«

»

Print this Post

ലെവി: പ്രതിഷേധം തണുക്കുന്നു. തൊഴില്‍ മന്ത്രിക്കു പിന്തുണയുമായി വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ രംഗത്ത്

 

 

50  ശതമാനം എന്ന സ്വദേശി തൊഴിലാളി അനുപാതം പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ എന്ന തോതില്‍ പ്രതിവര്‍ഷം 2400 റിയാല്‍ ലെവി ഏര്‍പ്പെടുത്താനുള്ള തൊഴില്‍ മന്ത്രാലത്തിന്റെ തീരുമാനത്തിന് പിന്തുണയേറുന്നു. മന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ചു കൊണ്ടും പ്രശംസിച്ചു കൊണ്ടും കിങ്ങ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനും അല്‍ വലീദ് തലാല്‍ ഫൌണ്ടേഷന്റെ ചെയര്‍മാനുമായ പ്രിൻസ് അൽവലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽസഊദ് രംഗത്തെത്തി.

സൗദി രാജ കുടുംബാന്ഗവും സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ സഹോദര പുത്രനുമാണ് അല്‍ വലീദ്. പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ ഇദ്ദേഹം അറബ് ലോകത്തെ ഏറ്റവും വലിയ ധനികനും ആണ്. അദ്ദേഹത്തിന് എ.ഒ.എൽ, ആപ്പിൾ, എം.സി.ഐ, ന്യൂസ് കോർപ്പറേഷൻ (ലി) തുടങ്ങി അനവധി സാങ്കേതികവിദ്യ, മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപമുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്ത് ഫോർ സീസൺ ഹോട്ടൽ, ന്യൂയോർക്കിലെ പ്ലാസാ ഹോട്ടൽ, ലണ്ടനിലെ സാവോയ്, മോണ്ടി കാർലോ ഗ്രാന്റ് ഹോട്ടൽ എന്നിവകളിലും പാരീസിലെ ഡിസ്നി ലാന്റിലും ഉള്ള നിക്ഷേപങ്ങൾ പ്രധാനങ്ങളാണ്.

ഈ ലെവി രാജ്യത്തെ വിദേശി–സ്വദേശീ തൊഴിലാളികള്‍ക്കിടയില്‍ സമതുലിതാവസ്ഥ കൈവരുത്തുമെന്നും സ്വദേശികളുടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലാളികള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്താത്ത വളരെ കുറച്ചു രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. അതേ സമയം ഇവിടെ നിന്ന് വിദേശ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയക്കുന്നത് വര്‍ഷത്തില്‍ 100 ബില്യന്‍ റിയാല്‍ ആണ്. ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളുള്ള രാജ്യങ്ങളില്‍ മൂന്നാമതാണ് സൗദി അറേബ്യ.വിദേശ തൊഴിലാളികളുടെ മേലുള്ള അമിത ആശ്രയത്വം കുറയ്ക്കാനാണ് തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്  നല്ലത് വരുത്തും.

രാജ്യത്തിന്റെ നല്ലതിന് വേണ്ടി പ്രതിമാസം 200 റിയാല്‍ എന്നത് ചെറിയ തുകയാണ്. ഈ തുക നല്‍കണമെന്ന് ആഗ്രഹിക്കാത്ത കമ്പനികള്‍ ചെയ്യേണ്ടത് അവരുടെ സ്ഥാപനങ്ങളില്‍ 50 ശതമാനം സൗദി തൊഴിലാളികളെ നിയമിക്കുകയാണ്. രാജ്യത്തെ വിവിധ കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം രാജ്യത്തിന് നല്‍കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

അതേ സമയം ലെവിയെ അനുകൂലിച്ചു കൊണ്ടുള്ള വലീദ് രാജകുമാരന്റെ രംഗപ്രവേശം രാജകാരുണ്യത്തിലൂടെയുള്ള അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന  പ്രവാസികളുടെ പ്രതീക്ഷയില്‍ കരിനിഴല്‍ പടര്‍ത്തി. ഇത്തരത്തിലുള്ള പ്രമുഖരായ ആളുകള്‍ ലെവിയെ അനുകൂലിച്ചു രംഗത്ത് വരുന്നത് ലെവി കുറയ്ക്കാനോ നിര്‍ത്തലാക്കാനോ ഉള്ള തീരുമാനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്നു അവര്‍ കരുതുന്നു.

ഇതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സൗദി പ്രമുഖര്‍ ലെവിക്കനുകൂലമായി സംസാരിക്കാന്‍ മുന്നോട്ടു വരുമെന്നാണ് നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്‌.

 

Permanent link to this article: http://pravasicorner.com/?p=4984

Copy Protected by Chetans WP-Copyprotect.