിവര്‍ക്കും ശിക്ഷ ലഭിക്കും. തൊഴിലാളി എന്ന നിലയിലും താമസക്കാരന്‍ എന്ന നിലയിലുമുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതോടെ പിന്നീട് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളിലൂടെ നാടുകടത്തല്‍ കേന്ദ്രമായ ‘തര്‍ഹീലി’ലൂടെ (DEPORTATION CENTRE) മാത്രം നാട്ടില്‍ പോകാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഹുറൂബ് ആകുന്നവരില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് അന്യായ ഹുറൂബിനെതിരെ ലഭ്യമായ അനുകൂല നിയമ നടപടികള്‍ സ്വീകരിച്ചു നിയമ പോരാട്ടം നടത്തുന്നത്. ഹുറൂബ് ആയാല്‍ എല്ലാം കഴിഞ്ഞു എന്നാണു പൊതുവായ ധാരണ. എന്നാല്‍ ഏതു നിയമത്തിലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന ആര്‍ക്കും നിയമ പരിരക്ഷ നല്‍കുന്നില്ല. അത് തെറ്റാണ് എന്ന് തെളിയിക്കാനുള്ള അവകാശം എതിര്‍ പാര്‍ട്ടിക്കും നിയമം നല്‍കുന്നുണ്ട്.

സൗദി നിയമങ്ങളും അന്യായമായ ഹുറൂബിനെതിരെ പോരാടാനുള്ള വഴികള്‍ തൊഴിലാളിക്ക് മുന്‍പില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ തൊണ്ണൂറു ശതമാനം പേരും ഒന്നുമില്ലാതെ നിയമക്കുരുക്കുകള്‍ സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ ‘തര്‍ഹീല്‍’ മുഖേന നോവുന്ന മനസ്സുകളുമായി നാടണയുന്നു. പിന്നെയൊരിക്കലും സൌദിയിലേക്കുള്ള പിന്മടക്കം സാധ്യമാവില്ലെന്ന ദുഃഖസത്യം ഉള്‍ക്കൊണ്ട്‌തന്നെ.

ഒരിക്കല്‍ ഹുറൂബ് ആയി തര്‍ഹീല്‍ വഴി രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ആജീവനാന്തം സൌദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കില്ല. വിരലടയാളം പരിശോധിക്കുന്ന സമയത്ത് അയാളെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരും. സ്പോണ്സര്‍ നേരിട്ട് ഇടപെട്ടു ഹുറൂബ് മാറ്റി എക്സിറ്റ് വിസ സ്റാമ്പ് ചെയ്‌താല്‍ മാത്രമേ സാധാരണ ഗതിയില്‍ തിരിച്ചു വരാന്‍ സാധിക്കൂ. ഹുറൂബായി തര്‍ഹീല്‍ വഴി നാട്ടിലെത്തുന്ന പ്രവാസികള്‍ മറ്റു വിസയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടും. സാധാരണഗതിയില്‍ ഇങ്ങനെ പിടിയിലാകുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ല. കംപ്യുട്ടര്‍ നെറ്റ്വര്‍ക്ക് മൂലം പരസ്പരം ബന്ധപ്പെടുത്തുന്നതിനാല്‍ ജി.സി.സി രാജ്യങ്ങളിലേക്കും യാത്രാനിരോധനം ബാധകമാവും. 

സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെട്ടു രക്ഷപ്പെടുത്തുന്നവരെന്ന പേരില്‍ പത്രതാളുകളില്‍ നിറയുന്ന ഹുറൂബ്കാരുടെ വിജയ കഥകള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെയല്ല. പ്രശ്നത്തിലിടപെടുന്ന സാമൂഹിക പ്രവര്‍തകര്‍ സ്പോന്സരുമായുള്ള പ്രഥമ സംസാരത്തില്‍ തൊഴിലാളിയുടെ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സ്പോണ്സര്‍ തയ്യാറല്ല എന്ന് കാണുന്നതോടെ ശരിയായ എക്സിറ്റ് നല്‍കിയാല്‍ മതി എന്ന ആവശ്യത്തിലേക്ക് വരുന്നു. അങ്ങിനെ എക്സിറ്റ് ലഭിച്ചാല്‍ പോലും വലിയ വിജയമായാണ് ഹുറൂബുകാര്‍ കാണുന്നത്. കാരണം അവര്‍ക്ക് പിന്നീട് സൌദിയിലേക്ക് മറ്റു വിസകളില്‍ തിരിച്ചു വരാനും മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് നിയമപ്രകാരം പോകാനും ജോലിയെടുക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഹുറൂബാകുന്നവരില്‍ ബഹുഭൂരിഭാഗവും മറ്റൊന്നും ആവശ്യപ്പെടാറില്ല. ശരിയായ എക്സിറ്റില്‍ സൌദിയില്‍ നിന്ന് പുറത്തു പോകാനുള്ള സ്പോന്സരുടെ അനുവാദമൊഴികെ. അതിനു വേണ്ടി തന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സ്പോണ്സര്‍ എന്ത് മനസ്സില്‍ കരുതിയോ അത് നടപ്പാകുന്നു.

