പടിഞ്ഞാറന്‍ മേഖലയിലെ സൗദി പ്രവാസികളുടെ സ്വന്തം അല്‍ ബൈക്ക്‌

0
3

 

സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഫാസ്റ്റ്‌ ഫുഡ്‌ റസ്‌റ്റോറന്‍റ് ശൃംഖലയാണ് അല്‍ ബൈക്ക്‌. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഭക്ഷണ ശൃംഖലകളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഏഴാം സ്ഥാനത്തു വന്നത് സൌദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മാത്രമുള്ള അല്‍ ബൈക്ക്‌ ആയിരുന്നു.   

ബ്രോസ്റ്റഡ്  ചിക്കന്‍ ആണ് അല്‍ ബൈക്കിന്റെ പ്രധാനപ്പെട്ട വിഭവം. അതിന്റെ തനതായ രുചി മൂലം പ്രവാസികളുടെയും സ്വദേശികളുടെയും വന്‍ തിരക്കാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകളില്‍ കാണുന്നത്. പ്രത്യേക രുചിക്കൂട്ടുകളിലൂടെ തയ്യാറാക്കിയെടുക്കുന്ന അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ് വിഭവങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതും അതേ നിലവാരത്തിലുള്ള മാക്‌ഡോണാള്‍ഡ്, കെ.എഫ.സി തുടങ്ങിയവയുടെ  ബ്രോസ്റ്റഡ്  ചിക്കന്‍ വിഭവങ്ങളെക്കാള്‍ 30 ശതമാനം വരെ വിലകുറവുള്ളതും ആണ്. ഇതാണ് കൂടുതല്‍ ആളുകളെ അല്‍ ബൈക്കിലേക്ക് ആകര്‍ഷിക്കുന്നത്.

ഷക്കൂര്‍ അബുഗസാലയാണ് 1974 ല്‍ ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ തന്റെ പഴയ വെയര്‍ഹൗസില്‍ ആദ്യത്തെ പ്രഷര്‍ ഫ്രൈഡ് ചിക്കന്‍ റെസ്റ്റോറന്റ്റ്‌ തുടങ്ങിയത്. ഇത്തരത്തിലുള്ള ചിക്കന്‍ വിഭവം അന്ന് സൗദി അറേബ്യയില്‍ ആദ്യമായിരുന്നു. ആദ്യ കാലഘട്ടത്തില്‍ വില്‍പ്പന കുറവായിരുന്നു. ആദ്യത്തെ മൂന്നു മാസം ദിവസത്തില്‍ നൂറില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ചിക്കന്‍ വിഭവങ്ങള്‍ നല്‍കാന്‍ അബുഗസാലക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കടയുടെ മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

1976 ല്‍ ഷുക്കൂര്‍ അബുഗസാല കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. പിതാവിന്റെ മരണത്തോടെ യൂണിവേഴ്സിറ്റി ബിരുദധാരിയായ മകന്‍ ഇഹ്സാന്‍ അബുഗസാല പിതാവിന്റെ സംരംഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. 1982 ല്‍ പഠനം കഴിഞ്ഞതോടെ ഇളയ സഹോദരനായ റമി ഗസാലയും ബിസിനസ്സില്‍ ചേര്‍ന്നു.  

ആ സമയത്ത് ജിദ്ദയില്‍ മാത്രം നാന്നൂറോളം  ബ്രോസ്റ്റഡ്  ചിക്കന്‍ വില്‍ക്കുന്ന കടകളുണ്ടായിരുന്നു. കിടമത്സരത്തെ മറികടക്കണമെങ്കില്‍ ഏതെന്കിലും പ്രത്യേകതയുള്ള വിഭവങ്ങള്‍ ആവശ്യമായിരുന്നു. ആ സഹോദരങ്ങള്‍ തങ്ങളുടെ മൂന്നു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം 1984 ല്‍ 18 രഹസ്യ ചേരുവകളടങ്ങിയ രുചിക്കൂട്ട് തയ്യാറാക്കിയെടുത്തു.എന്നും വൈകുന്നേരങ്ങളില്‍ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് തയ്യറാക്കിയെടുക്കുന്ന ഈ രുചിക്കൂട്ട് ജിദ്ദയിലെ പ്രധാന അടുക്കളയിലേക്കു കൊണ്ട് വന്നിട്ടാണ് അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ്  ചിക്കന്‍ തയ്യാറാക്കിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ  അല്‍ ബൈക്കിന്റെ രുചിക്കൂട്ട് ജിദ്ദയില്‍ പേരെടുത്തു. കടകളില്‍ വന്‍തിരക്കും അനുഭവപ്പെട്ടു തുടങ്ങി.

1986 ല്‍ ആണ് അല്‍ ബൈക്ക്‌ ഒരു ട്രേഡ്മാര്‍ക്ക് ആയി സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇഹ്സാനും ഭാര്യ ലൈലയും ചേര്‍ന്നാണ് അല്‍ ബൈക്കിന്റെ ഇപ്പഴത്തെ ലോഗോ രൂപ കല്‍പ്പന ചെയ്തത്.

ഇഹ്സാന്‍ അബു ഗസാല്‍ ആണ് അല ബൈക്ക്‌ ഫുഡ്‌ സിസ്റ്റംസ് ഗ്രൂപ്പ്‌ ഓഫ് കമ്പനികളുടെ ഇപ്പോഴത്തെ ബോര്‍ഡ്‌ ചെയര്‍മാന്‍. ഇപ്പോള്‍ ജിദ്ദയില്‍ 40, മക്കയില്‍ 6, മദീനയില്‍ 3,തായിഫിലും യാമ്പുവിലും ഓരോന്ന് വീതം എന്നിങ്ങനെയാണ് ഔട്ട്‌ലെറ്റുകളുടെ എണ്ണം. ഈ അടുത്ത കാലത്ത് രണ്ടു ഔട്ട്‌ലെറ്റുകള്‍ ഖസ്സീമിലെ ബുറൈദയിലും തുടങ്ങുന്നതിനു വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. സൌദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യക്ക് പുറത്തുള്ള അല്‍ ബൈക്കിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റുകളാണ് ഇത്. കിടമല്‍സരം തടയുന്നതിന്റെ ഭാഗമായാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകള്‍ പടിഞ്ഞാറന്‍ പ്രവിശ്യക്ക് പുറത്തു സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഇത് വരെ അനുവാദം നല്കാഞ്ഞത് എന്നായിരുന്നു ശ്രുതി. എന്നാല്‍ അതിനെ കുറിച്ച് പല ഊഹാപോഹങ്ങളും നിലനില്‍ക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here