«

»

Print this Post

ഇന്റര്‍നെറ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ സൗദിയില്‍ ലഭിക്കുന്നത് കടുത്ത ശിക്ഷ

 

സൗദി അറേബ്യയില്‍ ഇന്റെര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇത്തരത്തില്‍ പരാതിയുള്ളവര്‍ക്ക് രാജ്യത്തെ ഏതു പോലീസ്‌ സ്റ്റേഷനുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും (www.moi.gov.sa) പരാതി ബോധിപ്പിക്കാമെന്നും  സൌദിയിലെ പ്രമുഖ അഭിഭാഷകനും കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്റെ മുന്‍ ചെയര്‍മാനുമായ അവാദ്‌ അല്‍ അസ്സഫ്‌ വ്യക്തമാക്കി. 

സമൂഹത്തിന്റെ പൊതുതാല്‍പ്പര്യങ്ങളും അതിനൂതനമായ സാങ്കേതിക വിദ്യകളും തമ്മില്‍ സംയോജിപ്പിച്ചു കൊണ്ട് പോകുന്നതിനു വേണ്ടി സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമങ്ങള്‍ രാജ്യത്തു നടപ്പിലാക്കിയിട്ടുണ്ട്.ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ്‌ ശൃംഖലയുമുപയോഗിച്ചു ചെയ്യുന്ന ഏതു കുറ്റകൃത്യവും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. 

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതായ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. മറ്റുള്ളവരുടെ സ്വകാര്യതയെ തുറന്നു കാട്ടുന്നതോ,അവരുടെ പൊതുവായ പ്രതിച്ഛായക്കു കളങ്കം വരുത്തുന്നതോ,മതവിശ്വാസങ്ങള്‍ക്ക് പോറലേല്‍പ്പിക്കുന്നതോ, രാജ്യത്തെ നിയമ നടപടികള്‍ക്കെതിരായതോ ആയ സന്ദേശങ്ങള്‍ അയക്കുന്നത് കുറ്റകരമാണ്. മൊബൈല്‍ ഫോണ്‍ വഴിയോ, സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നതും കുറ്റകരമാണ്. ഒരാള്‍ അയച്ചത് മറ്റൊരാള്‍ക്ക് ഫോര്‍വേഡ്‌ ചെയ്യുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് കണ്ടു പിടിക്കും. 

അഞ്ചു വര്‍ഷം തടവും മൂന്നു മില്യന്‍ റിയാല്‍ പിഴയും ആണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ. മേല്പറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന കുറ്റകരമായ ഉദ്ദേശം ഈ പ്രവര്‍ത്തിക്കു പിന്നിലുണ്ടായിരിക്കനം. ഇന്‍വെസ്റ്റിഗെഷന്‍ & പ്രേസിക്യൂഷന്‍ വകുപ്പ് നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ ഉദ്ദേശമുണ്ടോ എന്ന് ജഡ്ജ് പരിശോധിച്ച് തീരുമാനിക്കും.

ഈ നിയമത്തിന്റെ വകുപ്പുകള്‍ അനുസരിച്ച് ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് അതീവ ഗുരുതരമായ കുറ്റമാണ്. ഇതിനു ഒരു വര്‍ഷം തടവും 50,000 റിയാല്‍ പിഴ ശിക്ഷയുമാണ് ലഭിക്കുക. സ്ത്രീകളുടെ ഇമെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലേക്ക് അതിക്രമിച്ചു കയറുന്നതും ഇത്തരത്തിലുള്ള ശിക്ഷ ലഭിക്കുന്നതിനു പര്യാപ്തമായ കുറ്റകൃത്യമാണ്.

മൊബൈലുകളില്‍ ഉള്ള ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ഗൌരവതരമായ കുറ്റമാണ്. ഇത് പ്രധാനമായും നടക്കുന്നത് മൊബൈല്‍ ഫോണുകള്‍ നന്നാക്കുന്നതിനായി ഷോപ്പുകളില്‍ നല്‍കുമ്പോഴാണ്. ബന്ധപ്പെട്ട ടെക്നീഷ്യന്മാര്‍ അതിലെ വീഡിയോകളും ഫോട്ടോകളും കുറ്റകരമായ രീതിയില്‍ ഉപയോഗിക്കുന്നതും ഇന്റെര്‍നെറ്റിലേക്ക് അപ് ലോഡ്‌ ചെയ്യുന്നതും സാധാരണമാണ്. ഇത്തരം ഫയലുകള്‍ ഡിലീറ്റ്‌ ചെയ്തു കളഞ്ഞാലും പ്രത്യേക തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു അധാര്‍മിക ചിന്താഗതിയുള്ള ടെക്നീഷ്യന്മാര്‍ അവ വീണ്ടെടുത്ത്‌ ദുരുപയോഗം ചെയ്യാറുണ്ട്. 

 

 

Permanent link to this article: http://pravasicorner.com/?p=5274

Copy Protected by Chetan's WP-Copyprotect.