«

»

Print this Post

കുവൈറ്റില്‍ ഫിലിപ്പിനോ യുവതിയെ തട്ടി കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥനെ യുവതി തിരിച്ചറിഞ്ഞു

 

ആക്രമണത്തില്‍ യുവതിയുടെ കഴുത്തിനേറ്റ മുറിവുകള്‍

 

കുവൈറ്റിലെ കിഴക്കന്‍ മിശ്രഫയില്‍ 27 കാരിയായ ഫിലിപ്പിനോ യുവതിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കുവൈറ്റി പോലീസ്‌ ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞു. ട്രാഫിക്‌ പോലീസ്‌ ഫോഴ്സിലെ ‘Lance Corporal”  ആണിയാള്‍. തിരിച്ചറിയുന്നതിനു വേണ്ടി ഇന്നലെ ഹോസ്പിറ്റലില്‍ എത്തിച്ച പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

ആതീവ ഗുരുതരാവസ്ഥയിലും അബോധാവസ്ഥയിലും മുബാറക്‌ അല്‍ കബീര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.  

പോലീസ്‌ യൂണിഫോമിലുള്ള ഒരാളാണ് തന്നെ തട്ടി കൊണ്ടു പോയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. പോലീസ്‌ യൂണിഫോമില്‍ മറ്റേതെങ്കിലും ആളുകളായിരിക്കാം കുറ്റകൃത്യം നടത്തിയതെന്നായിരുന്നു ഡിറ്റക്ടീവുകള്‍ സംശയിച്ചിരുന്നതെന്കിലും ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് യഥാര്‍ത്ഥ പോലീസുകാരന്‍ തന്നെയാണ് പ്രതിയെന്നു കണ്ടു പിടിക്കാനായത്. 

ആറാം റിംഗ് റോഡിനു സമീപത്തുള്ള ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് കിഴക്കന്‍ ഫിലിപ്പൈന്‍സിലെ ടിബോളിയില്‍ നിന്നുള്ള 27 വയസ്സുകാരിയായ യുവതിയെ അക്രമി പിടി കൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. മാളിലെ ജോലിക്ക് ശേഷം കൂട്ടുകാരിയോടൊപ്പം മടങ്ങുകയായിരുന്ന യുവതിയെ പ്രതി പോലീസെന്ന ഭാവത്തില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള താമസരേഖയായിരുന്നു യുവതിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഈ താമസരേഖ നാല് ദിവസം മുന്‍പ് കാലഹരണപ്പെട്ടിരുന്നു. പുതിയ സ്പോണ്സര്‍ അത് പുതുക്കാന്‍ നല്‍കുകയും ചെയ്തിരുന്നു. താമസ നിയമങ്ങള്‍ ലംഘിച്ചതിന് പോലീസ്‌ സ്റേഷനില്‍ കൊണ്ട് പോകുകയായിരുന്നു എന്നാണു കരുതിയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ വിദൂരത്തുള്ള വിജനമായ സ്ഥലത്തെക്കാണ് കൊണ്ട് പോയതെന്നും അവിടെ വെച്ച് ലൈംഗികമായി ആക്രമിക്കുകയും അതിനു ശേഷം കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നെന്നു യുവതി പറഞ്ഞു.

ബലാല്‍സംഗത്തിനു ശേഷം കൈവശമുള്ള ചെറിയ കത്തി കൊണ്ട് യുവതിയുടെ കഴുത്തിന്‌ നിരവധി തവണ കുത്തുകയായിരുന്ന്യു. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട യുവതിക്ക് പിന്നീട് ഹോസ്പിറ്റലില്‍ വെച്ചാണ് ബോധം തിരിച്ചു കിട്ടുന്നത്.

താന്‍ ആദ്യമായല്ല ഇത്തരം കൃത്യങ്ങള്‍ നടത്തുന്നത് എന്ന് പ്രതി അധികൃതരോടു സമ്മതിച്ചു. കൃത്യം കഴിഞ്ഞു രക്ഷപ്പെടാനൊരുങ്ങുമ്പോള്‍ തന്റെ കാറിന്റെ നമ്പര്‍ യുവതി തിരിച്ചറിഞ്ഞു എന്ന സംശയം മൂലമാണ് കുത്തിയതെന്നും പ്രതി വെളിപ്പെടുത്തി. കൊല്ലാന്‍ വേണ്ടി തന്നെയായിരുന്നുവെത്രേ കുത്തിയത്. പ്രതിയുടെ കഴിഞ്ഞ കാല കുറ്റകൃത്യങ്ങളുടെ വിശദ വിവരങ്ങള്‍ അന്വേഷിച്ചു വരുന്നു.

2006 സെപ്തംബര്‍ 26നാണ് യുവതി ഗാര്‍ഹിക തൊഴിലാളിയായി കുവൈറ്റിലെത്തിയത്. മൂന്നു വര്‍ഷത്തിനു ശേഷം ഫര്‍വാനിയയിലെ ഒരു ഡ്രസ്സ്‌ ഷോപ്പില്‍ ജോലി നോക്കി വരികയായിരുന്നു

യുവതിക്ക് വേണ്ട നിയമ സഹായം അടക്കമുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫിലിപ്പൈന്‍സ് എംബസ്സിയിലെ ഉദ്യോഗസ്ഥന്‍ ഇബ്രാഹിം ഡാലിഗിഗ് അറിയിച്ചു. പ്രതിക്കെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനുമെതിരെ കേസ്‌ നല്‍കുന്നതിനായി കുവൈറ്റിലെ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞുവെന്ന് ഇബ്രാഹിം വ്യക്തമാക്കി.

ഇതിനിടയില്‍ പ്രതിക്ക് വേണ്ടിയെന്ന് അവകാശപ്പെട്ടു ഒരു യുവതി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും കേസ്‌ നടപടികള്‍ ഉപേക്ഷിക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്തതായും എന്നാല്‍ യുവതി നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചതെന്നും അധികൃതര്‍ വെളിപ്പെടുത്തി. 

 

 

Permanent link to this article: http://pravasicorner.com/?p=3623

Copy Protected by Chetan's WP-Copyprotect.