«

»

Print this Post

വധ ശിക്ഷക്ക് വിധിക്കപ്പെട്ടു 27 വര്‍ഷം ദുബൈ ജയിലില്‍ കഴിഞ്ഞ പോള്‍ ജോര്‍ജ്ജ് നാടാര്‍ക്ക്‌ മോചനം

 

 

വധശിക്ഷക്ക് വിധിക്കപ്പെട്ടു 27വര്‍ഷങ്ങളായി ദുബൈയിലെ അല്‍അവീല്‍ സെന്‍ട്രല്‍ ജയില്‍ തടവിലായിരുന്ന തമിഴ്തനാട്ടുകാരനായ പോള്‍ ജോര്‍ജ്ജ് നാടാര്‍ക്ക് ഒടുവില്‍ മോചനമാവുന്നു.കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ പാര്‍വതീപുരം സ്വദേശിയായ നാടാര്‍ക്ക്‌ ഒടുവില്‍ ദുബൈ ഭരണാധികാരിയുടെ മാപ്പ് ലഭിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. ബുധനാഴ്ചയാണ് ദുബൈ സര്‍ക്കാര്‍ പോള്‍ ജോര്‍ജ്ജിനെ വിട്ടയചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ബുധനാഴ്ച രാവിലെ 11.30 നു പോള്‍ ജോര്‍ജ്ജിനെ അറ്റോര്‍ണി ജനറലിന്റെ  മുറിയിലേക്ക് വിളിപ്പിച്ചു മോചന വാര്‍ത്ത അറിയിക്കുകയായിരുന്നു. മോചന വാര്‍ത്ത ഇന്ത്യന്‍ എംബസ്സിയും സ്ഥിരീകരിച്ചു. മോശമായ ആരോഗ്യവും  ദീര്‍ഘ കാലത്തെ ജയില്‍ വാസവും കണക്കിലെടുത്താണ് മാപ്പ് നല്‍കുന്നത്.

2010 ലായി റാഷിദ് ആശുപത്രിയില്‍ വെച്ച് പോള്‍ ജോര്‍ജ്ജ് ബൈപാസ് സര്‍ജറിക്ക്  വിധേയനായിരുന്നു. ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നീ രോഗങ്ങളും ഉണ്ട്. ഹൃദയ വാല്‍വുകളില്‍ പുതിയതായി മൂന്നു ബ്ലോക്കുകള്‍ കൂടി കണ്ടു പിടിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നാടാര്‍ക്ക്‌ ജയിലിലെ നല്ല  നടപ്പിനു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിരുന്നു.

1977 ലാണ് നാടാര്‍ ആദ്യമായി ദുബൈയിലേക്ക് വരുന്നത്. ‘ദേര’യില്‍ സഹോദരനായ പോള്‍ സെബാസ്റ്യനോടൊപ്പം കാര്‍പെന്‍ന്ററി  വര്‍ക്ക് ഷോപ്പ്  നടത്തുകയായിരുന്നു നാടാര്‍.

പാക്കിസ്ഥാന്‍ സ്വദേശികളായ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടര്‍ന്നാണ്‌ നാടാര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടത്. 1985 ഒക്ടോബര്‍ 10 നായിരുന്നു സംഭവം. സംഭവത്തിന്റെ തലേ ദിവസം മരണപ്പെട്ട കുടുംബത്തിലെ  പാക്കിസ്ഥാനി പൌരന്‍ പോല്‍ ജോര്ജ്ജുമായി വാക്ക് തര്‍ക്കം നടത്തിയിരുന്നു. അതില്‍ പ്രകോപിതനായ നാടാര്‍ കടയില്‍ പോയി തന്റെ ജോലിക്കുപയൊഗിക്കുന്ന ‘തിന്നര്‍’ എടുത്തു കൊണ്ട് വന്നു പാക്കിസ്ഥാനി കുടുംബം താമസിക്കുന്ന വില്ലയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി തിന്നര്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നായിരുന്നു കേസ്. സംഭവത്തില്‍ ഉറങ്ങികിടന്ന രണ്ടു മുതിര്‍ന്നവരും ഏഴു കുഞ്ഞുങ്ങളും വെന്തു മരിച്ചു.

നാടാരുടെ പഴയ കാല ചിത്രം

സംഭവത്തിന്റെ അടുത്ത ദിവസം തന്നെ പോള്‍ ജോര്‍ജ്ജ്  നാടാര്‍ അറസ്റ്റിലായി. സാഹചര്യ തെളിവുകള്‍ നാടാര്‍ക്ക്‌ എതിരായിരുന്നു. മൂന്നു വര്‍ഷത്തെ വിചാരണക്ക് ശേഷം 1986 ലാണ് നാടാരെ ദുബൈ കോടതി വധശിക്ഷക്ക് വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെച്ചു.

യു.എ.ഇ നിയമമനുസരിച്ച് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിച്ചാല്‍ ഭരണാധികാരിയുടെ അനുമതി ലഭിക്കുന്നത് വരെ ജയിലില്‍ അടക്കും. അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വധ ശിക്ഷ നടപ്പിലാക്കൂ.

ഇതിനിടെ സഹോദരന്‍ പോള്‍ സെബാസ്റ്റ്യന്‍ മരിച്ചവരുടെ ബന്ധുക്കളുമായി ഒത്തു തീര്‍പ്പുണ്ടാക്കി. 65,000 ദിര്‍ഹം ബ്ലഡ് മണിയായി നല്‍കിയതിനു ശേഷം മരണപ്പെട്ട പാക്കിസ്ഥാനി പൌരന്മാരുടെ കുടുംബം പോള്‍ ജോര്‍ജ്ജിന്  മാപ്പ് നല്‍കി കൊണ്ടുള്ള കത്ത് നല്‍കി. പക്ഷെ കുറ്റത്തിന്റെയും ശിക്ഷയുടെയും ഗൌരവം കണക്കിലെടുത്ത് ഭരണാധികാരികളുടെ കൂടെ അനുമതി ആവശ്യമായിരുന്നു മോചനത്തിന്.

66 കാരനായ പോള്‍ ജോര്‍ജ്ജ്  ആണ് യു.എ.എയില്‍ ഏറ്റവും അധികം കാലം ജയിലില്‍ കഴിഞ്ഞ വ്യക്തി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ചയോടെ മടങ്ങാന്‍ സാധിക്കുമെന്നറിയുന്നു. 

നാടാരുടെ കുടുംബ ചിത്രം

 

Permanent link to this article: http://pravasicorner.com/?p=4201

Copy Protected by Chetan's WP-Copyprotect.