«

»

Print this Post

നിതാഖാത്‌: ചുവപ്പില്‍ നിന്ന് പച്ചയിലേക്കുള്ള മാറ്റം ……..

 

 

വിദേശത്ത് നിന്നും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനു പകരമായി സൌദിയില്‍ തന്നെ സാങ്കേതിക തടസ്സങ്ങളില്‍  പെട്ട് കിടക്കുന്ന പ്രവാസി തൊഴിലാളികള്‍ക്ക്  ജോലി നല്‍കാന്‍ സൌദിയിലെ തൊഴില്‍ മന്ത്രാലയം പച്ച, എക്സലന്റ് വിഭാഗത്തിലെ തൊഴില്‍ ധാതാക്കളോട് ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു .പ്രാദേശിക പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ മുഖേനയാണ് മന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്.

നിതാഖാത്‌ പ്രാബല്യത്തില്‍ വന്നതിനു ശേഷം നിരവധി വിദേശ തൊഴിലാളികളാണ് ഇഖാമയും വര്‍ക്ക്‌ പെര്‍മിറ്റും പുതുക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടിരുന്നത്. പ്രസ്തുത നിയമത്തിനു ശേഷം ചുവപ്പ് വിഭാഗത്തിലകപ്പെട്ട കമ്പനികളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കിയിരുന്നില്ല. ഇഖാമ പുതുക്കാനും സ്പോണ്സര്ഷിപ്പ് മാറാനും വന്‍ തുകയാണ് നിലവിലുള്ള സ്പോന്സര്മാര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ ഇഖാമ പുതുക്കാതെ വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കാനും സാധിക്കാതെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോകേണ്ടി വന്നവര്‍ നിരവധിയാണ്. ഇപ്പോഴും ഈ സാങ്കേതിക തടസ്സം മൂലം ഇഖാമ തീരുന്ന തിയ്യതി വരെ കാത്തു നിന്ന് അതിനു ശേഷം എക്സിറ്റില്‍ പോകാന്‍ തീരുമാനിച്ചു നിരവധി പേരുണ്ട്. 

എന്നാല്‍ ഇത്തരം തടസ്സങ്ങളില്‍ പെട്ട് ഇഖാമ പുതുക്കാന്‍ സാധിക്കാത്ത ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍ പെടുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സ്പോന്സരുടെ അനുവാദമില്ലാതെ തന്നെ പച്ച, എക്സലന്റ് വിഭാഗത്തില്‍പെടുന്ന കമ്പനികളിലേക്ക് മാറാവുന്നതാണെന്നു മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല വിദേശത്ത് നിന്നും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനേക്കാള്‍ ഇത്തരം തൊഴിലാളികളെ കൂടുതലായെടുക്കാന്‍ ഇപ്പോള്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.ഈ ആവശ്യമുന്നയിച്ചു വിവിധ പ്രാദേശിക പത്രങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരസ്യവും നല്‍കിയിരുന്നു. 

ഇത് കൊണ്ട് ഗുണം പലതാണ്. തൊഴിലുടമകളുടെ റിക്രൂട്ട്മെന്റ് ചെലവ് കുറയുമെന്നു മാത്രമല്ല തൊഴില്‍ പരിചയവും അനുഭവ സമ്പത്തുമുള്ള വിദഗ്ദരായ തൊഴിലാളികളെ ഇവിടെ നിന്ന് തന്നെ ലഭിക്കും. അത് പോലെ തന്നെ വരും കാലങ്ങളില്‍ സൗദി അറേബ്യ അനുഭവിക്കാന്‍ പോകുന്ന വിദഗ്ദരായ തൊഴിലാളികളുടെ വന്‍ക്ഷാമവും ഇതോടു കൂടി കുറഞ്ഞു കിട്ടും. മാത്രമല്ല വിദേശ തൊഴിലാളികളോട് എപ്പോഴും ശത്രുതാപരമായ തീരുമാനങ്ങളെടുക്കുന്നുവെന്ന തൊഴില്‍ മന്ത്രാലയത്തിനോടുള്ള വിദേശ തൊഴിലാളികളുടെ രോഷവും കുറഞ്ഞു കിട്ടും. അതെ സമയം അനധികൃതമായി ജോലി ചെയ്യുന്ന ഫ്രീവിസക്കാരുടെ എണ്ണവും കുറയുന്നു.ഇത് ഫലപ്രദമായി നടപ്പാക്കുന്നതോടെ രാജ്യത്തെ വിദേശ തൊഴിലാളികളില്‍ ഭൂരിഭാഗവും നിയമാനുസൃതം ജോലി ചെയ്യുന്നവരായി മാറും.

പക്ഷെ തൊഴിലാളികള്‍ ഇങ്ങിനെ കൊഴിഞ്ഞു പോകുന്നത് തടയാന്‍ ചുവപ്പ് മഞ്ഞ വിഭാഗത്തിലുള്ള തൊഴിലുടമകള്‍ എളുപ്പത്തില്‍ സമ്മതിക്കുമെന്ന് കരുതാന്‍ സാധിക്കില്ല. കാരണം അതോടെ അത്തരം സ്ഥാപനങ്ങളെല്ലാം തന്നെ അടച്ചു പൂട്ടേണ്ടി വരും.  തൊഴിലുടമകള്‍ക്ക് വന്‍ നഷ്ടവും സംഭവിക്കും. കഴിയാവുന്നത്ര സാങ്കേതിക തടസ്സങ്ങള്‍ നിരത്തി സ്പോന്സര്ഷിപ്പ്‌ മാറാന്‍ തുടങ്ങുന്ന തൊഴിലാളിയെ തടയുകയോ അത് സാധിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു നഷ്ടപരിഹാരമെന്കിലും നല്‍കണം എന്ന നിലപാടിലേക്ക് ഇത്തരം തൊഴിലുടമകള്‍ നീങ്ങാനാണ് സാധ്യത.അവരുടെ സമ്മര്‍ദ്ദത്തിനു തൊഴില്‍ മന്ത്രാലയത്തിനു ഒരു പരിധി വരെയെങ്കിലും വഴങ്ങേണ്ടി വരും എന്നാണ് ഇത് വരെയുള്ള അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. പരസ്യമായി വഴങ്ങിയില്ലെങ്കില്‍ തന്നെ മൌനാനുവാദമെങ്കിലും നല്‍കാനാണ് സാധ്യത. പാവപ്പെട്ട ചുവപ്പുകാര്‍ക്കും മറ്റും ഇനി വരും ദിവസങ്ങളില്‍ ഇപ്രകാരം സ്പോന്സര്ഷിപ്പ്‌ മാറുന്നതിനു എന്തൊക്കെ തടസ്സങ്ങളാണ് വരിക എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

 

Permanent link to this article: http://pravasicorner.com/?p=4750

Copy Protected by Chetans WP-Copyprotect.