«

»

Print this Post

ഹുറൂബ് പിന്‍വലിക്കാനാവില്ല, നിയമ പരിഷ്കാരം പ്രാബല്യത്തില്‍ ( ഹുറൂബ് – നാലാം ഭാഗം)

 

ഹുറൂബിനെപ്പറ്റിയുള്ള അഡ്വ.ഷിയാസ്‌ കുഞ്ഞിബാവയുടെ ലേഖനത്തിന്റെ നാലാം ഭാഗം

 

ഹുറൂബ് സംബന്ധിച്ച പുതിയ ക്രമീകരണങ്ങളും വ്യവസ്ഥകളും വിശദീകരിക്കുന്ന സര്‍ക്കുലര്‍ എല്ലാ ലേബര്‍ ഓഫീസുകളിലേക്കും ശാഖകളിലേക്കും തൊഴില്‍ മന്ത്രാലയം അയച്ചു കഴിഞ്ഞു. തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അഹമദ്‌ ബിന്‍ സാലിഹ് അല്‍ ഹുമൈദാന്‍ ആണ് പുതിയ ഹുറൂബ് വ്യവസ്ഥകള്‍ അടങ്ങിയ സര്‍ക്കുലറില്‍ ഒപ്പ് വെച്ചിരിക്കുന്നത്.ഇത് പ്രകാരം ഹുറൂബ് നടപടികള്‍ ലഘുകരിക്കുന്നതോടെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്ന നിരവധി പേര്‍ക്ക് ഡീപോര്‍ട്ടെഷന്‍ സെന്ററിലൂടെയല്ലാതെ മടക്കയാത്രക്ക് സാധിക്കും. 

കഴിഞ്ഞ സെപ്തംബര്‍ 17 മുതല്‍ ഹുറൂബ് റദ്ദാക്കുന്നതിനുള്ള അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നില്ല.  അതേ സമയം ഒളിച്ചോടിയ തൊഴിലാളിയെ ഹുറൂബ് ആക്കാന്‍ തൊഴിലുടമക്ക് ഇപ്പോഴും സാധിക്കും. പുതിയ വ്യവസ്ഥപ്രകാരം അന്യായമായി ഹുറൂബ് ആക്കിയ തൊഴിലുടമകള്‍ക്ക്‌ എതിരെ നടപടികളുമായി മുന്നോട്ടു പോകാന്‍ തൊഴിലാളികള്‍ക്കും സാധിക്കും. എന്നാല്‍ ഒരിക്കല്‍ നല്‍കിയ ഹുറൂബ് ഹര്‍ജി പിന്‍വലിക്കാനോ,ഒരിക്കല്‍ ഹുറൂബ് ആക്കിയ നടപടി പിന്‍വലിക്കനോ സ്പോന്സര്‍ക്കുള്ള അവകാശം നഷ്ട്ടപെട്ടിട്ടുണ്ട്. അതേ സമയം അന്യായമായ ഹുറൂബ് പിന്‍വലിക്കാനുള്ള വ്യക്തമായ നടപടിക്രമങ്ങളും പുതിയ പരിഷ്കാരങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിലുള്ള കമ്പനികളെ അവര്‍ നേരത്തെ നല്‍കിയ ഹുറൂബുകള്‍ നീക്കാന്‍ സെപ്തംബര്‍ 17  വരെ അനുവദിച്ചിരുന്നു. 

എന്നാല്‍ പ്രസ്തുത സ്ഥാപനങ്ങളിലെ ഹുറൂബുകാര്‍ തിരിച്ചു വന്നാല്‍ സ്ഥാപനം മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങളിലേക്ക് മാറുമെന്കില്‍ ഹുറൂബ് നീക്കാനാവില്ല. ഹുറൂബ് ആക്കിയ ശേഷം സ്പോണ്സര്‍ അതേ പ്രോഫെഷനില്‍ പുതിയ വിസ എടുത്തിട്ടുണ്ടെങ്കില്‍ ഹുറൂബ് നീക്കികിട്ടാന്‍ സാധ്യത വളരെ കുറവാണ്. പ്രസ്തുത ഹുറൂബിനു പകരമായി വേറെ വിസയെടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ടും ക്ലിയറന്‍സും ഇസ്തിഖ്‌ദാമിലെ (വിദേശികളെ റിക്രൂട്ട്രേ ചെയ്യുന്നതിനുള്ള അധികാരസ്ഥാപനം) ഓഫീസില്‍ നിന്ന് വാങ്ങി സമര്‍പ്പിച്ചാല്‍ മാത്രമേ നടപടികള്‍ പൂര്‍ത്തിയാക്കാനാവൂ. 

