«

»

Print this Post

സൗദി ലെവി: അവസാന ശ്രമമെന്ന നിലയില്‍ രാജ കാരുണ്യം തേടി…….

 

 

ലെവി പ്രശ്നത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അവസാന വാക്ക് വന്നതോടെ ലെവി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ്‌ പ്രതിനിധികള്‍ ഊര്‍ജ്ജിത ശ്രമം തുടങ്ങി. അവസാന ശ്രമമെന്ന നിലയില്‍ പ്രശ്നം സൗദി ഭരണാധികാരിയായ അബ്ദുള്ള രാജാവിന്റെ മുന്നില്‍ ഉന്നയിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം കിരീടാവകാശി  സല്‍മാന്‍ രാജകുമാരനെയും നേരില്‍ കണ്ടു  പ്രശ്നത്തിന്റെ ഗൌരവം  ബോധ്യപ്പെടുത്തും. കൂടാതെ കോടതി മുഖേനയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും അതിനായി നിയമ സ്ഥാപനത്തെ ഏര്‍പ്പാടാക്കിയതായും ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ്‌ പ്രസിഡന്റ്‌ സാലിഹ് അല്‍ സാമില്‍ വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഈ പ്രശ്നത്തില്‍  യാതൊരു അനുകൂല തീരുമാനവും ഉണ്ടാകില്ല എന്ന് ബിസിനസ് പ്രതിനിധികള്‍ക്ക് ബോധ്യമായ സാഹചര്യത്തിലാണ്  പുതിയ നീക്കം.

തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് തീരുമാനത്തില്‍ മാറ്റമില്ല എന്ന ഉറച്ച നിലപാടില്‍ തന്നെയാണ്.നിതാഖാത് പരിഷ്കാരങ്ങള്‍ കൊണ്ട് വന്നപ്പോഴും ഇതേ രീതിയിലുള്ളതല്ലെന്കിലും ചെറുതല്ലാത്ത പ്രതിഷേധം എല്ലാ കോണുകളില്‍ നിന്നും നേരിടേണ്ടി വന്നതും എന്നാല്‍ ആ പരിഷ്കാരങ്ങളുടെ ഫലമായി നിരവധി തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് ജോലി ലഭിച്ചപ്പോള്‍ പ്രതിഷേധങ്ങള്‍ അഭിനന്ദന പ്രവാഹങ്ങളായതുമാണ് അദ്ദേഹത്തിന് ഉറച്ച തീരുമാനെമെടുക്കാന്‍ പ്രേരണ നല്‍കുന്നത്. മാത്രമല്ല കാതലായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സൗദി  സമ്പദ് വ്യവസ്ഥയെയും തൊഴില്‍ മേഖലയെയും ഒരു കാലത്തും രക്ഷിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മനസ്സിലാക്കുന്നു.  

