«

»

Print this Post

മലയാളി യുവാവിന്റെ കനത്ത ചികില്‍സ ചെലവ് വഹിക്കാന്‍ ദുബൈ ഭരണാധികാരി ഉത്തരവിട്ടു

 

 ജലീല്‍

 

യു.എ.ഇ (ദുബൈ): രക്‌താര്‍ബുദം ബാധിച്ച്‌ ദുബൈ ആശുപത്രിയില്‍ കഴിയുന്ന മലയാളി യുവാവിന് ചികിത്സക്കുള്ള കനത്ത ചിലവുകള്‍ ഒഴിവാക്കി നല്‍കാന്‍ ദുബൈ ഭരണാധികാരി ഉത്തരവിട്ടു. എടപ്പാള്‍ മാളൂര്‍ നീര്‍ക്കാട്ടില്‍ അബ്‌ദുല്‍ ജലീലി(29)ന്റെ ചികില്‍സാ ചെലവുകള്‍ യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ ഓഫിസ്‌ വഹിക്കും.

ദിവസേന 4000 ദിര്‍ഹത്തില്‍ അധികമായിരുന്നു ജലീലിന്റെ ചികില്‍സാ ചെലവ്. കഴിഞ്ഞ ദിവസം വരെ ആശുപത്രിയില്‍ ഒന്നര ലക്ഷത്തിലധികം ദിര്‍ഹം അടക്കേണ്ടിയിരുന്നു. ഈ ഭീമമായ ബില്‍ അടക്കാനുള്ള വഴി തേടി അലയുകയായിരുന്നു സുഹൃത്തുക്കള്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജലീലിന് യു.എ.ഇ യിലും ബന്ധുക്കളായി ആരുമില്ല. വൃദ്ധമാതാപിതാക്കളും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. തന്റെ എട്ട്‌ മാസം പ്രായമുള്ള കുഞ്ഞിനെ ജലീല്‍ ഇതുവരെ കണ്ടിട്ടില്ല.

ബര്‍ദുബായിലെ ഗ്രോസറി സ്‌ഥാപനത്തില്‍ സെയില്‍സ്‌മാനായിരുന്ന അബ്‌ദുല്‍ ജലീല്‍ നാട്ടിലേയ്ക്ക്‌ പോകാനുള്ള ഒരുക്കത്തിനിടെ നവംബര്‍ 20നാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.പനിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ഒടുവില്‍ ദുബൈ ആശുപത്രിയിലെ വിദഗ്ദ പരിശോധനയില്‍  രക്താര്‍ബുദമാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

ജലീലിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച്‌ യു.എ.ഇ യിലെ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.ഈ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഷെയ്‌ഖ്‌ മുഹമ്മദിന്റെ ഓഫിസ്‌ ഇടപെട്ടു ചികില്‍സാ സഹായം നല്‍കുന്നത്. വെന്റിലേറ്ററില്‍ ആയിരുന്ന ജലീലിനെ ഇപ്പോള്‍ മുറിയിലേക്കു മാറ്റിയിട്ടുണ്ട്‌. വിദഗ്‌ധ ചികില്‍സയ്ക്കായി ഒരാഴ്‌ചയ്ക്കകം നാട്ടിലേയ്ക്കു മാറ്റാനാണ്‌ ആലോചിക്കുന്നതെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു. തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ റിസര്‍ച്‌ സെന്ററില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. 

 

Permanent link to this article: http://pravasicorner.com/?p=5434

Copy Protected by Chetan's WP-Copyprotect.