«

»

Print this Post

പാസ്പോര്‍ട്ട് ഫീസ്‌ വര്‍ദ്ധനക്കെതിരെ ‘ഫൊക്കാസ’ നിയമ യുദ്ധത്തിന്…..

 

 

 

പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനും പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും മറ്റു അനുബന്ധ യാത്രാ രേഖകകളും തയ്യാറാക്കുന്നതിനും പ്രവാസി ഇന്ത്യക്കാരുടെ മേല്‍ അമിത ഫീസ്‌ അടിച്ചേല്‍പ്പിച്ച വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഏകപക്ഷീയമായ നടപടിക്കെതിരെ  സൗദി അറേബ്യയിലെ റിയാദിലെ പ്രവാസി മലയാളികളുടെ സംഘടനയായ ‘ഫൊക്കാസ’ (FEDERATION OF KERALA ASSOCIATION IN SAUDI ARABIA (FOKASA) നിയമ യുദ്ധത്തിനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് എതിരായ ഈ അനീതിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതികരിക്കുമെന്ന് ‘ഫൊക്കാസ’ പ്രസിഡന്റ് ശ്രീ.ആര്‍.മുരളീധരന്‍ പറഞ്ഞു. റിയാദില്‍ വെച്ച്  ‘പ്രവാസി കോര്‍ണര്‍’ പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് മാത്രമായി ഈ ഭീമമായ വര്‍ദ്ധന ഇന്ത്യന്‍ ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന വകുപ്പ് 14 പ്രകാരമുള്ള മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നും നിയമ നടപടിയുമായി മുന്നോട്ടു പോയാല്‍ ഫലം ഉണ്ടാകുമെന്നുമാണ് ഫോക്കാസക്ക് ലഭിച്ചിരിക്കുന്ന വിദഗ്ദ നിയമോപദേശം.

കഴിഞ്ഞ മാസം മുതല്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഫീസ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ ചിലവാകുന്ന തുകയേക്കാള്‍ വളരെ ഭീമമായ തുകയാണ് ഒരു പ്രവാസിക്ക് നല്‍കേണ്ടി വരുന്നത്. വിജ്ഞാപനം പുറത്തു വന്നപ്പോഴാണ് ഫീസ്‌ വര്‍ധനവിന്റെ ആഴം ബോധ്യമായത്.

പാസ്പോര്ട്ടിനും മറ്റു അനുബന്ധ രേഖകള്‍ക്കും സര്‍ക്കാരിന് നാട്ടിലും വിദേശത്തും ചിലവാകുന്നത് ഒരേ സംഖ്യ ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റും ശമ്പളവും തുല്യമാണ്. അങ്ങിനെയുള്ള സാഹചര്യത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് മാത്രമായി പാസ്പോര്‍ട്ടിനും മറ്റു അനുബന്ധ യാത്രാ രേഖകള്‍ക്കും നല്‍കേണ്ട തുക ഏകപക്ഷീയമായി വന്‍ തോതില്‍ ഉയര്‍ത്തിയത് പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം തന്നെയാണ്. പ്രവാസികള്‍ക്ക് മാത്രമായി ഫീസ്‌ കൂട്ടുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.ലാഭമുണ്ടാക്കാനായി പ്രവര്‍ത്തിക്കാന്‍ എംബസ്സികളും കോണ്‍സുലെറ്റുകളും ബിസിനസ് സ്ഥാപനങ്ങള്‍ അല്ല.