മുന്‍കാലങ്ങളിലുള്ള തൊഴില്‍ മന്ത്രാലയത്തിലെ ഭരണാധികാരികള്‍ ഉറച്ച നിലപാടുകള്‍ എടുക്കാത്തത് കൊണ്ടാണ് സ്വകാര്യ മേഖലയില്‍ വെറും മൂന്നു ശതമാനം മാത്രമായി   സ്വദേശി പ്രാതിനിധ്യം ചുരുങ്ങാനിട വന്നത് എന്നും കരുതുന്നവരുണ്ട്. ഇതിനുദാഹരണമാണ് 2006 ലെ 30 ശതമാനം സൗദിവല്‍ക്കരണം എന്ന തീരുമാനത്തില്‍ നിന്ന് അന്നത്തെ തൊഴില്‍ മന്ത്രി പിന്നോക്കം പോയി പത്തു ശതമാനം ആക്കി ചുരുക്കിയതും ചില മേഖലകളില്‍ സൌദിവല്‍ക്കരണം പാടെ ഇല്ലാതാക്കിയതും.  എന്നാല്‍ ഇത്രയേറെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ക്ലീനിംഗ് തുടങ്ങിയ അപൂര്‍വം മേഖലകളില്‍ അല്ലാതെ സൌദിവല്‍ക്കരണത്തിന്റെ തോത് കുറക്കാന്‍ ഒരു സാഹചര്യത്തിലും തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഈ പരിഷ്കാരം വളരെയധികം സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും ഒട്ടു മിക്ക കമ്പനികളും സ്ഥാപനങ്ങളും ഈ ലെവി വഹിക്കാന്‍ കെല്‍പ്പുള്ളവരാണെന്നും അദ്ദേഹം കരുതുന്നു. ലെവി നല്‍കുകയാണെങ്കില്‍ തന്നെ അതു നല്‍കേണ്ടി വരിക അവരുടെ ലാഭത്തില്‍ നിന്ന് തന്നെ ആയിരിക്കും. വ്യാപാരികളുടെ ലാഭത്തില്‍ മാത്രമാണ് കുറവ് വരിക എന്നും നില നില്‍പ്പിനെ ബാധിക്കില്ലെന്നുമാണ് നിഗമനം. മുന്‍കൂട്ടി കരാര്‍ എടുത്ത കമ്പനികള്‍ക്ക് വരുന്ന സാമ്പത്തിക നഷ്ടം അതിജീവിക്കുന്നതിനു ആവശ്യമായ സഹായ പദ്ധതികള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനവും ഉണ്ടായത്  ഈ സാഹചര്യത്തില്‍ ആണ്. സൗദി അറേബ്യ എന്ന രാജ്യത്തു നിന്ന് ബിസിനസ്  ചെയ്തു ലാഭം കൊണ്ട് പോകുമ്പോള്‍ ഇവിടെയുള്ള സ്വദേശികള്‍ കൂടി അതിന്റെ ഗുണഭോക്താക്കള്‍ ആകണം എന്ന നിര്‍ബന്ധം തൊഴില്‍ മന്ത്രാലയത്തിനുണ്ട് എന്ന സന്ദേശം ബിനാമികളായ വിദേശീ ബിസിനസ്സുകാര്‍ക്കും ഇതിലൂടെ നല്‍കുന്നുണ്ട്. 

ഈ ലെവി പ്രശ്നം ഏറ്റവും ദോഷകരമായി ബാധിക്കുക ഫ്രീവിസയില്‍ ഉള്ള തൊഴിലാളികളെ ആണെങ്കിലും അവര്‍ നിയമപരമായി അംഗീകാരം ഇല്ലാത്ത വിഭാഗക്കാരായതിനാല്‍ അവരുടെ കാര്യത്തില്‍ യാതൊരു വേവലാതിയും മന്ത്രാലയത്തിനില്ല. നിയമ വിധേയമല്ലാത്തതിനാലും നിയമപ്രകാരം തൊഴിലുടമകളുടെ മേലാണ് ലെവി ചുമത്തിയതെന്ന കാരണത്താലും ഈ പ്രശ്നം പരസ്യമായി ഉന്നയിക്കാന്‍ ബിസിനസ് പ്രതിനിധികളും മടിക്കുന്നു.

കഴിഞ്ഞ ദിവസം റിയാദിലെ മനുഷ്യ വിഭവശേഷി വികസന  ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലും ചേംബര്‍ ഓഫ് കൊമേഴ്സ്‌ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലും തൊഴില്‍ മന്ത്രി പ്രകടമാക്കിയത് നിശ്ചയദാര്‍ഢ്യത്തിന്റെ ശരീര ഭാഷയായിരുന്നു. വ്യാപാരി-വ്യവസായ പ്രതിനിധികളുടെയെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സശ്രദ്ധം കേട്ട അദ്ദേഹം ഒടുവില്‍ ലെവി തീരുമാനം പിന്‍വലിക്കില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.  

 

Permanent link to this article: http://pravasicorner.com/?p=4859

Copy Protected by Chetan's WP-Copyprotect.