«

»

Print this Post

ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ എങ്ങിനെ കസ്റ്റംസ്‌ നികുതി നല്‍കാതെ തിരികെ കൊണ്ട് വരാം?

 

എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്

വിദേശത്ത് നിന്നും നാട്ടിലേക്ക് കൊണ്ട് വരുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചു കൊണ്ടുള്ള പഴയ നിയമം വീണ്ടും കേന്ദ്രസര്‍ക്കാര്‍ കശനമാക്കിയിരിക്കുന്നു. കേന്ദ്ര നിയമമായ ബാഗേജ്‌ നിയമത്തില്‍ ആണ് ഒരു വ്യക്തിക്ക് വിദേശത്ത് നിന്നും കൊണ്ടുവരാവുന്ന നിയമപരമായ നികുതിരഹിത സ്വര്‍ണത്തെക്കുറിച്ച് പറയുന്നത്. ‘ഒരു ഇന്ത്യന്‍ യാത്രക്കാരനായ പുരുഷന് 10,000 രൂപയുടെയും സ്ത്രീ യാത്രക്കാരിക്ക്‌ 20,000 രൂപയുടെയും മൂല്യമുള്ളതുമായ ആഭരണങ്ങള്‍ കൊണ്ട് വരാവുന്നതാണ്’ എന്ന് അതില്‍ പറയുന്നു. ഇതുപ്രകാരം ഇപ്പോഴത്തെ സ്വര്‍ണ വിലയനുസരിച്ച് പുരുഷന് മൂന്നു ഗ്രാമും സ്ത്രീക്ക് ആറു ഗ്രാമും സ്വര്‍ണം കൊണ്ട് വരാനേ ഇപ്പോള്‍ അനുമതിയുള്ളൂ. കൂടുതലുള്ള സ്വര്‍ണത്തിന് വലിയ തോതില്‍ നികുതി കൊടുക്കെണ്ടതായും വരുന്നു. ഇത് കഷ്ടത്തിലാക്കുന്നത് താലിമാല പോലുള്ള  ആഭരണങ്ങള്‍ അണിയുന്ന പ്രവാസികളായ സ്ത്രീകളും മറ്റുമാണ്. തിരിച്ചു വരുമ്പോള്‍ താലിമാലയ്ക്ക് പോലും നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥ അവര്‍ക്കുണ്ടാകുന്നു.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് പുറത്തു പോകുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങളുടെ കണക്കുകള്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കി അവരില്‍ നിന്നും ഒരു എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ്’ കരസ്ഥമാക്കിയാല്‍ പ്രസ്തുത ആഭരണങ്ങള്‍ തിരികെ വരുമ്പോള്‍ ഇന്ത്യയിലേക്ക് നികുതി അടക്കാതെ തന്നെ കൊണ്ട് വരാം. കുറച്ചു കാലത്തിനു ശേഷം തിരികെ വരുമ്പോള്‍ ‘കൊണ്ട് വരണമെന്നുള്ള ഉദ്ദേശത്തോട്’ കൂടി ഏതു യാത്രക്കാരനും തന്‍റെ വ്യക്തിപരമായ സാധനങ്ങള്‍ ബാഗേജിനോടൊപ്പം കൊണ്ട് പോകാനും കസ്റ്റംസ്‌ ഡ്യൂട്ടി അടക്കാതെ തന്നെ അവ തിരികെ കൊണ്ട് വരാനും കസ്റ്റംസ്‌ നിയമത്തില്‍ വകുപ്പുകള്‍ ഉണ്ട്.  തങ്ങള്‍ വ്യക്തിപരമായി അണിയുന്ന ഇത്തരം ആഭരണങ്ങളും ഈ വിഭാഗത്തില്‍ പെടുന്നു. അതിനായി ഇത്തരം ആഭരണങ്ങള്‍ വിദേശങ്ങളിലേക്ക് കൊണ്ട് വരുമ്പോള്‍ നാട്ടില്‍ വെച്ച് തന്നെ തന്നെ ശ്രദ്ധിക്കണം.

അതിനായി യാത്ര പുറപ്പെടുന്ന എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെയാണ് സമീപിക്കേണ്ടത്. എല്ലാ എയര്‍പോര്‍ട്ടുകളിലും ഇതിനുള്ള സൗകര്യം ഉണ്ട്. മിക്കവാറും എമിഗ്രേഷന് അടുത്ത് ആയിരിക്കും ഈ ഉദ്യോഗസ്ഥന്റെ ഇരിപ്പിടം. ബോര്‍ഡിംഗ് പാസ്സും പാസ്പോര്‍ട്ടും സഹിതം അദ്ദേഹത്തിന് തന്റെ കയ്യിലുള്ള ആഭരണങ്ങളും മറ്റു വ്യക്തിഗത വസ്തുക്കളും കാണിച്ചു ബോധ്യപ്പെടുത്തണം. ആഭരണങ്ങളുടെ വില രേഖപ്പെടുത്തിയിട്ടുള്ള ബില്ലോ മറ്റോ ഉണ്ടെങ്കില്‍ മൂല്യം കണക്കാക്കുന്നതിനു കൂടുതല്‍ സഹായകരമാകും. പ്രസ്തുത ഉദ്യോഗസ്ഥന്‍ അവ പരിശോധിച്ചു അവ രാജ്യത്തു നിന്ന് പുറത്തു കൊണ്ട് പോകുന്നതിനുള്ള ‘എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് ‘നല്‍കും.

ഈ എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റില്‍ യാത്രക്കാരന്റെ സത്യവാങ്ങ്മൂലവും,ഒപ്പും, വിലാസവും, വസ്തുക്കളുടെ വിവരണങ്ങളും, ആഭരണങ്ങളുടെ മോഡലും, സീരിയല്‍ നമ്പരും, തിരിച്ചറിയാനുള്ള വിവരണങ്ങളും കസ്റ്റംസ്‌ ഓഫീസര്‍ രേഖപ്പെടുത്തിയിരിക്കും.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂന്നു വര്‍ഷം വരെ കാലാവധി ഉണ്ട്. തിരികെ വരുമ്പോള്‍ പ്രസ്തുത വസ്തുക്കള്‍ക്കൊപ്പം ആ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടു വരണം. ആരുടെ പേരിലാണോ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്, അയാളുടെ ഉടമസ്ഥതയില്‍ തന്നെയാവണം ആഭരണങ്ങളും.കൈമാറുന്നത് അനുവദനീയമല്ല.പ്രസ്തുത സര്‍ട്ടിഫിക്കറ്റ് കൌണ്ടറില്‍ കാണിച്ചു പുറകു വശത്ത് ഒപ്പിട്ടു നല്‍കണം. എങ്കില്‍ മാത്രമേ നികുതി നല്‍കാതെ ആഭരണം പുറത്തു കൊണ്ട് വരാന്‍ സാധിക്കൂ. 

 

 

Permanent link to this article: http://pravasicorner.com/?p=4604

Copy Protected by Chetan's WP-Copyprotect.