«

»

Print this Post

സൗദി സ്വദേശിവല്‍ക്കരണം: വിസകള്‍ നിയമപരമാണെങ്കില്‍ 80 ശതമാനം പ്രവാസികളും സുരക്ഷിതര്‍

1

 

ആരാണീ പ്രവാസികള്‍? അവരുടെ അനുപാതം എത്ര വരും? ഏതെല്ലാം മേഖലയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്? ഏതെല്ലാം തരത്തിലുള ജോലികളാണ് ഇവര്‍ ചെയ്യുന്നത്? ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അളവെത്ര? അവരെ മുഴുവന്‍ ഇവിടെ നിന്നും പുറത്താക്കിയാലും ഇവിടുത്തെ തൊഴിലില്ലാത്ത സ്വദേശി പൌരന്മാര്‍ക്ക്  തൊഴില്‍ നല്കാന്‍ സാധിക്കുമോ? ഉത്തരങ്ങള്‍ നമുക്ക്  മുന്നില്‍ തന്നെയുണ്ട്. 

  • സൗദി അറേബ്യയിലുള്ള പ്രവാസികളില്‍ ഭൂരിഭാഗവും ഫ്രീ വിസക്കാര്‍. കമ്പനി വിസകളിലുള്ളവര്‍ വളരെ കുറവ് മാത്രം.
  • സ്വകാര്യ മേഖലയില്‍ 80 ശതമാനത്തില്‍ അധികവും പ്രവാസികള്‍.
  • സ്വകാര്യ മേഖലയില്‍ 80 ശതമാനം പ്രവാസികളും ചെയ്യുന്നത് താഴെക്കിടയിലുള്ള ജോലികള്‍. 20 ശതമാനം മാത്രം ഉയര്‍ന്ന തസ്തികയിലുള്ളവര്‍.
  • പ്രവാസികളില്‍ 80 ശതമാനവും പ്രതിമാസം 2000 റിയാലില്‍ താഴെ ശമ്പളം പറ്റുന്നവര്‍. 20ശതമാനം മാത്രം ഉയര്‍ന്ന ശമ്പളക്കാരും ബിസിനസ്സുകാരും.
  • പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന മൊത്തം പണത്തിന്റെ 80 ശതമാനവും അയക്കുന്നത്  ഉയന്ന ശമ്പളം പറ്റുന്ന  20 ശതമാനം വരുന്നവര്‍.
  • തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമ്പോള്‍ വിസ നഷ്ടപ്പെടുക 80 ശതമാനം വരുന്ന ഫ്രീ വിസക്കര്‍ക്ക്. കമ്പനി വിസകളിലുള്ളവരും ഉയര്‍ന്ന ശമ്പളം പറ്റുന്നവരുമായ 20 ശതമാനം പേര്‍ സുരക്ഷിതര്‍.
  • സ്വദേശിവല്‍ക്കരണം കര്‍ശനമായി നടപ്പാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുക 20 ശതമാനം വരുന്ന ഉയര്‍ന്ന ശമ്പളം പറ്റുന്ന പ്രവാസികള്‍ക്ക്. 2000 റിയാലില്‍ താഴെ ശമ്പളം പറ്റുന്ന 80 ശതമാനം പ്രവാസികളും സുരക്ഷിതര്‍.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ കണക്കുകളില്‍ നിന്ന് തന്നെ ലഭ്യമാണ്. എന്നാല്‍ ഈ ഉത്തരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ എന്തൊക്കെ പരിഷ്കാരങ്ങള്‍ വരുത്തിയാലും അവ കൂടുതലായി ബാധിക്കുക ഫ്രീ വിസയിലുള്ള  പ്രവാസികളെ മാത്രമാണ് എന്ന് കാണാന്‍ സാധിക്കുന്നു. എന്നാല്‍ അവരാണ് പ്രവാസികളില്‍ 80  ശതമാനവും എന്നതും വിസ്മരിക്കരുത്.

ഇവിടെ മനസ്സിലാക്കേണ്ടത് വിദേശ തൊഴിലാളികള്‍ എല്ലാവരും സൗദി പൌരന്മാരുടെ തൊഴിലുകള്‍ തട്ടിയെടുക്കുന്നില്ല എന്നതാണ്. രാജ്യത്തു സ്വദേശി പൌരന്മാര്‍ ചെയ്യാന്‍ തയ്യാറാകാത്ത തൊഴിലുകളില്‍ ആണ് ഭൂരിഭാഗം പ്രവാസികളും ജോലി ചെര്യ്യുന്നത്.