ഹുറൂബില്‍ ആയ തൊഴിലാളി ഡീപോട്ടേഷന്‍ സെന്ററിലെതിയാല്‍ ആദ്യം ലേബര്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അവിടെ നിന്ന് അധികൃതര്‍ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. പരസ്പര ബാധ്യതകാളോ മറ്റോ ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണത്. സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഒരാഴ്ചത്തേക്ക് കൂടി കേസ് മാറ്റിവെക്കും. വീണ്ടും സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. പരമാവധി മൂന്നുതവണയാണ് ഇത്തരത്തിലുള്ള ശ്രമം നടക്കുക. അതിനു ശേഷവും സ്‌പോണ്‍സരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഹുരൂബായ വിദേശിയുടെ വിരലടയാളം ശേഖരിച്ച് പൊലീസ് സ്‌റ്റേഷനുകള്‍ വഴി ഇയാള്‍ കുറ്റവാളിയല്ലെന്ന് ഉറപ്പു വരുത്തും. ഇതുകഴിഞ്ഞാല്‍ സ്വാഭാവികമായും എക്‌സിറ്റ് നല്‍കുകയാണ് ചെയ്യുന്നത്. പാസ്സ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട്‌ന്റെ കോപ്പിയുടെയോ തിരിച്ചറിയല്‍ രേഖകലുടെയോ അടിസ്ഥാനത്തില്‍ എംബസി നല്‍കുന്ന ഔട്ട് പാസ് ഉപയോഗിക്കാം. രോഗികളായ പലര്‍ക്കും സാമൂഹിക പ്രവര്‍ത്തകരുടെ ജാമ്യത്തില്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങളില്ലാതെ തന്ന എക്‌സിറ്റ് നല്‍കാന്‍ സൗദി അധികൃതര്‍ സന്മനസ്സ് കാണിക്കാറുണ്ട്. ഇപ്പോഴിതാ ഇ.സി ലഭിക്കണമെങ്കില്‍ പോലീസ്‌ ക്ലിയറന്‍സ്‌ കൂടി വേണമെന്ന പുതിയ നിബന്ധന എംബസ്സിയുടെ മുന്നോട്ടു വെച്ചിട്ടുണ്ട്.

ഏതു നിയമവും നിരപരാധികള്‍ക്കു നേരെ അന്യായമായി പ്രയോഗിക്കുകയാനെന്കില്‍ അങ്ങിനെ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അത് ‘ശരിഅ’ നിയമവും ലോക തത്വവുമാണ്. അന്യായമായ ഹുറൂബ് മാറ്റാന്‍ കഴിയില്ലെന്നു സൌദിയിലെ ഒരു നിയമത്തിലും പറയുന്നില്ല. കുറ്റവാളികളെ രക്ഷിക്കാന്‍ കഴിയില്ല എന്നെത് ശരിയാണ്. ഹുറൂബാക്കിയത് ന്യായമായ കാരണത്താല്‍ ആണെങ്കില്‍ അത് മാറ്റണമെന്നു ആവശ്യപ്പെടാന്‍ സ്പോന്സര്‍ക്കോ സാമൂഹിക പ്രവര്തകര്‍ക്കോ നയതന്ത്ര കാര്യാലയങ്ങള്‍ക്കോ കഴിയില്ല എന്നത് നേര് തന്നെ. അത് പോലെതന്നെ ഹുറൂബാക്കിയ തൊഴിലാളിക്ക് പകരം മറ്റൊരു തൊഴിലാളിയെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും പരിഹാറാം അകലെയാണ്.  എന്നാല്‍ അന്യായമായാണ് ഹുറൂബാക്കിയെന്കില്‍ അത് മാറ്റാന്‍ സാധിക്കുമെന്ന് തന്നെയാണ് ‘ഡോ.മുഹമ്മദ്‌ നാദറി’നെപ്പോലെയുള്ള സൗദി നിയമ വിദഗ്ദന്മാര്‍ പറയുന്നത്. അതിനായി തക്ക സമയത്ത് തക്കതായ അധികാര കേന്ദ്രങ്ങളെ സമീപിക്കുകയും താന്‍ ഒളിച്ചോടിയിട്ടില്ലെന്നു തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കുകയും വേണം. 