അത് പോലെ ഹുറൂബ് ആക്കാന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സ്പോന്സര്‍ക്കും അധികാരമുണ്ടാവില്ല. അതോടൊപ്പം വ്യാജമായ പരാതികള്‍ നല്‍കുന്ന സ്പോന്സര്മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവും. അവര്‍ക്കുള്ള റിക്രൂട്ട്മെന്റ് /വിസാ സേവനങ്ങള്‍ ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും ഒരു വര്‍ഷത്തേക്ക് തടയപ്പെടും.  മൂന്നാം തവണയും നിയമ ലങ്ഘനം ആവര്‍ത്തിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തി വെക്കും.തന്നെ അന്യായന്മായാണ് ഹുറൂബ് ആക്കിയതെന്നു തൊഴിലാളിക്ക് തെളിയിക്കാനായാല്‍ പുതിയ വ്യവസ്ഥ പ്രകാരം മേല്പറഞ്ഞ തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്പോന്സര്‍ക്കെതിരെ സ്വീകരിക്കും. 

ഹുറൂബ് റദ്ദാക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്കിലും അന്യായമായാണ് ഹുറൂബ് ആക്കിയതെന്കില്‍ അത് തെളിയിക്കാനുള്ള അവസരം തൊഴിലാളിക്ക് നല്‍കും. അതിനു സാധിച്ചാല്‍ ഹുറൂബ് നീക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കും. ഇങ്ങിനെ ഹുറൂബ് നീക്കികിട്ടുന്ന തൊഴിലാളിക്ക് പുതിയ സ്പോന്സറെ കണ്ടെത്തി സ്പോന്സര്ഷിപ്പ്‌ മാറ്റാന്‍ അവകാശമുണ്ടാവും. പല കമ്പനികളും പുതിയ വിസ കിട്ടുന്നതിനു വേണ്ടി നിലവിലുള്ള തൊഴിലാളികളെ ഹുറൂബ് ആക്കി പുതിയ വിസ ലഭിച്ചതിനു ശേഷം ഹുറൂബ് നീക്കി കിട്ടുന്നത്തിനുള്ള അപേക്ഷയുമായി മുന്നോട്ടു വരുന്ന പ്രവണതക്ക് തടയിടാനാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്.

ഹുറൂബ് നീക്കാന്‍ യാതൊരു ഫീസും ഇപ്പോള്‍ ഈടാക്കുന്നില്ല. മുന്‍പ് ”ആമില്‍” തുടങ്ങിയ പ്രോഫെഷനുകളില്‍ ഹുറൂബ് നീക്കാന്‍ 2000 റിയാല്‍ വരെ ഈടാക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെ ഹുറൂബ് നീക്കുന്നതിനു തൊഴില്‍ മന്ത്രാലയത്തിന്‍ കീഴിലെ ലേബര്‍ ഓഫീസിലെ  (മക്തബുല്‍ അമല്‍ ) ഹുറൂബ് നീക്കം ചെയ്യുന്ന വിഭാഗത്തില്‍ ആണ് (ഇല്‍ഗാഉല്‍ ഹുറൂബ്) അപേക്ഷ നല്‍കേണ്ടത്.  സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യുന്നതിന് പ്രസ്തുത സ്ഥാപനം നിലവില്‍ നിയമാനുസൃതമായി പ്രവര്തിക്കുന്നതായിരിക്കണം. വീടുവേലക്കാരി, ഹൗസ്‌ഡ്രൈവര്‍, വീട്ടു പാചകക്കാരന്‍, കെട്ടിടങ്ങളുടെ സൂക്ഷിപ്പുകാരന്,പൂന്തോട്ടക്കാരന്‍ എന്നിങ്ങനെ വ്യക്തികളുടെ സ്പോന്സര്ഷിപ്പില്‍ (ഫര്‍ദ്ദ്‌) ഉള്ളവരുടെ ഹുറൂബ് നീക്കുന്നതിനു അതാത് സ്ഥലങ്ങളിലെ തര്‍ഹീലുകളില്‍ ആണ് അപേക്ഷകള്‍ നല്‍കേണ്ടത്. 

