എയര്‍ ഇന്ത്യയുടെ കുത്തക തകരുന്നു: ജെറ്റ്‌ എയര്‍വേയ്സ്‌ ദുബൈ–മംഗലാപുരം സര്‍വീസ്‌ ജനുവരി മൂന്നു മുതല്‍

0
1

 

 

 

ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനായ ജെറ്റ്‌ എയര്‍വേയ്സ്‌ മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് ജനുവരി മൂന്നു മുതല്‍ സര്‍വീസ്‌ തുടങ്ങുന്നു. മന്ത്രാലയത്തില്‍ നിന്ന് അന്തിമാനുമതി ലഭിച്ചതിനു ശേഷം ഈ മാസം 14 മുതല്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രാരംഭ സൂചന.

മംഗലാപുരത്ത് നിന്ന് രാത്രി എട്ടിനാണ് വിമാനം പുറപ്പെടുക. യു.എ.ഇ സമയം രാത്രി ഒന്‍പതിന് ദുബൈയിലെത്തും. അന്ന് തന്നെ രാത്രി 11.30 നു തിരിച്ചു മംഗലാപുരത്ത് മൂന്നു മണിക്ക് എത്തും. ഇക്കോണമി സീറ്റുകള്‍ക്കു പുറമെ ബിസിനസ് ക്ലാസ്സ്‌ ടിക്കറ്റുകളും ലഭ്യമാകും.

ജെറ്റ് എയര്‍വേയ്സിന്റെ സര്‍വീസ്‌ തുടങ്ങുന്നതോടെ തകരുന്നത് ഇവിടെ നിന്നുള്ള എയര്‍ ഇന്ത്യയുടെ കുത്തക സര്‍വീസാണ്. കഴിഞ്ഞ ആറു വര്‍ഷമായി മംഗലാപുരത്ത് നിന്ന് ദുബൈയിലേക്ക് സര്‍വീസ്‌ നടത്തിയിരുന്നത് എയര്‍ ഇന്ത്യ മാത്രമായിരുന്നു. എയര്‍ ഇന്ത്യ ഇവിടെ നടത്തിയിരുന്നത് വളരെ മോശമായ സര്‍വീസ്‌ ആയിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.പലപ്പോഴും വൈകിയും,സര്‍വീസുകള്‍ റദ്ദാക്കിയും, നിരക്കുകള്‍ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചും എയര്‍ ഇന്ത്യ പ്രവാസികളെ നിര്‍ദ്ദയം ചൂഷണം ചെയ്യുകയായിരുന്നു.

മംഗലാപുരം വിമാനത്താവളത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം നിമിത്തം വിദേശ വിമാനകമ്പനികള്‍ ഇവിടെ നിന്ന് വിമാന സര്‍വീസ്‌ തുടങ്ങുന്നതിനു അനുകൂലമായിരുന്നില്ല. അതാണ്‌ എയര്‍ ഇന്ത്യയുടെ കുത്തകക്ക് കാരണമായിരുന്നത്. ഇവിടുത്തെ റണ്‍വേ ചെറുതാണ് എന്നതായിരുന്നു പ്രധാന ആരോപണം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടു വര്‍ഷം മുന്‍പ് റണ്‍വേയില്‍ നിന്ന് തെന്നി മാറി നിരവധി യാത്രക്കാര്‍ മരിച്ചത് റണ്‍വേ ചെറുതായതു കൊണ്ടാണെന്നും ആരോപണമുയര്‍ന്നിരുന്നു.

എയര്‍പോര്‍ട്ടില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ബജ്‌ബെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി.ടി.രാധാകൃഷ്ണ അറിയിച്ചു.