റീം അസ്സദ്‌: സ്ത്രീകള്‍ക്കും സൌദിയില്‍ ചിലതൊക്കെ ചെയ്യാനാകും….

0
1

 

 

സൗദി അറേബ്യയില്‍ വനിതകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാവല്‍ക്കരണം നടപ്പാക്കി കഴിഞ്ഞു. പര്‍ദ്ദ ഷോപ്പുകളിലും ലേഡീസ്‌ ആക്സസറീസ്‌ ഷോപ്പുകളിലും വനിതാവല്‍ക്കരണം ശക്തമായി നടപ്പാക്കുമെന്ന് സൌദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയത്തിന്റെ സ്ഥിരീകരണവും വന്നു കഴിഞ്ഞു. ഇതെല്ലാം വാര്‍ത്തകളായി വരുമ്പോള്‍ സൌദിയിലെ പ്രവാസി വനിതകള്‍ അടക്കമുള്ള സ്ത്രീകള്‍ ബഹുമാനത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട് – റീം അസ്സദ്‌. 

റീം അസ്സദിനെ കുറിച്ച് കേട്ടിട്ടുള്ള പ്രവാസികള്‍ അധികമൊന്നും ഉണ്ടാവില്ല. എന്നാല്‍ സൌദിയിലെ വനിതകള്‍ അധികവും റീമിനെ അറിയും. സൗദി അറേബ്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പ്രശസ്ത സാമ്പത്തിക വിദഗ്ദയുമാണ് ഇവര്‍. കഴിഞ്ഞ 12 വര്‍ഷമായി സൌദിയിലെ കോര്‍പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി വനിത.  സൌദിയിലെ സ്ത്രീകളുടെ അടിവസ്ത്ര വില്‍പ്പന കടകളില്‍ വനിതകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രചരണത്തിനും ബോധവല്‍ക്കരണത്തിനും തുടക്കം കുറിച്ച വ്യക്തി.വനിതകള്‍ക്കനുകൂലമായ ഉത്തരവുകള്‍ ഇറങ്ങിയത് ഇവര്‍ രാജ്യവ്യാപകമായി നടത്തിയ ബോധവല്‍ക്കരണത്തെ തുടര്‍ന്നാണ്.

ഈ വര്‍ഷം പ്രമുഖ ബിസിനസ് മാഗസിന്‍ ആയ അറേബ്യന്‍ ബിസിനസ് 2012ലെ അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി റീമിനെ തിരഞ്ഞെടുത്തിരുന്നു. 

സൗദി അറേബ്യയിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വനിതാ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ടു റീം നടത്തിയ സൈബര്‍ പ്രചരണത്തിന്  ലക്ഷക്കണക്കിന് പേരുടെ പിന്തുണയാണ് ലഭിച്ചത്. സ്ത്രീ-പുരുഷ ഇടപെടലുകള്‍ കര്‍ശനമായി നിരോധിക്കപ്പെട്ട ഒരു സമൂഹത്തില്‍ അടിവസ്ത്രങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ഒരു സ്ത്രീ വില്പ്പനക്കാരനായ പുരുഷന് മുന്നില്‍ ചെന്ന് നിന്ന് കൊണ്ട് ആവശ്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അസഹ്യമായിരുന്നു. പല വില്പ്പനക്കാരുടെയും കമന്റുകളും അവര്‍ അപമാനകരമായി കരുതിയിരുന്നു.  

“പലപ്പോഴും പല വില്‍പ്പനക്കാരും ബോധപൂര്‍വം പറയുന്നതായിരിക്കില്ല ഇത്തരം കമന്റുകള്‍. അത് അവരുടെ ജോലിയുടെ ഭാഗമായിരിക്കാം. അവര്‍ അവരെ ഏല്‍പ്പിച്ച ഒരു ഉല്‍പ്പന്നം വില്‍ക്കുകയെന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നു. എങ്കിലും സ്ത്രീ സമൂഹത്തിനു ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല” റീം പറയുന്നു.

പുരുഷ സാമീപ്യം ഉള്ളത് കൊണ്ട് ഡ്രസ്സിംഗ് റൂമുകള്‍ പോലും സൌദിയിലെ ഇത്തരം വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ അനുവദിക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ സാമൂഹികമായ അപമാനം എന്നതില്‍ കവിഞ്ഞു പണം കൊടുത്തു പാകമല്ലാത്ത വസ്ത്രങ്ങള്‍ വാങ്ങേണ്ട അവസ്ഥയിലായിരുന്നു അധികം വനിതകളും. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ റീം രാജ്യവ്യാപകമായി കാമ്പയിന്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയകളിലൂടെ റീമിന്റെ പോരാട്ടത്തിനുള്ള പിന്തുണ ദിനംപ്രതി കൂടി കൊണ്ടിരുന്നു.

ഒടുവില്‍ സൌദിയിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുരുഷന്മാരായ വില്‍പ്പനക്കാരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ അത് സൌദിയിലെ വനിതകള്‍ക്ക് നല്‍കിയ ഗുണം രണ്ടായിരുന്നു. ബുദ്ധിമുട്ടില്ലാതെ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. അത് പോലെ തന്നെ മുന്നില്‍ തുറന്നു കിട്ടിയത് 70,000ത്തില്‍ അധികം പുതിയ വനിതാ തൊഴിലവസരങ്ങളും.  അതുകൊണ്ടുതന്നെ പ്രമുഖ ബിസിനസ് മാഗസിന്‍ ആയ അറേബ്യന്‍ ബിസിനസ്സിന്റെ 2012 ലെ പ്രമുഖ വ്യക്തികളുടെ നിരയില്‍ പ്രിന്‍സ്‌അല്‍ വലീദ് തലാലിന്റെയും ഷെയ്ഖ് അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മഖ്തൂമിന്റെയും കീഴെ മൂന്നാമതായി അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി റീം സ്ഥാനം പിടിച്ചപ്പോള്‍ പുരുഷ മേധാവിത്വമുള്ള സൗദി സമൂഹത്തിലെ പൊതു അഭിപ്രായം അവര്‍ അത് അര്‍ഹിക്കുന്നു എന്ന് തന്നെയായിരുന്നു.