«

»

Print this Post

ഹുറൂബ് സംബന്ധിച്ച് സ്വദേശികളുടെ വിലയിരുത്തല്‍

 

 

വ്യാജ ഹുറൂബിനെതിരെ സൗദി ഭരണതലത്തിലും നിയമതലത്തിലും അതിതീവ്രമായ  വികാരമാണ്  ഉയര്‍ന്നു വന്നിട്ടുള്ളത്. തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത ശേഷം അവരെ ഹുറൂബാക്കിയാല്‍ അതിനുശേഷം അത് രേഖയില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ 2000  റിയാല്‍ പിഴ ചുമത്തണമെന്ന്ന സൗദി ഷൂറാ കൌണ്‍സില്‍ കഴിഞ്ഞ ജൂണില്‍ മന്ത്രി സഭക്ക് നല്‍കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പിഴ പതിനായിരം റിയാല്‍ വരെ ആക്കണമെന്നായിരുന്നു ഈ വിഷയം ഉള്‍പ്പെട്ട ഷൂറാ കൌണ്‍സിലിലെ സുരക്ഷാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ പ്രതിനിധികളുടെ അഭിപ്രായം.സൌദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി സഹകരിച്ചു അവിടെത്തന്നെ തൊഴിലാളികളെ ബോധവല്‍ക്കരണം നടത്തി, സഹകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനും സഹകരിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ടുമെന്റ് നിരുല്സാഹപ്പെടുതുകയും വേണമെന്ന ആവശ്യം സൗദി പൊതുസമൂഹത്തില്‍ ശക്തമാണ്. 

നിക്ഷിപ്ത താല്പ്പര്യക്കാരായ സ്പോന്സര്മാര്‍ തങ്ങളുടെ നാമമാത്ര സ്ഥാപനങ്ങളുടെ കീഴില്‍ വന്ന വിദേശി തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുകയും പകരം വിസ നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും നിയമത്തിന്റെ കാര്‍ക്കശ്യം ഫലം കണ്ടില്ലെന്നും സൗദി ഷൂറാ കൌണ്‍സിലിലെ സുരക്ഷാ കമ്മിറ്റി നടത്തിയ പഠനത്തില്‍ വക്തമായിട്ടുള്ളതാണ്. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് വിമാന ടിക്കെറ്റും സര്‍വീസ്‌ ആനുകൂല്യങ്ങളും നല്‍കാതിരിക്കാനും ഹുറൂബ് (കു)തന്ത്രം കമ്പനികളും സ്പോന്സര്മാരും പ്രയോഗിക്കുന്നുണ്ട്.

ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്പോന്സര്മാരുടെ  നിജസ്ഥിതി  അന്വേഷിക്കണമെന്നും അവരില്‍ നിന്നും പിഴ ഈടാക്കി തൊഴിലാളിയുടെ അവകാശം നല്‍കുന്നതിനോ അല്ലെങ്കില്‍ പകരം വിസ അനുവദിക്കുന്നതിനോ ഉള്ള ഫീസിനൊ ഉപയോഗിക്കണമെന്ന് സൗദി ഷൂറാ കൌണ്‍സിലിലെ സുരക്ഷാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. തൊഴിലാളികളെ ഹുറൂബ് ആക്കുന്നതിലൂടെ സ്പോന്സര്മാര്‍ നടത്തുന്ന കള്ളക്കളി നിര്‍ത്തലാക്കുകയാണ് ഈ നിര്‍ദേശത്തിനു പിന്നില്‍. അത് പോലെതന്നെ അകാരണമായി ഒളിച്ചോടുന്ന തൊഴിലാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന വികാരവും സൗദി ബിസിനെസ്സ്‌ വൃത്തങ്ങളില്‍ ശക്തമാണ്. 

ഒളിച്ചോട്ടം കുറ്റകൃത്യമായി പ്രഖ്യാപിച്ചു നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക, വ്യാജഒളിച്ചോട്ട പരാതികളില്‍ കടുത്ത ശിക്ഷ നല്‍കുക, സൌദിയിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി സഹകരിച്ചു തൊഴിലാളികളെ ബോധവല്‍ക്കരിക്കുക എന്നീ സുപ്രധാന നിര്‍ദേശങ്ങള്‍ ഈ വര്ഷം ഫെബ്രുവരി മാസത്തില്‍ മക്ക ചേംബര്‍ ഓഫ്‌ കൊമ്മേഴ്സ് ആന്‍ഡ്‌ ഇന്ടസ്ട്രി മുന്നോട്ടു വെച്ചിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നത് വൈകാനും തൊഴിലുടമകള്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാകാനും ഇത്തരം ഒളിച്ചോട്ടങ്ങള്‍ ഇടയാക്കുന്നു എന്നും അതിനാല്‍ ഒളിച്ചോടിയ തൊഴിലാളികളെ പിടികൂടിയാല്‍ അവരില്‍ നിന്നും ദിവസം 50 റിയാല്‍ വീതം ഈടാക്കണമെന്നും പിഴ ഒടുക്കുകയും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയും തൊഴിലുടമയുടെ അനുമതി ലഭിക്കുകയും ചെയ്തതിനു  ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് എംബസ്സികള്‍ യാത്രാ രേഖകള്‍ നല്‍കാനും പാടുള്ളൂ എന്ന ആവശ്യങ്ങളും മക്ക ചേംബര്‍ ഡയരക്ടര്‍ ബോര്‍ഡ്‌ അംഗവും ചേംബര്‍ വക്താവുമായ മാഹിര്‍ ജമാല്‍ മുന്നോട്ടു വെച്ചിരുന്നു. 

