സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം 40 മണിക്കൂറാക്കി കുറയ്ക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം ആഴ്ചയില്‍ 40 മണിക്കൂറാക്കി ചുരുക്കാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ശൂരാ കൌണ്‍സിലിനു നിര്‍ദ്ദേശം നല്‍കിയതായി മാനവ വിഭവ ശേഷി വകുപ്പ് കമ്മിറ്റി അംഗം ഡോ.ഇബ്രാഹിം അബ്ദുള്ള സുലൈമാന്‍ അറിയിച്ചു. ഇതോടെ സ്വകാര്യ മേഖലക്കും ആഴ്ചയില്‍ രണ്ടു ദിവസം അവധി ലഭിക്കും.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം 48 മണിക്കൂറില്‍ നിന്ന് 45 മണിക്കൂറാക്കി കുറയ്ക്കാമെന്ന് ശൂരാ കൌണ്‍സില്‍ രാജാവിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജോലി സമയം 40 മണിക്കൂര്‍ ആക്കി കുറയ്ക്കാനാണ് അബ്ദുള്ള രാജാവ് ശൂരാ കൌണ്‍സിലിനു നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ ദിനം പ്രതി എട്ടു മണിക്കൂര്‍ എന്ന നിലയില്‍ ആഴ്ചയില്‍ ആറു ദിവസങ്ങളിലായി 48 മണിക്കൂറാണ് സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സമയം. ഈ തൊഴില്‍ സമയം 45 മണിക്കൂര്‍ ആക്കി ചുരുക്കാനായിരുന്നു തൊഴില്‍ മന്ത്രാലയവും ബിസിനസ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകളില്‍ തീരുമാനമായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തൊഴില്‍ സമയം 45 മണിക്കൂറാക്കി ചുരുക്കാം എന്നു ശുപാര്‍ശ രാജാവിന് ശൂരാ കൌണ്‍സില്‍ സമര്‍പ്പിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് ജോലി സമയം അഞ്ചു മണിക്കൂര്‍ കൂടി കുറച്ചു 40മണിക്കൂറാക്കി ചുരുക്കണമെന്ന നിര്‍ദ്ദേശം അബ്ദുള്ള രാജാവ് ശൂരാ കൌണ്‍സിലിനു നല്‍കിയത്.
സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് സ്വദേശികളെ പിന്തിരിപ്പിക്കുന്നത് കൂടിയ ജോലി സമയമാണെന്ന വ്യാപകമായ പരാതിയുണ്ടായിരുന്നു.സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യം.
തൊഴില്‍ നിയമത്തിലെ ചില വകുപ്പുകള്‍ ഇതിനു വേണ്ടി ഭേദഗതി ചെയ്യേണ്ടതുണ്ട്. രാജാവിന്റെ പുതിയ നിര്‍ദ്ദേശത്തിനു അനുസൃതമായി പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി ശൂരാ കൌണ്‍സിലിനു സമര്‍പ്പിക്കും. വരുന്ന പത്തു ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു ഡോ.ഇബ്രാഹിം അബ്ദുള്ള സുലൈമാന്‍ അറിയിച്ചു.
തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ ആഴ്ചയില്‍ രണ്ടു ദിവസം അവധി കമ്പനികള്‍ക്ക് അനുവദിക്കാം എന്ന തൊഴില്‍ മന്ത്രിയുടെ ഉപദേശപ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ചില വന്‍കിട കമ്പനികള്‍ തൊഴിലാളികളുടെ ജോലി സമയം 40 മണിക്കൂര്‍ ആക്കി ചുരുക്കി ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്കി തുടങ്ങിയിരുന്നു.