സ്പോണ്സര്‍ ഹുറൂബ് ആക്കിയതിന് ശേഷം മാത്രമാണ് പലരും അതിനെതിരെ നടപടി എടുക്കുന്നതിനു വേണ്ടി സാമൂഹിക പ്രവര്തകരെയോ നയതന്ത്ര കാര്യാലയങ്ങളെയോ സമീപിക്കുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഹുറൂബാക്കിയാല്‍ പിന്നെ തൊഴില്‍ കോടതിയെയോ ഗവര്‍ണറേറ്റിനേയോ നേരിട്ട് സമീപിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന സ്പോണ്സര്‍ ഉടനെ ഹുറൂബാക്കാന്‍ ജവാസാതിനെ സമീപിക്കുന്നു. (വിസയുടെ കോപ്പിയോ സ്പോന്സരുടെ വിലാസമോ നമ്പരോ ഉണ്ടെങ്കില്‍ നേരിട്ട് ബന്ധപ്പെടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നയതന്ത്ര കാര്യാലയങ്ങള്‍ക്കും സാധിക്കും.)

ഹുറൂബ് ആകുമെന്ന സാഹചര്യത്തില്‍ സ്പോന്സരില്‍ നിന്നും ഓടി രക്ഷപ്പെടുകയാണ് പ്രവാസി മലയാളികളില്‍ അധികം പേരും ചെയ്യുന്നതായി കണ്ടു വരുന്നത്. ഇത് ബുദ്ധി ശൂന്യതയാണെന്നു മാത്രമല്ല ഭാവിയില്‍ വളരെ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. സൌദിയിലെ ഇന്നത്തെ കഫാല സമ്പ്രദായത്തില്‍ സ്പോന്സരുടെ സഹകരണമില്ലാതെ തര്‍ഹീല്‍ വഴിയാണെന്കിലും പുറത്തു പോകാനാവില്ല. അല്ലാത്ത പക്ഷം അതിനായി ഉന്നത അധികൃതരുടെ വിധി തന്നെ വേണ്ടി വരും. അതിനാല്‍ ഒരു കാരണവശാലും ഒളിച്ചോടുന്നത് ബുദ്ധിയല്ല. അങ്ങിനെ ഒളിച്ചോടുന്നതിലൂടെ നിങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

സ്പോണ്സര്‍ ഹുറൂബ് ആക്കും എന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കില്‍ അതിനെ മുന്കൂ്ട്ടി പ്രതിരോധിക്കാനാണ് തൊഴിലാളി ശ്രമിക്കേണ്ടത്. അന്യായമായ ആരോപണങ്ങള്‍ നിങ്ങളുടെ മേല്‍ ചുമത്തി ഹുറൂബ് ആക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ ഒരു പരാതിയെന്കിലും നല്കുകക. അതിന്റെ ഒരു കോപ്പി കയ്യില്‍ കരുതുക. അതിലൂടെ നിങ്ങള്‍ ഒളിചോടിയിട്ടില്ല എന്നും മറിച്ചുള്ള ആരോപണങ്ങള്‍ കളവാണ് എന്നും തെളിയിക്കാനും ഭാവിയില്‍ സ്പോന്സരില്‍ നിന്ന് പ്രശ്നങ്ങള്‍ണ്ടായാല്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതിനും നിങ്ങള്ക്ക് സാധിക്കും. അതിനാവശ്യമെന്കില്‍ നയതന്ത്ര കാര്യാലയങ്ങളുടെയോ സാമൂഹിക പ്രവര്തകരുടെയോ നല്ലവരായ സൗദി പൌരന്മാരുടെയോ സഹായം തേടുക. 

