«

»

Print this Post

സൗദി തൊഴില്‍ കരാര്‍: തൊഴില്‍ നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ നിലനില്‍ക്കില്ല

റിയാദില്‍ ജോലി ചെയ്യുന്നു. കണ്ണൂരാണ്‌ സ്വദേശം. വന്ന ഉടനെ കഫീല്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു. കോപ്പിയൊന്നും കയ്യിലില്ല. അടുത്ത ഏപ്രിലില്‍ നാല് വര്ഷം തികയും. നാട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ നമ്മല്‍ തമ്മില്‍ അഞ്ചു വര്‍ഷത്തെ കരാര്‍ ആണുള്ളതെന്നും അതിനു മുന്‍പ് പോകാന്‍ പറ്റില്ല എന്നും കഫീല്‍ പറയുന്നു. കുടുംബപരമായ കാരണങ്ങള്‍ മൂലം എനിക്ക് എക്സിറ്റില്‍ പോയേ തീരൂ.  ഞാന്‍ എന്ത് ചെയ്യണം? – അഷ്‌റഫ്‌.

അത്തരമൊരു കരാറിനു നിലനില്‍പ്പില്ല. സൗദി തൊഴില്‍ നിയമത്തിലെ പ്രധാന വ്യവസ്ഥകളില്‍ ഒന്ന് തന്നെ തൊഴിലാളിക്ക് വാര്ഷികാവധി നല്‍കണം എന്നാണു. അഞ്ചു വര്ഷം വരെ വര്‍ഷത്തില്‍ ഇരുപത്തി ഒന്ന് ദിവസവും അതിനു ശേഷം മുപ്പതു ദിവസവും ആണ് കണക്ക്. ഈ വാര്‍ഷികാവധിയുടെ  കാര്യത്തില്‍ ചില നീക്കു പോക്കുകള്‍ നടത്താമെന്നല്ലാതെ വാര്ഷികാവധി അനന്തമായി നീട്ടികൊണ്ടു പോകാനുള്ള സ്വാതന്ത്ര്യം സ്പോണ്‍സര്‍ക്കില്ല. അടിയന്തിര ജോലിസാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിലേക്കു തൊഴിലാളിയുടെ സാന്നിധ്യം ആവശ്യമാണെങ്കില്‍ പ്രസ്തുത തൊഴിലാളിയുടെ വാര്ഷികാവധി നീട്ടാന്‍ സ്പോണ്‍സര്‍ക്കു സാധിക്കുക പരമാവധി 90 ദിവസം മാത്രമാണ്. അതിനു പോലും അയാള്‍ തൊഴിലാളിയുടെ സമ്മതം എഴുതി വാങ്ങണം എന്നാണു സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 110 പറയുന്നത്.

എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ അഞ്ചു വര്‍ഷത്തേക്ക് നാട്ടില്‍ പോകാന്‍ പാടില്ല എന്ന് പറയുന്നത് സ്വാഭാവിക നീതിക്കും, ഇസ്ലാമിക മൂല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും നിരക്കാത്തതാണ്. മാത്രമല്ല സൗദി തൊഴില്‍ നിയമത്തിന്റെ വകുപ്പുകള്‍ക്കും അന്തസത്തക്കും യോജിക്കാത്തതുമായ എന്ത് നിബന്ധനകള്‍ ഉള്‍പ്പെടുത്തി കരാര്‍ ഉണ്ടാക്കിയാലും സൗദി തൊഴില്‍ നിയമത്തിലെ എട്ടാം വകുപ്പനുസരിച്ച്  അവ നിലനില്‍ക്കാത്തതും അസാധുവുമാണ്. കൂടാതെ നാലാം വകുപ്പനുസരിച്ച്  തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തൊഴില്‍ കരാര്‍ നടപ്പിലാക്കുമ്പോള്‍ ‘Shariah‘ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന നിബന്ധനക്കും ഇത് എതിരാണ്. 

അതിനാല്‍ സ്പോണ്‍സര്‍ നിങ്ങള്‍ ഒപ്പിട്ടു കൊടുത്ത പേപ്പറില്‍ കളവായി എഴുതി ഉണ്ടാക്കിയ ഈ കരാറിനു നിലനില്‍പ്പില്ല. കോപ്പി കയ്യിലില്ലെങ്കിലും സ്പോണ്സര്‍ തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ആ കരാര്‍ അയാള്‍ക്ക്‌ ഹാജരാക്കേണ്ടി വരും. എവിടെയും അതിന്‍റെ  സാധുതയെ നിര്‍ഭയം ചോദ്യം ചെയ്യാം. ഇഖാമ തീരുന്ന തിയ്യതിക്ക് മുപ്പതു ദിവസം മുന്‍പ് ജോലി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന മുന്‍കൂര്‍ നോട്ടീസ് നല്‍കി ജോലി അവസാനിപ്പിക്കാവുന്നതാണ്.

Permanent link to this article: http://pravasicorner.com/?p=349

Copy Protected by Chetans WP-Copyprotect.