«

»

Print this Post

ഖത്തറിലെ രണ്ടു തരം തൊഴില്‍ കരാറുകള്‍

 

 

തൊഴില്‍ കരാറുകള്‍ പ്രവാസി തൊഴിലാളിയുടെ തൊഴില്‍ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. എല്ലാ പ്രവാസി തൊഴിലാളികളും താന്‍ ഒപ്പിടുന്ന തൊഴില്‍ കരാറിന്റെ സ്വഭാവത്തെപ്പറ്റി നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. വിദേശത്തേക്ക് വരുന്നതിനു മുന്‍പ് തൊഴില്‍ കരാറിന്റെ വിഷയങ്ങള്‍ പറഞ്ഞുറപ്പിക്കാത്തത് കൊണ്ട് മാത്രം ബുദ്ധിമുട്ടുന്ന ഒരുപാട് പ്രവാസ ജീവിതങ്ങളുണ്ടിവിടെ. പ്രധാനമായും രണ്ടു തരത്തിലുള്ള തൊഴില്‍ കരാറുകളാണ് ഖത്തറിലെ തൊഴില്‍ മേഖലയില്‍ നിലവിലുള്ളത്.

  1. Fixed Term Contract (നിശ്ചിത കാലാവധി കരാര്‍)
  2. Open Ended Contract (കാലാവധി നിശ്ചയിക്കാത്ത കരാര്‍)

ഇതില്‍ ഒന്നാമത്തെ വിഭാഗമായ ഫിക്സ്ഡ് ടേം കരാറിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നിശ്ചിത കാലത്തേക്കുള്ള തൊഴില്‍ കരാറാണ് ഫിക്സ്ഡ് ടേം കരാര്‍. അതില്‍ പ്രസ്തുത കരാര്‍ തീരുന്ന കാലയളവ് വ്യക്തമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. അതിലെ കരാര്‍ തീരുന്ന തിയ്യതി വരെ പ്രസ്തുത തൊഴിലാളി തന്റെ സ്പോണ്സറുടെ / കമ്പനിയുടെ മേല്‍നോട്ടത്തില്‍ അയാള്‍ക്ക്‌ വേണ്ടി നിര്‍ബന്ധമായും ജോലി ചെയ്യണം. അത് പോലെ തന്നെ കരാര്‍ കാലാവധിക്കു മുന്‍പായി തൊഴിലാളിയെ പിരിച്ചു വിടാനും പാടില്ല. പ്രൊബേഷന്‍ കാലാവധിക്കു ശേഷം കരാറില്‍ കാണിച്ചിട്ടുള്ള കരാര്‍ തീരുന്ന തിയ്യതിക്ക് മുന്‍പായി കരാറിലെ ഇരു പാര്‍ട്ടികളും അതായത് തൊഴിലാളിയോ സ്പോന്സറോ സ്വന്തം ഇഷ്ടപ്രകാരം ആ കരാര്‍ ലംഘിക്കാന്‍ പാടുള്ളതല്ല. തൊഴിലാളിയെ പിരിച്ചു വിടാനോ തൊഴിലാളി ജോലി ഉപേക്ഷിക്കാനോ പാടില്ല. (നോട്ടീസ്‌ പോലും നല്‍കാതെ തൊഴിലാളിയെ പിരിച്ചു വിടാന്‍ സ്പോന്സര്‍ക്ക് അധികാരം നല്‍കുന്ന 10 കാരണങ്ങള്‍ വകുപ്പ് 61 പ്രകാരം ഖത്തര്‍ തൊഴില്‍ നിയമം വിവരിക്കുന്നുണ്ട്). അപ്രകാരം കരാര്‍ ലംഘിച്ചാല്‍ അത് സ്വന്തം ഇഷ്ടപ്രകാരമുള്ള കരാര്‍ ലംഘനം (Arbitrary Contract Violation) ആയി നിയമം കണക്കാക്കുന്നു. അതോടെ ആ കരാര്‍ ലംഘനം തൊഴില്‍ നിയമ ലംഘനമാകുന്നു. അങ്ങിനെയുള്ള അവസരങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം കരാര്‍ ലംഘിച്ച വ്യക്തി മറുകക്ഷിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും.

ഇത്തരം കരാറിന്റെ കാലാവധി ഒരു തവണ 5 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല എന്നു നിയമം അനുശാസിക്കുന്നു.കാലാവധിക്കു ശേഷം ആവശ്യമെന്കില്‍ ഇരു കഷികളുടെയും സമ്മതപ്രകാരം ഒന്നിലധികം തവണ അതേ കാലാവധിക്കു തന്നെ പ്രസ്തുത കരാര്‍ പുതുക്കുകയും ചെയ്യാവുന്നതാണ്.

രണ്ടാമത്തെ വിഭാഗമായ Open Ended Contract  മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് നേരെ വിപരീതമാണ്. ഈ തൊഴില്‍ കരാറിനെ Unlimited Contract എന്നും പറയും. ഇത്തരം തൊഴില്‍ കരാറുകളില്‍ പ്രസ്തുത കരാര്‍ അവസാനിക്കുന്ന തിയ്യതി കാണിച്ചിട്ടുണ്ടാവില്ല. ഈ കരാര്‍ കരാറിലെ ഇരു കക്ഷികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം അവസാനിപ്പിക്കാം. എന്നാല്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പായി ശമ്പളം കൈപ്പറ്റുന്ന / നല്‍കുന്ന രീതിയും സേവന കാലാവധിയുടെ ധെയ്ര്ഘ്യവും കണക്കാക്കിലെടുത്തു നിയമം അനുശാസിക്കുന്ന രീതിയില്‍ ഒരു നിശ്ചിത തിയ്യതിയില്‍ താന്‍ ജോലി അവസാനിപ്പിക്കുമെന്നുള്ള മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി കൊണ്ട് വേണം ജോലിയില്‍ നിന്ന് പിരിയാന്‍. അത് പോലെ തന്നെ പിരിച്ചു വിടപ്പെടുന്ന തൊഴിലാളിക്കും ഇത്തരത്തില്‍ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കേണ്ടതുണ്ട്. ഈ മുന്‍കൂര്‍ നോട്ടീസിന്റെ സമയ കാലാവധി ജോലിയുടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഖത്തര്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 49 ലായി ഇത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

Open Ended Contract  പ്രകാരം ഒരു തൊഴിലാളിയെ പിരിച്ചു വിടുമ്പോഴോ അല്ലെങ്കില്‍ ഒരു തൊഴിലാളി തന്റെ ജോലി അവസാനിപ്പിക്കുമ്പോഴോ അതിനു പ്രത്യേക കാരണമൊന്നും കാണിക്കേണ്ടതില്ല. നോട്ടീസ് കാലാവധി എന്ന നിബന്ധന പാലിച്ചാല്‍  മതി.

 

Permanent link to this article: http://pravasicorner.com/?p=4453

Copy Protected by Chetans WP-Copyprotect.