«

»

Print this Post

സിവില്‍ സര്‍വീസ്‌ മന്ത്രാലയവും സൌദിവല്‍ക്കരണത്തിലേക്ക്…….

 

 

തൊഴില്‍ മന്ത്രാലയത്തിനു പിന്നാലെ സിവില്‍ സര്‍വീസ്‌ മന്ത്രാലയവും സൌദിവല്‍ക്കരണത്തിതിനുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിന്റെ ഓഫീസുകളിലും വിവിധ ഗവര്‍മെന്റ് വകുപ്പുകളിലും ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളെ നീക്കം ചെയ്തു സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

പുതിയ സിവില്‍ സര്‍വീസ്‌ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുള്ള അല്‍ ബരാക്ക്‌ നിയമിതനായതോടെയാണ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെങ്കിലും ഇത് വരെ കാര്യമായ വേഗത ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വദേശി പൌരന്മാര്‍ക്ക് ജോലി നല്‍കുന്നതിന് വേണ്ടി തൊഴില്‍ മന്ത്രാലയം നടത്തുന്ന ഊര്‍ജ്ജിത ശ്രമങ്ങള്‍ വലിയ തോതില്‍ അഭിനന്ദനങ്ങള്‍ പിടിച്ചു പറ്റുന്നു എന്ന് മാത്രമല്ല സിവില്‍ സര്‍വീസ്‌ മന്ത്രാലയത്തിനെത്തിരെയുള്ള പരോക്ഷമായ വിമര്‍ശനത്തിനു കാരണമാവുന്നു എന്നതും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്നും വിദേശികളെ മാറ്റി പ്രതിഷ്ഠിക്കുന്നതിനു മുന്‍പായി സര്‍ക്കാര്‍ വകുപ്പുകളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളെ മാറ്റി ആ ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കുകയാണ് വേണ്ടത് എന്ന വികാരം സൗദി പൊതു സമൂഹത്തില്‍ ശക്തമാണ്.  ഇതിലധികവും സാധാരണ ജോലികളായതിനാലും വളരെ വലിയ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമില്ലാത്തതിനാലും വളരെ എളുപ്പത്തില്‍ ഇവരെ മാറ്റി സ്വദേശികളെ പ്രതിഷ്ഠിക്കാന്‍ സാധിക്കും.

വിവിധ സര്‍ക്കാര്‍ മേഖലയിലേക്കും വകുപ്പുകളിലേക്കും ആവശ്യമായ മനുഷ്യ വിഭവശേഷി ആസൂത്രണം ചെയ്യേണ്ടതും അവരുടെ കഴിവുകള്‍ പ്രസ്തുത ജോലികള്‍ക്ക് അനുസൃതമാണോ എന്ന് വിലയിരുത്തി ഉറപ്പു വരുത്തേണ്ടതും സിവില്‍ സര്‍വീസ്‌ മന്ത്രാലയത്തിന്റെ ബാധ്യതയാണ്. 

പൊതു ഭരണത്തില്‍ മാസ്റ്റര്‍ ബിരുദവും പി.എച്ച്.ഡിയും ഉള്ള വ്യക്തിയാണ് പുതിയ സിവില്‍ സര്‍വീസ്‌ മന്ത്രി അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുള്ള അല്‍ ബരാക്ക്‌. 2011 ഡിസംബര്‍ 13 നാണ് ദീര്‍ഘകാലം സിവില്‍ സര്‍വീസ്‌ മന്ത്രിയായിരുന്ന മുഹമ്മദ്‌ അല്‍ ഫയാസിനെ മാറ്റി അബ്ദുല്‍ റഹ്മാന്‍ ബരാക്കിനെ സിവില്‍ സര്‍വീസ്‌ മന്ത്രിയായി സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നിയമിക്കുന്നത്. ഈ നിയമനം ഈ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് തന്നെ വിലയിരുത്തിയിരുന്നു.മന്ത്രിയാകുന്നതിന് മുന്‍പ് സൌദിയിലെ മനുഷ്യ വിഭവശേഷി പെറ്റീഷന്‍ കൌണ്‍സില്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്ന ബരാക്കിനു നടപ്പില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെ പറ്റി വ്യക്തമായ ലക്ഷ്യ ബോധം ഉണ്ട് എന്ന് ഭരണ വൃത്തങ്ങള്‍ പറയുന്നു.

 

Permanent link to this article: http://pravasicorner.com/?p=5237

Copy Protected by Chetans WP-Copyprotect.