(സാമൂഹിക പ്രവര്ത്തികരുടെ സഹായത്തോടെ അത്തരമൊരു ബുദ്ധിപരമായ നീക്കത്തിലൂടെ ഹുറൂബ് ഒഴിവാക്കി ഇഖാമ പുതുക്കി തൊഴില്‍ വിസയില്‍ തുടരാന്‍ അനുമതി നേടിയവരാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാരായിരുന്ന ആലപ്പുഴ കലവൂര്‍ കാട്ടൂര്‍ സ്വദേശി പളളിപ്പറമ്പില്‍ സ്മിത എഡ്‌വേര്ഡ്, എറണാകുളം അങ്കമാലി സ്വദേശി വര്ഗീസസ് ബിന്സി, കോഴിക്കോട് താമരശേരി സ്വദേശി മയ്കാവ് ചാക്കോ അനുമോള്‍ എന്നിവര്‍. പറഞ്ഞ ശമ്പളം നല്‍കാതെയും കാലാവധിക്കു ശേഷവും തൊഴില്‍ കരാര്‍ പുതുക്കാതെയും ഇവരെ ബുദ്ധിമുട്ടിച്ച സ്പോണ്സര്‍ പിന്നീട് എട്ടു മാസത്തെ ശമ്പള കുടിശ്ശികയും വരുത്തി. ഇതിനെതിരെ ഇവര്‍ കഴിഞ്ഞ വര്ഷം‍ മാര്‍ച്ചില്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. തുടര്ന്ന്  എംബസ്സിയുടെ അധികാരപത്രം ലഭിച്ച സാമൂഹിക പ്രവര്ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്ര വര്ഷം കഴിഞ്ഞിട്ടും ഇതില്‍ ഒരാള്ക്ക് ‌ ഇഖാമ എടുത്തിരുന്നില്ലെന്നും രണ്ടാളുടെ ഇഖാമ പിന്നീട് പുതുക്കിയിരുന്നുമില്ല എന്ന് കണ്ടെത്തി. തൊഴിലുടമയുമായി സംസാരിച്ച സാമൂഹിക പ്രവര്ത്തകര്‍ക്ക് സ്ഥാപനം നഷ്ടത്തിലായതിനാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്.

തനിക്കെതിരെ നിയമ നടപടികളുമായി നഴ്സുമാര്‍ മുന്നോട്ടു പോകുമെന്ന് ഉറപ്പായ സ്പോണ്സര്‍ ഇവര്ക്കെതിരെ ഒളിച്ചോടിപ്പോയവരാണെന്ന് കാണിച്ച് ജവാസാത്ത് അധികൃതര്ക്ക്  പരാതി നല്കി‍ ‘ഹുറൂബ്’ ആക്കിയത്. ഹുറൂബ് ആയവര്‍ക്ക് തൊഴില്‍ കോടതിയിലും ഗവര്‍ണറേറ്റിലും പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. എന്നാല്‍ അതിനു മുന്‍പ് തന്നെ ഇവര്‍ നേരത്തെ തന്നെ ഗവര്‍ണറേറ്റിലെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്പ്പിച്ചിരുന്നു.ഇതറിയാത സ്പോണ്സര്‍ ഇവര്‍ വളരെ മുന്‍പ് തെന്നെ ഒളിച്ചോടിപ്പോയതാണെന്നും അതിനാല്‍ തനിക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും വാദിച്ചുവെന്കിലും ഗവര്‍ണറേറ്റിലും ജവസാതിലും ഇരു കൂട്ടരും നല്‍കിയ പരാതികള്‍ താരതമ്യം ചെയ്ത അധികൃതര്‍ ഗവര്‍ണറേറ്റിലെ പരാതി വളരെ മുന്‍പ് തന്നെ സമര്‍പ്പിച്ചിരുന്നതാനെന്നു കണ്ടെത്തി സ്പോണ്സര്‍ ജവാസാതില്‍ നല്‍കിയ പരാതി തള്ളി കളയുകയായിരുന്നു. ഇവര്ക്ക് ആവശ്യമെന്കില്‍ സ്പോന്സര്ഷിപ്പ്‌ മാറ്റാനുള്ള അനുമതിയും ലഭിച്ചു.)

 

Permanent link to this article: http://pravasicorner.com/?p=3399

Copy Protected by Chetan's WP-Copyprotect.