«

»

Print this Post

ലെവി: ഫ്രീ വിസക്കാര്‍ രണ്ടു തരം, ഒരു വിഭാഗം പാടെ ഇല്ലാതാവും….

 

സൗദി തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പുതിയ ലെവി നിയമമനുസരിച്ച് സൗദി ജോലിക്കാരുടെ അനുപാതം 50% താഴെയുള്ള സ്ഥാപനങ്ങളിലെ ഓരോ വിദേശ ജോലിക്കാരന് പ്രതിമാസം 200 റിയാല്‍ എന്ന തോതില്‍ പ്രതിവര്‍ഷം 2400 റിയാല്‍ കൂടുതലായി അടക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ മില്ല്യന്‍ കണക്കിന് റിയാല്‍ ആണ് സൗദി സര്‍ക്കാരിന് അധികമായി ലഭിക്കുക. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ഫ്രീ വിസയില്‍ വന്നു ജോലി ചെയ്യുന്ന വിദേശികളെയാണ്. മലയാളികളില്‍ നല്ലൊരു പങ്കും ഇങ്ങിനെ ജോലി ചെയ്യുന്നവരാണ്. ഈ ലെവിയുടെ ഫലമായി ഫ്രീ വിസ എന്ന ഇപ്പോള്‍ നിലവിലുള്ള അനധികൃത സംവിധാനം ഗണ്യമായി ഇല്ലാതാകും.

എന്നാല്‍ ഈ ഫ്രീ വിസക്കാരില്‍ തന്നെ രണ്ടു വിഭാഗമാണുള്ളത്. ബാക്കാല, ബൂഫിയ പോലെയുള്ള ചെറുകിട സ്ഥാപനങ്ങളിലും ചെറിയതും വലിയതുമായ കമ്പനികളിലും മറ്റും നിശ്ചിത പ്രതിമാസ ശമ്പളത്തിന് ജോലിയെടുക്കുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. ഇവരെയാണ് ഈ നിയമം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

മറ്റൊരു കൂട്ടര്‍ വ്യവസായ മേഖലകളില്‍ മാന്‍പവര്‍ കമ്പനികളിലൂടെയും മറ്റും മണിക്കൂര്‍ കണക്കിന് വേതനം പറ്റി പണിയെടുക്കുന്നവരാണ്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ഫ്രീ വിസയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. കൂടുതല്‍ സമ്പാദന ശേഷിയുള്ളവരും ഇവര്‍ തന്നെ.

മാസശമ്പളാടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ അധികവും ആദ്യമായി എത്തുന്നവരോ,മറ്റു കൈത്തൊഴിലുകള്‍ ഒന്നും അറിയാത്തവരോ, പരിചയക്കാരുടെയും മറ്റും സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതിനു വേണ്ടി അവര്‍ നല്‍കുന്ന വിസയില്‍ വന്നെത്തുന്നവരോ ആയിരിക്കും. ഇവരുടെ ജീവിതം ഇപ്പോള്‍ തന്നെ ദുസ്സഹമാണ്. 12 മണിക്കൂറില്‍ അധികം ജോലിയും പരമാവധി 1800 റിയാല്‍ ശമ്പളം പറ്റുന്നവരും ആയിരിക്കും ഇവര്‍. ഈ കൂട്ടര്‍ക്കു ഈ പുതിയ ലെവി താങ്ങാന്‍ സാധിക്കില്ല. ഇതോടെ ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും.