ഈ വര്‍ദ്ധന പ്രധാനമായും ബാധിക്കുക ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന തുച്ഛവരുമാനക്കാരായ ഇന്ത്യക്കാരെയാണ്. ഈ ഇന്ത്യക്കാരില്‍ 80  ശതമാനവും പ്രതിമാസം അയ്യായിരം രൂപയില്‍ താഴെ മാത്രം സാമ്പാദിക്കുന്നവരാന്. അത് കൊണ്ടാണ് ഫോക്കാസ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പാസ്പോര്‍ട്ട് എടുക്കാന്‍ ഒരാള്‍ക്ക്‌ എല്ലാ ചിലവും ചേര്‍ത്ത് 1,500 രൂപ മാത്രമാണ് ചിലവാകുന്നത്. എന്നാല്‍ പ്രവാസിക്ക് വിദേശത്ത് 3,500  ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക ഇതിനു വേണ്ടി ചിലവാകുന്നു. തത്കാല്‍ പാസ്പോര്‍ട്ട് എടുക്കാന്‍ നാട്ടില്‍ 3500 രൂപ ആണ് മുടക്കേണ്ടത്. എന്നാല്‍ ഇതേ പാസ്പോര്‍ട്ട് എടുക്കാന്‍ പ്രവാസിക്ക് 11,800  ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക മുടക്കേണ്ടി വരുന്നു. ഇത് വളരെ വലിയ വിവേചനമാണ്.

നാട്ടിലെ പാസ്പോര്‍ട്ട് ഓഫീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഈടാക്കുന്നത് 160 മുതല്‍ 260 ശതമാനം വരെ അധികമായ തുകയാണ്. ഈ വര്‍ദ്ധനയ്ക്ക് ആധാരമായ യാതൊരു കാരണങ്ങളും ഫീസ്‌ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനത്തില്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ വകുപ്പ് 24പ്രകാരം നല്കിയിട്ടുള്ള അധികാരമുപയോഗിച്ച് ഈ ഭേദഗതി വരുത്തുന്നു എന്ന് മാത്രമേ നിരക്ക് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ വകുപ്പ് 24(f) പ്രകാരം ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുന്ടെന്കിലും ഇന്ത്യക്കകത്തും വിദേശങ്ങളിലും വസിക്കുന്നവര്‍ക്ക് വിവേചനപരമായ ഫീസ്‌ ഈടാക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്നില്ല എന്ന് മുരളീധരന്‍ ചൂണ്ടി കാണിക്കുന്നു.

ഈ വിവേചനത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ്‌ ഡയറക്ടറും ഗള്‍ഫിലെ പ്രമുഖ വ്യവസായിയുമായ ശ്രീ.സി.കെ. മേനോന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. 

പാസ്പോര്‍ട്ട് ഫീസ്‌ വര്‍ദ്ധനയുടെ കാര്യത്തില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ യു.കെ യിലെയും അമേരിക്കയിലേയും പ്രവാസികള്‍ താല്പര്യം കാണിക്കുന്നില്ല. കാരണം അവിടെയുള്ളവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കണമെന്നു ഉദ്ദേശത്തോട് കൂടി കുടിയേറിയവരാണ്. അതിനാല്‍ തന്നെ ഗള്‍ഫിലെ പ്രവാസികള്‍ ഇതിനെതിരെ ഒറ്റയ്ക്ക് പോരാടേണ്ടി വരും.

ലോകസഭയിലെയും രാജ്യസഭയിലെയും നിരവധി എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തിലൂടെ അവര്‍ക്ക് പ്രശ്നത്തിന്റെ ഗൌരവാവസ്ഥയും ഗള്‍ഫ്‌ പ്രവാസികളുടെ നിസ്സഹായാവസ്ഥയും മനസ്സിലാക്കി കൊടുക്കാനും അതിലൂടെ അവരുടെ പിന്തുണ ഉറപ്പാക്കുന്നതിനും ഫോക്കാസക്ക് സാധിച്ചിട്ടുണ്ടെന്നു മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഇത് വരെയുള്ള പ്രതികരണമനുസരിച്ചു സര്‍ക്കാര്‍ നിലപാട് മാറുമെന്ന പ്രതീക്ഷയില്ല. അതിനാലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെടുക്കുന്നത് എന്ന് മുരളീധരന്‍ പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=4090

Copy Protected by Chetan's WP-Copyprotect.