ഹുറൂബ് ആക്കികൊണ്ട് ജവാസാത്തില്‍ നിന്ന് മുന്‍പ് ലഭിച്ച രേഖ കയ്യിലുണ്ടെങ്കില്‍ അതുമായി സ്പോണ്സര്‍ നേരിട്ട് തര്‍ഹീലില്‍ ഹാജരായി ഹുറൂബ് പിന്‍വലിക്കുന്നതിനുള്ള നിശ്ചിത അപേക്ഷ ഫോമില്‍ അപേക്ഷ നല്‍കണം.

കോടതി വഴി സ്പോണ്സര്‍ അധികാരപ്പെടുത്തിയ ആള്‍ക്കും ഇത് സമര്‍പ്പിക്കാം. പ്രസ്തുത ഫോമില്‍ ‘’ഇബലാഗുല്‍ ഹുറൂബ്’’(ഹുറൂബ് രജിസ്റ്റര്‍) ചെയ്യുന്ന വിഭാഗം മേധാവിയുടെ ഒപ്പ് വാങ്ങണം. അതിനോട് കൂടി ഇസ്തിഖ്‌ദാമില്‍ നിന്നും പ്രസ്തുത ഹുറൂബുകാരന് പകരമായി മറ്റൊരു റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല എന്ന ക്ലീയറന്‍സ്‌ ലഭിക്കുന്നതിനായി തര്‍ഹീല്‍ അധികൃതര്‍ അവിടേക്ക് കൈമാറും. പ്രസ്തുത ഒഴിവിലേക്ക് പുതിയ തൊഴിലാളിയെ സ്വീകരിച്ചിട്ടില്ല എന്നത് കൂടി കണക്കിലെടുക്കും എന്ന് പറയപ്പെടുന്നു. (തന്റെ സ്പോന്സോര്ഷിപ്പിലേക്ക് പുതിയ തൊഴിലാളിയെ സ്വീകരിച്ചിട്ടുണ്ടെങ്കിലും (നഖലുകഫാല)സാക്ഷ്യപത്രം ലഭിക്കില്ലത്രേ.)അത് ലഭിച്ചാല്‍ അന്തര നടപടികള്‍ക്കായി ജവാസസാതിനു റിപ്പോര്‍ട്ട് നല്‍കും. 

എന്നാല്‍ ഇപ്പോള്‍ കൃഷി തൊഴിലാളികളുടെ ഹുറൂബ് ഇത്തരത്തില്‍ നീക്കാനാവില്ല. കാരണം ‘ആമില്‍’ തുടങ്ങിയ പ്രോഫെഷനിലുള്ള വിസയാണ് ഇവരില്‍ അധികം പേര്‍ക്കും ഉള്ളത്. അതിനാല്‍ ഇപ്പോള്‍ ഹുറൂബ് നീക്കാനാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഭാവിയില്‍ ഇത് സാധിച്ചേക്കും. ഇവരുടെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്.

നിലവില്‍ ഹുറൂബ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു സ്പോന്സര്‍ക്കോ അല്ലെങ്കില്‍ അയാളുടെ വക്കീലിനോ അല്ലെങ്കില്‍ കോടതി വക്കാലത്ത്‌ ലഭിച്ച സ്പോന്സരുടെ ആള്‍ക്കോ മാത്രമേ അധികാരമുള്ളൂ. സ്വകാര്യ ഏജന്‍സിക്കോ (മുആഖിബ്), ജനറല്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ക്കോ ഹുറൂബ് നീക്കാനുള്ള നടപടികളില്‍  ഇടപെടാന്‍ ഇപ്പോള്‍ അധികാരമില്ല. ഹുറൂബ് നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് അവരുടെ പഴയ സ്പോന്സരുടെ കീഴില്‍ ജോലി തുടരാം. ഹുറൂബ് നീക്കിയ തൊഴിലാളി പുതിയ സ്പോന്സര്ഷിപ്പിലേക്ക് മാറണമെന്ന വ്യവസ്ഥ പുതിയ ക്രമീകരണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Permanent link to this article: http://pravasicorner.com/?p=3611

Copy Protected by Chetans WP-Copyprotect.