വ്യാവസായിക മേഖലകളില്‍ ജോലിയെടുക്കുന്ന ഫ്രീ വിസക്കാര്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടാനാണ് സാധ്യത. കാരണം ഇവരില്‍ ബഹുഭൂരിഭാഗവും മണിക്കൂറുകള്‍ കണക്കിന് വേതനം പറ്റുന്നവരാണ്. ഇവര്‍ക്ക് കിട്ടുന്ന വേതനത്തിന്റെ നല്ലൊരു ഭാഗം ഇടത്തട്ടുകാരായ മാന്‍പവര്‍ കമ്പനികളും മറ്റും കൈപെറ്റുന്നു എങ്കിലും താരതമ്യേന തെറ്റില്ലാലാത്ത വരുമാനം അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടത്തട്ടുകാരുടെ ചൂഷണം കഴിഞ്ഞാല്‍ തന്നെയും ഏറ്റവും താഴെക്കിടയിലുള്ള വിഭാഗമായ ലേബര്‍ അല്ലെങ്കില്‍ ഹെല്‍പര്‍ ജോലി എടുക്കുന്നവര്‍ക്ക് പോലും മണിക്കൂറില്‍ 10 മുതല്‍ 12 റിയാല്‍ വരെ ലഭിക്കുന്നുണ്ട്. ഇത് നല്‍കിയാല്‍ പോലും ഈ ജോലിക്കാരെ ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.

എന്നാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ജോലി ഉണ്ടെങ്കില്‍ മാത്രമാണ് ഇവര്‍ക്ക് ഉയര്‍ന്ന തുക സമ്പാദിക്കാന്‍ സാധിക്കും. അത് തന്നെയാണ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഫ്രീവിസയുടെ ഏറ്റവും ആകര്‍ഷണീയമായ ഘടകവും. എന്നാല്‍ ജോലിയുള്ളപ്പോള്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുമെന്കിലും എല്ലാ ദിവസവും ഇത്തരക്കാര്‍ക്ക് ജോലി ഉണ്ടായിരിക്കണമെന്നില്ല. പലപ്പോഴും താല്‍ക്കാലികമായ ജോലിയായിരിക്കും ഉണ്ടാവുക. ഒരു പ്ലാന്റിലെയോ കമ്പനിയിലേയോ ജോലി കഴിഞ്ഞാല്‍ ഇവര്‍ക്ക് പുതിയ ജോലി കണ്ടു പിടിക്കേണ്ടാതായി വരുന്നുണ്ട്. ഈ പുതിയ ജോലി കണ്ടു പിടിക്കുന്ന കാലയളവില്‍ വിടവ് കൂടുതലായാല്‍ ഇത്തരക്കാരും കഷ്ടത്തിലാവും. ഒരു മാസത്തില്‍ അധികം തുടര്‍ച്ചയായി ജോലി ലഭിക്കാതെ വനാല്‍ ഇവരുടെ കണക്ക് കൂട്ടലുകള്‍ പാടെ തെറ്റും. അത് പോലെ തന്നെ വര്‍ഷത്തില്‍ പല തവണയായി മൂന്നു മാസത്തില്‍ കൂടുതല്‍ ജോലി ഇല്ലാതെ വെറുതെ ഇരിക്കേണ്ടി വന്നാലും കണക്ക് കൂട്ടലുകള്‍ തെറ്റും.

ഒന്നോര്‍ക്കുക. ഇത്തരക്കാര്‍ അധികമൊന്നുമില്ല സൗദി അറേബ്യയില്‍.സൗദി അറേബ്യയിലെ വ്യാവസായിക നഗരങ്ങളായ ജുബൈലിലും യാന്ബുവിലും ഗവണ്മെന്റിന്റെ വന്‍കിട വികസന പദ്ധതികള്‍ നടക്കുന്ന മറ്റു സ്ഥലങ്ങളിലും മാത്രമേ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം പറ്റുന്ന ഫ്രീവിസക്കാരെ കാണാന്‍ സാധിക്കൂ. മറ്റുള്ളവരില്‍ അധികവും പ്രതിമാസം എന്ന കണക്കിന് ശമ്പളം പറ്റുന്നവരാന്. അവരുടെ എണ്ണമാണ് ഈ ലെവിയുടെ ഫലമായി ഗണ്യമായി കുറയാന്‍ പോകുന്നത്.

 

 

Permanent link to this article: http://pravasicorner.com/?p=4388

Copy Protected by Chetan's WP-Copyprotect.