«

»

Print this Post

പ്രവാസികള്‍ക്ക് നൊമ്പരമായി ഹസ മോള്‍ മരണത്തിന് കീഴടങ്ങി

 

മനമുരുകി പ്രാര്‍ഥിച്ച മുഴുവന്‍ പ്രവാസികളെയും നിരാശയിലാക്കി അവസാനം ഹസ മോള്‍ മരണത്തിലേക്ക് യാത്രയായി. സൗദി അറേബ്യയിലെ ദമാമില്‍ കഴുത്തില്‍ തൊട്ടില്‍ കയര്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കായംകുളം കൊറ്റുകുളങ്ങര സ്വദേശി വടക്കേടത്ത് വീട്ടില്‍ സാബു-ഷംന ദമ്പതികളുടെ ഏകമകള്‍ നാലുവയസ്സുകാരി ഹസ ഫാത്തിമയാണ് 40  ദിവസത്തോളം മരണത്തോട് പൊരുതി അവസാനം മരണത്തിന് കീഴടങ്ങിയത്. ദമാമില്‍ അല്‍ ഹസയിലെ മേറ്റെനിട്ടി ചില്‍ഡ്രന്‍സ്‌ ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഹസയെ ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ചാണ് കുട്ടിയെ നാട്ടിലെത്തിച്ചത്. പത്രവാര്‍ത്തകളെ തുടര്‍ന്ന് ഒരു ഡോക്ടര്‍ ദമ്പതികളും ഒരു നഴ്സും ഹസയെ അനുഗമിച്ചിരുന്നു.

പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അനന്തപുരി ആശുപത്രിയില്‍ ഡോക്ടര്‍ മാര്‍ത്താണ്ഡന്റെ നേതൃത്വത്തില്‍ വിദഗ്ദ ചികില്‍സ തുടങ്ങാനിരിക്കെയാണ് അന്ത്യമുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

കുട്ടിയെ കിടത്താനുപയോഗിച്ചിരുന്ന തൊട്ടിലിന്മേല്‍ കുട്ടിക്ക് കളിക്കാനായി കെട്ടിക്കൊടുത്ത പാവയെ കെട്ടിയിരുന്ന കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയാണ് ഹസക്ക് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ക്ക് കാര്യമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.

 

 

Permanent link to this article: http://pravasicorner.com/?p=4365

Copy Protected by Chetans WP-Copyprotect.