ഓവര്‍ടൈം കണക്കാക്കുന്നതിനു ഒരു തൊഴിലാളിയുടെ ഒരു മണിക്കൂര്‍ ജോലി സമയത്തിന്റെ വേതനം ആണ് ആദ്യം കണക്കാക്കേണ്ടത്. അതിനോട് കൂടി അതിന്റെ അമ്പതു ശതമാനം കൂടുതലും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം വേതനം ആയി.
ഈ ഒരു മണിക്കൂര്‍ സമയത്തെ വേതനം കണക്കാക്കുന്നതിനായി തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പളം എടുക്കുക. അതിനെ 30.4 കൊണ്ട് ഹരിക്കുക. അപ്പോള്‍ ഒരു ദിവസത്തെ വേതനം ലഭിക്കും. അതിനെ ഒരു ദിവസത്തെ സാധാരണ ജോലി സമയമായ എട്ടു കൊണ്ട് വീണ്ടും ഹരിക്കുക. അപ്പോള്‍ ഒരു മണിക്കൂര്‍ സമയത്തിന്റെ വേതനം ലഭിക്കും. അതിനെ പകുതിയാക്കി അല്ലെങ്കില്‍ രണ്ടു കൊണ്ട് വീണ്ടും ഹരിച്ചു ലഭിക്കുന്ന സംഖ്യയെ ഒരു മണിക്കൂര്‍ വേതനതോട് കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം ലഭിക്കും.
ഉദാഹരണമായി രണ്ടായിരം റിയാല്‍ അടിസ്ഥാന ശമ്പളം ഉള്ള ഒരാളുടെ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം കണ്ടു പിടിക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
2000 നെ 30.4 കൊണ്ട് ഹരിക്കുക. = 65.79 ഇതാണ് അയാളുടെ ഒരു ദിവസത്തെ വേതനം.
അതിനെ വീണ്ടും 8 കൊണ്ട് ഹരിക്കുക. അപ്പോള്‍ 8.23 ലഭിക്കും. ഇതന്ന് അയാളുടെ ഒരു മണിക്കൂര്‍ സമയത്തെ വേതനം.
അതിനെ വീണ്ടും രണ്ടു കൊണ്ട് ഹരിക്കുക അല്ലെങ്കില്‍ പകുതിയാക്കുക. അപ്പോള്‍ 4.12 ലഭിക്കും. ഇതിനെ ഒരു മണിക്കൂര്‍ സമയ വേതനമായ 8.23 നോടെ കൂട്ടിയാല്‍ അയാളുടെ ഓവര്‍ടൈം വേതനം ആയ 12.35 ലഭിക്കും.
എന്നാല്‍ ചില കമ്പനികള്‍ ഇത് കണക്കാക്കാന്‍ മറ്റൊരു ഫോമുല ഉപയോഗിക്കാറുണ്ട്. അതായത് തൊഴിലാളിയുടെ മാസ ശമ്പളത്തെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയെ 365.25 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യ എടുത്തു അതിനെ എട്ടു കൊണ്ട് വീണ്ടും ഹരിച്ചു കിട്ടുന്ന സംഖ്യയോട് കൂടി അതിന്റെ പകുതി കൂടി കൂട്ടി ഓവര്‍ടൈം വേതനം കണക്കാക്കുന്നു.
ഒട്ടു മിക്ക വലിയ കമ്പനികളും ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക. വലിയ രീതിയില്‍ ഓവര്‍ടൈം കൊടുക്കേണ്ടി വരുന്ന കമ്പനികള്‍ക്ക് ചെറിയ തോതിലുള്ള ലാഭം ഉണ്ടാവുമെങ്കിലും ഓരോ തൊഴിലാളിക്കും കുറവ് വരുന്ന സംഖ്യ വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും.