«

»

Print this Post

അബുദാബിയില്‍ വില്ലകള്‍ വിഭജിച്ചു താമസിക്കുന്നവര്‍ക്ക് ഒഴിയാന്‍ ഒരു മാസം സമയം

 

tt

 

യു.എ.ഇ: അബുദാബിയില്‍ താമസ സൗകര്യത്തെകുറിച്ചുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി തലസ്ഥാനത്തെ പല സ്ഥലങ്ങളിലും അധികൃതര്‍ പരിശോധന നടത്തി. വില്ലകള്‍ വിഭജിച്ചു താമസിക്കുന്ന പലരും പരിശോധനയില്‍ കുടുങ്ങിയിട്ടുണ്ട്.

അബുദാബി, ഷഹാമ, മുസഫ തുടങ്ങിയവിടങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കുടുങ്ങുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ പിടിച്ചെടുക്കുന്നുണ്ട്. മുനിസിപ്പാലിറ്റിയില്‍ നിന്നും അറ്റസ്റ്റ് ചെയ്ത സ്വന്തം പേരിലുള്ള വാടക കരാറിന്റെ കോപ്പി നല്‍കിയാല്‍ മാത്രമേ രേഖകള്‍ തിരിചു നല്‍കുന്നുള്ളൂ.

ഫാമിലികള്‍ സ്വന്തം പേരില്‍ അറ്റസ്റ്റ് ചെയ്ത വാടക കരാറോടെ ഒറ്റക്കാണ് താമസിക്കേണ്ടത്. ഒരു വില്ല ഒരു താമസ യൂനിറ്റ് ആയി മാത്രമേ കണക്കാക്കുന്നുള്ളൂ. അത് വിഭജിക്കുന്നത് നിയമ വിരുദ്ധമാണ്. വില്ലകളില്‍ വിഭജിച്ചു താമസിക്കുന്നവര്‍ക്ക് മാറുന്നതിനു ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിയമ ലംഘകര്‍ക്ക് പതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.

വില്ലകള്‍ ഒരു വാടക യൂണിറ്റ് ആയി കണക്കാക്കി മാത്രമേ അറ്റസ്റ്റ് ചെയ്തു നല്‍കിയിരുന്നുള്ളൂ. അത് വിഭജിച്ചു വാടകക്ക് കൊടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഒക്ടോബര്‍ 15 നു മുന്‍പ് തന്നെ മുനിസിപ്പല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താമസ യൂണിറ്റുകളുടെ കൈവശ നിയമങ്ങളെ സംബന്ധിച്ച  Law No. 1 of 2011 പ്രകാരമായിരുന്നു പുതിയ വ്യവസ്ഥകള്‍ നടപ്പാക്കി വരുന്നത്.

നിയമം കര്‍ശനമാക്കുന്നത് മൂലം മലയാളികളടക്കം നിരവധി താമസക്കാര്‍ പുതിയ താമസ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഇപ്പോള്‍ പലരും കെട്ടിട ഉടമകളുടെ അറിവോടെ തന്നെയാണ് സബ് എഗ്രിമെന്റുകളുണ്ടാക്കി താമസിക്കുന്നത്. ഇവരില്‍ പലരും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വാടക മുന്‍കൂറായി കൊടുത്തവരാണ്.

 

Permanent link to this article: http://pravasicorner.com/?p=5552

Copy Protected by Chetan's WP-Copyprotect.