രാജ്യത്തു ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ജോലികളില്‍ വെറും 20 ശതമാനം മാത്രം വിദേശികളാണ് ഉള്ളത്. ബാക്കിയുള്ള 80 ശതമാനം പേരും ജോലിയെടുക്കുന്നത് അവിദഗ്ദ തൊഴിലുകളിലും മറ്റു താഴെക്കിടയിലുള്ള തൊഴിലുകളുമാണ്. അത് പോലെ തന്നെ അവശേഷിക്കുന്ന  80 ശതമാനം ജോലികളും വെറും 2000 റിയാലില്‍ താഴെ മാത്രം ശമ്പളം ലഭിക്കുന്നവയും ആണ്.വിദേശ തൊഴിലാളികള്‍ ചെയ്യുന്ന  തൊഴിലുകളില്‍ മുക്കാല്‍ ഭാഗവും സ്വദേശി പൌരന്മാര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതാണെന്നു സൗദി തൊഴില്‍ മന്ത്രി ആദേല്‍ ഫഖീഹ് തന്നെ തുറന്നു സമ്മതിക്കുന്നു. 

വിദേശികളില്‍ 68 ശതമാനം തൊഴിലാളികള്‍ക്കും ലഭിക്കുന്ന ശമ്പളം പ്രതിമാസം 1000 റിയാലില്‍ താഴെ മാത്രമാണ്. 18 ശതമാനം തൊഴിലാളികള്‍ക്കും ലഭിക്കുന്നതാകട്ടെ 2000 റിയാലിന് താഴെ മാത്രം. ഇത് കാണിക്കുന്നത് രാജ്യത്തെ 86  ശതമാനം വിദേശ തൊഴിലാളികള്‍ക്കും ലഭിക്കുന്നത് വളരെ കുറഞ്ഞ ശമ്പളം മാത്രമാണെന്നാണ്.

സൗദി അറേബ്യയിലെ വിദേശികളില്‍ ഉയര്‍ന്ന വരുമാനമുണ്ടാക്കുന്നവര്‍ വെറും 20 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ ഈ വിഭാഗം സ്വന്തമായി ജോലി ചെയ്യുന്നവരല്ല. മറിച്ചു  ബിനാമി ബിസിനസ് എന്ന ഓമനപ്പേരില്‍ സ്പോന്സസറെ ബിനാമിയാക്കി നിര്‍ത്തി COVERUP ബിസിനസ് ചെയ്യുന്നവരാണ്. ബാക്കിയുള്ള 80 ശതമാനം വിദേശ തൊഴിലാളികളും വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. വിദേശികള്‍ നാട്ടിലേക്ക് അയച്ചുവെന്നു പറയുന്ന 130 ബില്യന്‍ റിയാലില്‍ 80 ശതമാനവും അയച്ചിട്ടുള്ളത് ഈ ഉയര്‍ന്ന വരുമാനക്കാരായ 20 ശതമാനം തന്നെയാണ്. ബാക്കിയുള്ള 80 ശതമാനം വിദേശികള്‍ മൊത്തമായി അയച്ച സംഖ്യ പോലും ഈ 130  ബില്യന്‍ റിയാലിന്റെ 20  ശതമാനം മാത്രമേ വരൂ.

വിദേശികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു അപ്പാടെ പുറത്താക്കിയാല്‍ മേല്പറഞ്ഞ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ഉയര്‍ന്ന തസ്തികയിലുള്ള 20 ശതമാനം ജോലികള്‍ ചെയ്യാന്‍ മാത്രമേ ഇവിടുത്തെ സ്വദേശി പൌരന്മാര്‍ തയാറാവുകയുള്ളൂ. ബാക്കിയുള്ള  80 ശതമാനം ജോലികളും ചെയ്യുന്നതിന് വേണ്ടി ഭാവിയില്‍ വിദേശ തൊഴിലാളികളെ തന്നെ ആശ്രയിക്കേണ്ടി വരും.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഫ്രീ വിസക്കാരുടെ നിയമപരമായ അപാകതകള്‍ ഒഴിച്ചാല്‍ താഴെക്കിടയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പ്രവാസികളും സുരക്ഷിതരാണ് എന്നാണു. ഫ്രീ വിസക്കാര്‍ കമ്പനികളിലേക്കോ നിയമപരമായി നടത്തപ്പെടുന്ന സ്ഥാപനങ്ങളിലേക്കോ മാറിയാല്‍ അവരും സുരക്ഷിതരാണ്. അങ്ങിനെയാണെങ്കില്‍ എന്തൊക്കെ നിയമ പരിഷ്കാരങ്ങള്‍ വന്നാലും, സ്വദേശി വല്‍ക്കരണം വന്നാലും ഭൂരിഭാഗം പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല. മറിച്ചാവണമെങ്കില്‍ സൗദി അറേബ്യയില്‍ ഒരു കോടിയോളം തൊഴില്‍ രഹിതരുണ്ടാവണം. അതിനു ഇവിടുത്തെ ക്രൂഡ്‌ ഓയില്‍ നിക്ഷേപം പൂര്‍ണ്ണമായും ഇല്ലാതാകേണ്ടി വരും. എന്തായാലും വരുന്ന എണ്പതു വര്‍ഷത്തേക്കുള്ള ക്രൂഡ്‌ ഓയില്‍ നിക്ഷേപം സൗദി അറേബ്യക്കുണ്ട്. 

 

Permanent link to this article: http://pravasicorner.com/?p=5677

Copy Protected by Chetans WP-Copyprotect.