«

»

Print this Post

ബ്ലോഗിലൂടെ സ്ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം, സൗദിയിലെ വനിതകള്‍ നിയമ നടപടിക്ക്

 

സൗദി അറേബ്യ: ബ്ലോഗിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ സൗദി പൌരനെതിരെ സൗദിയിലെ  വനിതകള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഭാര്യയെയോ, മകളെയോ, സഹോദരിയെയോ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പുരുഷന്മാരെ ‘വ്യഭിചാരത്തിന് കൂട്ട് നില്‍ക്കുന്നവര്‍’ എന്ന് ബ്ലോഗിലൂടെ ആക്ഷേപിച്ചുവെന്നാണ് പരാതി.ഈ വിശേഷണത്തിനെതിരെ സൌദി അറേബ്യയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. 

ഡോ.സബാ അബു സനദയുടെ നേതൃത്വത്തില്‍ മക്ക ഗവര്‍ണര്‍ക്കും, ആരോഗ്യ മന്ത്രാലയത്തിനും, വിവര സാങ്കേതികവിദ്യ വകുപ്പ് മന്ത്രിക്കും, അന്വേഷണ കമ്മീഷനും പരാതി നകാനാണ് തീരുമാനം.  ഇതിനകം തന്നെ ഉന്നതന്മാരടക്കം നൂറു കണക്കിനാളുകള്‍ പരാതിയില്‍ പങ്കു ചേരാന്‍ മുന്നോട്ടു വന്നു കഴിഞ്ഞു. സത്യസന്ധമായും മാന്യമായും ജോലി ചെയ്യുന്ന വനിതകളെ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയും ബ്ലോഗിലൂടെയും മറ്റും അക്ഷേപിക്കുന്നവര്‍ക്കെതിരെ പുരുഷ വനിതാ ഭേദമില്ലാതെ എല്ലാവരും രംഗത്ത് വരണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. 

ഈ മാസം ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് സൗദി അറേബ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സൌദിയിലെ വനിതകള്‍ റെസ്റ്റോറന്റുകളില്‍ ജോലി ചെയ്യുന്നതിനെതിരെ കടുത്ത ആക്ഷേപവുമായി ഒരു ബ്ലോഗ്ഗര്‍ മുന്നോട്ടു വന്നിരുന്നു.സൗദി വനിതകള്‍ ജിദ്ദയിലെ ഹര്‍ദീസ് ഷോപ്പുകളില്‍ ജോലി ചെയ്യുന്നതിനെതിരെ ആയിരുന്നു അയാളുടെ രോഷം. പുരുഷന്മാരുമായി നിരന്തരം ഇടപഴകേണ്ടി വരുന്ന ജോലികള്‍ വേശ്യാവൃത്തിയിലേക്കുള്ള കാല്‍വെപ്പ്‌ ആണെന്നായിരുന്നു ആരോപണം.ഇത് ക്രമേണ പുരുഷന്മാരുമായി ഒരുമിച്ചു സല്ലപിക്കുന്നതിലേക്കും പിന്നീട് അനാശാസ്യ നടപടികളിലേക്കും നയിക്കും എന്നയാള്‍ ആരോപിച്ചിരുന്നു. 

ഈ പ്രസ്താവനക്കെതിരെയും സൗദി അറേബ്യയിലെ വനിതകളുടെ ഭാഗത്ത്‌ നിന്ന് വമ്പിച്ച രോഷമാണ് ഉയര്‍ന്നത്. യാചനയെക്കാളും വേശ്യാവൃത്തിയെക്കാളും നല്ലതാണ് സത്യസന്ധമായി ജോലി  ചെയ്യുന്നത് എന്ന് ഏറെ വനിതകള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം അപമാനകരവും കുറ്റകരവുമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ കൈകൊള്ളണമെന്നു അഭിപ്രായമുയര്‍ന്നിരുന്നു. ഷോപ്പുകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാമെന്ന് നിയമ വൃത്തങ്ങളില്‍ നിന്ന് വിദഗ്ദ ഉപദേശവും ലഭിച്ചിരുന്നു. 

സ്ത്രീ പുരുഷന്മാരുടെ ഇടപഴകലിനെതിരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. വിവാഹം കഴിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള രക്തബന്ധമുള്ള (മഹ്റം) ബന്ധുക്കളല്ലാത്തവരുമായുള്ള ഇടപഴകലിനു കര്‍ശനമായ വിലക്കുണ്ട്.സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രിന്‍സ്‌ നൂറാ യൂണിവേര്‍സിറ്റിയില്‍ പുരുഷ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു അവിടുത്തെ നഴ്സിംഗ് കോളേജ്‌ ഡീന്‍ വഫാ അല്‍ മേഗ്രിന്‍ രാജി വെച്ചത് കഴിഞ്ഞ മാസം വിവാദമുയര്‍ത്തിയിരുന്നു.

 

Permanent link to this article: http://pravasicorner.com/?p=5384

Copy Protected by Chetan's WP-Copyprotect.