രാജ്യത്തു വ്യാപകമായ ഫ്രീവിസ തൊഴില്‍ സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ പുതിയ നിയമം ഏര്‍പ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഫ്രീ വിസക്കാര്‍ വര്‍ധിച്ചു വരുന്നത് സ്വദേശിവല്ക്കരണത്തിനും തൊഴില്‍ പദ്ധതികള്‍ക്കും ഭീഷണിയാണെന്നും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു വരാന്‍ കാരണമാകുന്നുന്ടെന്നും ആണ് തൊഴില്‍ മന്ത്രാലയത്തിന്റെ പക്ഷം. 240 കോടി ഡോളര്‍ മൂല്യം വരുന്ന അനധികൃത വിസകളാണ് പ്രതി വര്ഷം വിറ്റു പോകുന്നത്. 1040 കോടി റിയാലാണ് വിദേശ തൊഴിലാളികള്‍ ഇപ്പോള്‍ പ്രതിവര്‍ഷം കൈപ്പറ്റുന്നത്.  ഇതില്‍ നിയമവിധേയമായി ഇവിടെയുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് 580  കോടി ആണെങ്കില്‍ ബാക്കി പോകുന്നത് ഇത്തരം അനധികൃത  തൊഴിലാളികള്‍ക്കാണ്.

എന്നാല്‍ രാജ്യത് ദ്രുതഗതിയിലുള്ള വികസനക്കുതിപ്പും വ്യാപാര വളര്‍ച്ചയും നടന്നു കൊണ്ടിരിക്കുമ്പോള്‍ വന്‍തോതില്‍ തൊഴില്‍ ശക്തി ആവശ്യമുണ്ട്. നേരായ വഴിയില്‍ തൊഴിലാളികളെ ലഭിക്കാത്തത് കൊണ്ടാണ് തൊഴില്‍ കരിഞ്ചന്ത ശക്തിപ്പെടുന്നത് എന്ന മറുവാദവും ഉയരുന്നുണ്ട്. ഇത് ഇല്ലാതാക്കാനും തൊഴില്‍ വിപണി സുതാര്യമാക്കാനും വിസാ നടപടികള്‍ ഉദാരമാക്കുകയാണ്  വേണ്ടത് എന്നാണു ഇവരുടെ പക്ഷം. ലേബര്‍ ഓഫീസുകള്‍ക്ക് ഇപ്പോള്‍ 200  വിസകള്‍ വരെ അനുവദിക്കാന്‍ അനുമതി ലഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ റദ്ദ അല-തല്‍ഹി മക്കാ ചേംബര്‍ ഓഫ്‌ കൊമ്മേഴ്സ് നടത്തിയ ശില്‍പ്പശാലയില്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ അഞ്ചു വിസകള്‍ക്കു മാത്രമായിരുന്നു അനുമതി. തൊഴില്‍ മന്ത്രി ‘ആദില്‍ ഫഖീഹ്’ ആയിരുന്നു ഈ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തത്. സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ  തസ്തികകള്‍ ഒഴിച്ച് എത്ര വിസകളാണ് ആവശ്യമുള്ളതെന്ന സത്യസന്ധമായ സപ്പോര്‍ട്ട് സര്‍ട്ടിഫിക്കേറ്റ്‌ ഹാജരാക്കുന്നവര്‍ക്കാണ് വിസ നല്‍കുക. അതോടൊപ്പം വിസ കച്ചവടക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മന്ത്രി പറയുന്നു. ജയില്‍ ശിക്ഷയോടൊപ്പം ഇത്തരം ആളുകളുടെ വിവരങ്ങള്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും റിക്രൂട്ട്മെന്റില്‍ ഏര്‍പ്പെടുന്നത് നിരോധിക്കുകയും ആണ് പ്രധാനമായും ചെയ്യുന്നത്.  

 

Permanent link to this article: http://pravasicorner.com/?p=3790

Copy Protected by Chetan's WP-Copyprotect.