ഷാജി മതിലകം – നിസ്വാര്‍ത്ഥ ജീവകാരുണ്യ പ്രവര്‍ത്തകന്‍

0
3

 

Shaji Mathilakam

 

ഷാജി മതിലകത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുവാന്‍ ഇവിടം മതിയാകില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ എത്രെയേറെ പേരെ സഹായിച്ചു എന്ന് കണക്ക് വെച്ചിട്ടില്ല അദ്ദേഹം. ദമ്മാം കെ.എം.സി.സി അദാലത്തിന്റെ കണക്കുകള്‍ വെച്ച് മാത്രം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിട്ടുള്ളവര്‍ ആയിരത്തില്‍ കൂടുതലാണ്. 21വര്‍ഷമായി സൗദി അറേബ്യയിലുള്ള ഷാജി മതിലകം ദമ്മാം കേന്ദ്രമാക്കിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

സഹായം ചോദിച്ചു വരുന്നവരുടെ മതം, രാഷ്ട്രീയം എന്നിവ നോക്കാറില്ല. എല്ലാ വിഭാഗം ആളുകളെയും സഹായിക്കുന്നു.പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ,ആരും സഹായിക്കാനില്ലാത്തവര്‍ക്കാന് സഹായം നല്‍കുന്നതെന്നു ഷാജി. തന്നെ സമീപിക്കുന്ന ആളുകള്‍ക്ക് അവര്‍ ഉദ്ദേശിച്ച രീതിയിലല്ലെന്കിലും എന്നെ കൊണ്ട് കഴിയാവുന്ന സാമ്പത്തിക സഹായങ്ങളും നല്‍കാറുണ്ടെന്ന് ഷാജി പറയുന്നു.

രാവിലെ എട്ടു മുതല്‍ 12 വരെയുള്ള സമയത്തിനിടക്കാണ് നിയമ സഹായവുമായി ബന്ധപ്പെട്ട് അധികൃതരുമായി കാണുന്നതും സമാരിക്കുന്നതുമെല്ലാം. ആ സമയത്ത് മാത്രമേ അവരെയെല്ലാം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കൂ. ജോലി സെയില്‍സ്‌ വിഭാഗത്തില്‍ ആയതിനാല്‍ അധികവും പുറത്താണ് ഉണ്ടാവുക.  അത് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്നു.ബാക്കിയുള്ള ജോലികള്‍ ടെലഫോണിലൂടെ ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നടന്നതിന്റെ പേരില്‍ ഒരു ജോലിയില്‍ നിന്ന് തന്നെ രാജി വെക്കേണ്ടി വന്നിട്ടുണ്ട്.

സഹായം അഭ്യര്‍ഥിച്ചു വരുന്നവരുടെ രാഷ്ട്രീയവും മതവും നോക്കാറില്ല എന്നതിനു സാക്ഷ്യം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഒരേ സമയം സി.പി.എം പോഷക സംഘടനയായ നവയുഗത്തിന്റെയും മുസ്ലീം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഒരുപോലെ സജീവമാണ്.എങ്ങിനെയാണ് ഈ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു:

“നാട്ടില്‍ സി.പി.ഐ പ്രവര്‍ത്തകനായിരുന്നു.പക്ഷെ ആ രീതിയിലല്ല നവയുഗവുമായി ബന്ധപ്പെടുന്നത്.ഉത്തരവാദിത്വമുള്ള സംഘടനയാണ് നവയുഗം.തികച്ചും അച്ചടക്കത്തോടെയും കെട്ടുറപ്പോടെയും പ്രവര്‍ത്തിക്കുന്ന സംഘടന. അവരുമായി ചേര്‍ന്ന് ചില പരിപാടികളില്‍ പങ്കെടുത്തതോടെ ആ സംഘടനയോട് കൂടുതല്‍ മതിപ്പു തോന്നി. അങ്ങിനെയാണ് നവയുഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്”.

കഴിഞ്ഞ രണ്ടു വര്‍ഷമായി ദമ്മാം കെ.എം.സി.സി ടൌണ്‍ കമ്മിറ്റി സഫ മെഡിക്കല്‍ സെന്‍റര്‍ ഹാളില്‍ നടത്തി വരുന്ന അദാലത്തിനെ നയിക്കുന്നത് ഷാജിയാണ്. ആ അദാലത്ത്‌ എങ്ങിനെയാണ് രൂപപ്പെട്ടതെന്നു ഷാജി പറയുന്നു. “അമീര്‍ കോര്‍ട്ടിനടുത്തുള്ള പള്ളിയിലാണ് മഗരിബ് നമസ്കരിക്കാന്‍ പോകുക.അവിടെ ചെല്ലുമ്പോള്‍ പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരെയും കാണും. പറ്റുന്നവര്‍ക്ക് ആവശ്യമായ സഹായം ചെയ്തു കൊടുക്കും. പിന്നീട് പള്ളിയില്‍ വരുമ്പോള്‍ ആളുകള്‍ സഹായം അഭ്യര്‍ഥിക്കാനായി കാത്തു നില്‍ക്കാന്‍ തുടങ്ങി. അത് കൂടി ദിവസവും മുപ്പതു പേരോളം ആവാന്‍ തുടങ്ങി.അതില്‍ കെ.എം.സി.സി അയക്കുന്നവരും ഉണ്ടായിരുന്നു. എന്റെ പ്രവര്‍ത്തനം കണ്ടിട്ട് അവര്‍ ഇത്തരമൊരു വേദിയില്‍ സഹകരിക്കാന്‍ അഭ്യര്‍ഥിച്ചു. അങ്ങിനെയാണ് അവര്‍ അതിനായി ഒരു സ്ഥലം സ്ഥിരമായി ഏര്‍പ്പാടാക്കുന്നത്. സഫ പോളിക്ളിനിക്കില്‍ അദാലത്ത്‌ തുടങ്ങുന്നത് അങ്ങിനെയാണ്”.

