«

»

Print this Post

സൗദിയില്‍ എങ്ങിനെ ഇന്ത്യന്‍ പ്രവാസിക്ക് നീതി ലഭിക്കും?

 

1

 

എന്ത് കൊണ്ട് പ്രവാസികള്‍ സൗദി അറേബ്യയില്‍ സ്പോണ്‍സര്‍മാരുടെ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്നു? എന്ത് കൊണ്ട് കൂടുതല്‍ ഇന്ത്യക്കാര്‍ ഇവിടെ ഹുറൂബ്‌ ആകുന്നു? എന്ത് കൊണ്ട് പലര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല? എന്ത് കൊണ്ടാണ് ഇവിടെ പ്രബുദ്ധരും രാഷ്ട്രീയാവബോധമുള്ളവരും വിദ്യാസമ്പന്നരുമായ മലയാളികളായ പ്രവാസികള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട നീതി ലഭിക്കാന്‍ മുന്നിട്ടിറങ്ങാത്തത്?

ഉത്തരം വളരെ ലളിതം. അത് നടപ്പിലാക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ഇവിടെ നില നില്‍ക്കുന്ന സാഹചര്യത്തില്‍ സാധ്യമല്ല. ഈ നിയമ പരിരക്ഷകള്‍ അവന്‍ ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ പുറപ്പെട്ടാല്‍ അത് കൂടുതല്‍ ദുരിതങ്ങളിലേക്ക് അവനെ നയിക്കും എന്നാണു പലരുടെയും അനുഭവങ്ങള്‍ക്ക് പഠിപ്പിക്കുന്നത്.

സൗദി അറേബ്യയില്‍ കോടതികളിലും മറ്റു അധികാരകേന്ദ്രങ്ങളിലും ഒരു പ്രശ്നം ശരിയായ രീതിയില്‍ അവതരിപ്പിക്കപ്പെടണമെങ്കില്‍ സൗദി പൌരന്മാരായ അഭിഭാഷകര്‍ തന്നെ ആവശ്യമാണ്. കേസിലകപ്പെടുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കാന്‍ സ്വദേശികളായ അഭിഭാഷകരെ നിയമിക്കുകയാണെങ്കില്‍ ഇവിടുത്തെ പകുതിയിലേറെ തൊഴില്‍ ചൂഷണങ്ങളും അവസാനിക്കുമെന്ന് തന്നെ സംശയമേതുമില്ലാതെ പറയാന്‍ സാധിക്കും.ഇന്ത്യന്‍ എംബസ്സിയില്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കാനുള്ള ആളുകള്‍ ഉണ്ട് എന്ന ഒരു പ്രതീതി ജനിപ്പിച്ചാല്‍ പോലും കേസുകളുടെ എണ്ണം കുറക്കാന്‍ സാധിക്കും.

അതിനു സ്വദേശികളായ അഭിഭാഷകരോ നിയമ പ്രവര്‍ത്തകരോ വേണം. സത്യത്തില്‍ ഇന്ത്യന്‍ എംബസ്സി പറഞ്ഞാല്‍ പോലും ഒരു സൗദി സ്പോണ്‍സര്‍ അനുസരിക്കണമെന്നില്ല.അത്തരം സൗദി പൌരന്മാരെ നിര്‍ബന്ധപൂര്‍വം അനുസരിപ്പിക്കാനും നമ്മുടെ എംബസ്സികള്‍ക്ക് സാധിക്കില്ല. സൗദി പൌരന്മാര്‍ക്ക് അവരുടെ നിയമ സംഹിതയുണ്ട്.  അവര്‍ക്ക് അതിനെ മാത്രമേ അനുസരിക്കേണ്ടതുള്ളൂ. 

എംബസ്സി ഇവിടെ സാധാരണയായി ചെയ്യുന്നത് എന്തെങ്കിലും പ്രശ്നം എംബസ്സിയുടെ മുന്നില്‍ വന്നാല്‍ അത്  ഇന്ത്യക്കാരായ, കൂടുതലും മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറുകയോ അല്ലെങ്കില്‍ സ്പോണ്‍സറെ നേരിട്ട് വിളിക്കുകയോ ആണ്. നേരിട്ട് വിളിക്കുമ്പോള്‍ ചില സ്പോണ്‍സര്‍മാര്‍ ചിലപ്പോള്‍ ഭയന്നു കാര്യങ്ങള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാറുണ്ട്. എന്നാല്‍ സ്പോണ്‍സര്‍ അനുസരിച്ചില്ലെങ്കില്‍ നിയമ വഴിക്ക് പോകുക അല്ലാതെ എംബസ്സിക്കും മറ്റു വഴിയൊന്നും ഇല്ല.

എംബസ്സി നല്‍കുന്ന അധികാരപത്രവുമായി പീഡിതനായ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പോകുന്ന സാമൂഹിക പ്രവര്‍ത്തകന്റെ കാര്യം അതിലും കഷ്ടമാണ്. മിക്ക സ്പോണ്‍സര്‍മാരും ഈ അനുമതി പത്രത്തിന് വലിയ വില കല്‍പ്പിക്കാറില്ല. മാത്രമല്ല അനുമതി പത്രവുമായി വരുന്നവന്‍ എംബസ്സിയുടെ വിസയില്‍ വന്നിട്ടുള്ള ഉദ്യോഗസ്ഥനല്ല എന്നും തൊഴില്‍  വിസയില്‍ വന്നിട്ടുള്ള ഒരു സാധാരണ വിദേശിയാണെന്നും അവര്‍ക്കറിയാം. അത് കൊണ്ടു തന്നെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വലിയ പ്രാമുഖ്യമൊന്നും സൗദി സ്പോണ്‍സര്‍മാര്‍ അനുവദിച്ചു നല്‍കാറില്ല. എംബസ്സിയുടെ അനുമതി പത്രവുമായി പോയപ്പോള്‍ ഒരു സ്പോണ്‍സര്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയ അനുഭവം ഈ അടുത്ത് റിയാദിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ലേഖകനോട് വിവരിച്ചിരുന്നു.