എന്ത് കൊണ്ടാണ് കെ.എം.സി.സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് ഷാജിക്ക് വ്യക്തമായ ഉത്തരമുണ്ട്. “കെ.എം.സി.സി ദാമ്മാമില്‍ 25  വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ദാമ്മാമില്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുന്ന ഒരു സംഘടനയാണത്.അവര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്.എനിക്കതില്‍ മതിപ്പുണ്ട്.അതിനാലാണ് അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. അതില്‍ പാര്‍ട്ടി ഭേദമില്ല”.

ഈ അദാലത്തിലൂടെ മാത്രം കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം തന്നെ ഷാജി ആയിരത്തിലേറെ കേസുകള്‍ കൈകാര്യം ചെയ്തു കഴിഞ്ഞിരിക്കുന്നു.നൂറിലേറെ വിമാനടിക്കറ്റുകള്‍ നല്‍കി.സ്പോണ്‍സറുമായുള്ള നിരവധി തൊഴില്‍ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിഞ്ഞു.

സൗദി അറേബ്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ എണ്ണം കൂടുതലാണ് എന്നത് വളരെ നല്ല കാര്യമാണെന്ന് ഷാജി പറയുന്നു. എങ്കിലും പലരുടെയും പ്രവര്‍ത്തന ശൈലിയോട് അദ്ദേഹത്തിന് താല്പ്പര്യക്കുറവുണ്ട്. “ഇവിടെ ജീവകാരുണ്യമല്ല പലപ്പോഴും നടക്കുന്നത്, മറിച്ചു ജനറല്‍ സര്‍വീസ്‌ പ്രവര്‍ത്തനമാണ് പല സാമൂഹിക പ്രവര്‍ത്തകരെന്നു പറയുന്നവരും നടത്തുന്നത്.ചെയ്യുന്ന സേവനത്തിനു പ്രതിഫലമായി പണം പറ്റിയുള്ള സേവനം”.

എണ്ണൂറു റിയാലിന്റെ ടിക്കറ്റ് എടുത്തു കൊടുത്തു ഇരയെ നടുവില്‍ നിറുത്തി എട്ടു പേര്‍ ചേര്‍ന്ന് ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ഷാജിക്ക് അന്യമാണ്. ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും ഇത് വരെ ഒരു സാമ്പത്തിക ആരോപണം പോലും ഷാജിയുടെ പേരിലില്ല.ഇത്രയും നിസ്വാര്‍ത്ഥമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സൗദി അറേബ്യയില്‍ വിരളമാണെന്ന് ഷാജിയെ അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

“ഷാജി മതിലകം തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രശസ്തിക്കു വേണ്ടി പത്രവാര്‍ത്തകള്‍ക്ക് ശ്രമിക്കാറില്ല.പത്രക്കാര്‍ കേട്ടറിഞ്ഞു കൊടുക്കുന്ന വാര്‍ത്തകളാണ് കൂടുതല്‍. അത് കൊണ്ട് അദ്ദേഹം വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വാസ്തവമാണ്.പക്ഷെ അത്തരത്തിലുള്ള പ്രശസ്തി അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. പ്രശസ്തി ആഗ്രഹിക്കാതെ വളരെ നിസ്വാര്‍ത്ഥമായി 24 മണിക്കൂറും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നു. ഏതു ഉറക്കത്തില്‍ വിളിച്ചാലും ആരുടേയും സഹായത്തിനുണ്ടാവും. സ്വന്തം പണം ചിലവാക്കി പോലും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ആളാണ്‌ ഷാജി. സൗദിയിലെ നിയമങ്ങളെ പറ്റി ആരെക്കാളും കൂടുതല്‍ അറിയാവുന്ന വ്യക്തി.ഇത്തരം വ്യക്തികളെ ഈ രംഗത്ത് അധികം കാണാറില്ല”. അദ്ദേഹവുമായി വളരെക്കാലം അടുത്ത് പ്രവര്‍ത്തിക്കുന്ന പ്രിജി കൊല്ലം പറയുന്നു.

തൃശ്ശൂര്‍ ജില്ലയിലെ മതിലകമാണ് ഷാജിയുടെ സ്വദേശം. ദമ്മാം ഷെറാട്ടന്‍ ഹോട്ടലില്‍ സെയില്‍സ്‌ എക്സിക്യൂട്ടീവ്‌ ആയി ജോലി ചെയ്യുന്നു. കുടുംബവുമായി ദാമ്മാമില്‍ താമസിക്കുന്നു. ഭാര്യ ഷെമീറ, മൂന്നു കുട്ടികള്‍ ഫര്‍ഹാന പര്‍വീണ്‍, ഇദ്രീസ്, ഹസന്‍.

സഹായം ആവശ്യമുള്ള ദമ്മാം മേഖലയിലുള്ള പ്രവാസികള്‍ക്ക് 0567103250 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാം. ഷാജി മതിലകം എപ്പോഴും നിങ്ങളെ സഹായിക്കാനാനായി വിളിപ്പുറത്ത് ഉണ്ടാവും.