വീട്ടു വേലക്കാരികളുടെ അവസ്ഥയാണ് അതിലും കഷ്ടം. ഉയര്‍ന്ന മതില്‍ കെട്ടിനകത്ത് കഴിയുന്ന അവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള മറ്റൊരു മാര്‍ഗവും ഉണ്ടാവില്ല. അന്യവ്യക്തികളെ സൗദി ഭവനങ്ങളില്‍ അവര്‍ പ്രവേശിപ്പിക്കാറില്ല. മാത്രമല്ല അനുമതിയില്ലാതെ സൗദി ഭവനങ്ങളില്‍ പ്രവേശിക്കുന്നത് കുറ്റകരവുമാണ്. ഒരാളെ ജയിലില്‍ അടക്കാന്‍ ഇത് ധാരാളം മതി. ഇതെല്ലമറിയാവുന്ന എംബസ്സി പറയുക, നിങ്ങള്‍ എങ്ങിനെയെങ്കിലും പുറത്തേക്കു വന്നാല്‍ ഞങള്‍ അഭയം നല്‍കാം എന്നാണ്. എങ്ങിനെയെങ്കിലും എംബസ്സിയിലേക്ക് എത്തുന്നതിനാണ് ഇവര്‍ പലപ്പോഴും സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുന്നത്.പലപ്പോഴും ഞാണിന്മേല്‍ കളിയാണ് ഇക്കാര്യങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകര്‍ നടത്താറുള്ളത്. കാരണം എംബസ്സിയില്‍ എത്തുന്നതിനു മുന്‍പു പിടിക്കപ്പെട്ടാല്‍ സാമൂഹിക പ്രവര്‍ത്തകനും നിയമ നടപടികള്‍ നേരിടേണ്ടി വരും. 

ഇതിനെന്തെന്കിലും പരിഹാരം ഉണ്ടോ? തീര്‍ച്ചയായും പരിഹാരമുണ്ട്. എന്ത് കൊണ്ട് ഇവിടെ ഫിലിപ്പിനോ തൊഴിലാളികള്‍ അധികം ചൂഷണത്തിന് വിധേയരാകുന്നില്ല ?

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

എന്ത് കൊണ്ട് പടിഞ്ഞാറന്‍ നാടുകളിലെ വിദേശികള്‍ ഇവിടെ ചൂഷണത്തിനും പീഡനത്തിനും ഇരയാവുന്നില്ല?അപ്പോള്‍ പ്രതികരണത്തിന്റെ അളവനുസരിച്ചാണ് പീഡനത്തിന്റെയും ചൂഷണത്തിന്റെയും അളവും നിര്‍ണ്ണയിക്കപ്പെടുന്നത്. ഇന്ത്യക്കാര്‍ അനാഥരല്ല, അവരെ ഉപദ്രവിച്ചാല്‍ അത് ചോദിക്കാന്‍ ഇവിടെ ആളുകളുണ്ട്, അവര്‍ക്ക് ആവശ്യമായ നിയമസംരക്ഷണവും പരിരക്ഷയും നല്‍കാന്‍ ആളുകളുണ്ട് എന്ന സന്ദേശം എംബസ്സി പ്രവര്‍ത്തികളിലൂടെ മനസ്സിലാക്കി കൊടുത്താല്‍ ഇവിടുത്തെ തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും പീഡനങ്ങളും ഒരു പരിധി വരെ ഇല്ലാതാവുമെന്നുള്ളത് തീര്‍ച്ചയാണ്. 

അതിനു കൂട്ടായ പരിശ്രന്മം വേണം. ചൂഷണങ്ങളോട് തൊഴിലാളിക്ക് നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടാന്‍ ഇവിടെ സാധിക്കില്ല. കാരണം ഇവിടുത്തെ നിയവ്യവസ്ഥയും സാമൂഹിക വ്യവസ്ഥയും അതിനു മാത്രം വികസിതമല്ല. എന്നാല്‍ സൗദി പൌരന്മാരെ തന്നെ മുന്നില്‍ നിര്‍ത്തി അതിനെ ഗുണപരമായി പ്രതിരോധിക്കാം. അതിനായി ഇവിടുത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും മറ്റും സൗദികളായ അഭിഭാഷകരെ നിയമിക്കുകയും അവരെ സഹായിക്കാന്‍ സ്വദേശികളായ യവാക്കളെ നിയമിക്കുകയും വേണം. അവരെ മുന്നില്‍ നിര്‍ത്തി കൊണ്ടായിരിക്കണം നിയമപരിരക്ഷ പ്രവാസി തൊഴിലാളിക്ക് നേടി കൊടുക്കേണ്ടത്. കോടതിക്ക് പുറത്തുള്ള കാര്യങ്ങള്‍ക്കും മറ്റുമായി ഇന്ത്യക്കാരായ സന്നദ്ധ പ്രവര്‍ത്തകരുടെ  പാനലും ഉണ്ടാക്കാവുന്നതാണ്, എങ്കില്‍ മാത്രമേ ഈ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കൂ.

 

Permanent link to this article: http://pravasicorner.com/?p=4612

Copy Protected by Chetan's WP-Copyprotect.