«

»

Print this Post

സൗദി തൊഴില്‍ മന്ത്രിയുടെ പ്രസ്താവന, ബിസിനസ് വൃത്തങ്ങളില്‍ അത്ഭുതം, പ്രവാസികള്‍ക്ക് ആശ്വാസം

 

1

 

വിദേശികള്‍ ചെയ്യുന്ന 86 ശതമാനം ജോലികളും സൗദി തൊഴിലന്വേഷകര്‍ക്ക് യോജിക്കാത്തതാണെന്ന സൗദി തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹിന്റെ പ്രസ്താവന ബിസിനസ് വൃത്തങ്ങളില്‍ അമ്പരപ്പും അത്ഭുതവുമുയര്‍ത്തി.

എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കില്‍ തന്നെയും മന്ത്രിയില്‍ നിന്ന് തന്നെ ഇത്തരമൊരു പ്രസ്താവനയുണ്ടായതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഇത്രയും വിദേശികള്‍ ചെയ്യുന്ന ജോലികള്‍ സ്വദേശി പൌരന്മാര്‍ക്ക് ചെയ്യ്യാന്‍ സാധിക്കില്ലെങ്കില്‍ ഈ വിദേശികളെ തിരിച്ചയച്ചാല്‍ ഈ ജോലികളെല്ലാം ആര് ചെയ്യുമെന്നാണ് ബിസിനസ് വൃത്തങ്ങള്‍ ഇക്കാലമത്രയും ഉയത്തിയിരുന്ന ചോദ്യം. ഈ വസ്തുത പുതിയതല്ലെന്നും എല്ലാ വിദേശികളെയും തിരിച്ചയക്കാന്‍ സാധിക്കില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ആദ്യമായാണ്‌ ഒരു ഉന്നതസ്ഥാനീയന്‍ ഇത് പരോക്ഷമായെങ്കിലും സമ്മതിക്കുന്നത്.

സൗദി അറേബ്യയിലെ 84 ലക്ഷം വിദേശികളിള്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണ്. ഇവിടെ സ്വദേശി പ്രാതിനിധ്യം വെറും മൂന്നു ശതമാനം മാത്രമാണ്. അതു കൊണ്ട് തന്നെ ഇത്രയും വിദേശികളെ തിരിച്ചയച്ചാല്‍ സ്വകാര്യ മേഖല പിന്നെ എങ്ങിനെയാണ് മുന്നോട്ടു പോകുക എന്നത് പലരും ഉള്ളില്‍ ചോദിച്ചിരുന്നത് തന്നെയാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്ലീനിംഗ് തൊഴിലാളികളുടെ സമരമായിരിക്കാം മന്ത്രിയെ ഇങ്ങിനെ തുറന്നു പറയാന്‍ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.ഇഖാമ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് മക്കയിലും ജിദ്ദയിലും ശുചീകരണ തൊഴിലാളികളുടെ പണിമുടക്ക്‌ അഞ്ചാം ദിവസത്തിലേക്ക് നീണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മക്ക നഗരം ചീഞ്ഞു നാറുകയായിരുന്നു. ലെവിയെന്ന കാരണത്തിന്മേല്‍ ഇത്രയും ഭീമമായ സംഖ്യ അടക്കാതെ തൊഴിലാളികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം കടുത്ത നിലപാടെടുത്തപ്പോള്‍ ഇത്രയും ഭീമമായ സംഖ്യ തങ്ങള്‍ക്കു അടക്കാന്‍ സാധിക്കില്ലെന്ന നിലപാട് ശുചീകരണ കമ്പനികള്‍ എടുത്തതും ഈ ജോലികളിലേക്ക് സൗദി പൌരന്മാരെ ഒരിക്കലും ലഭിക്കില്ല എന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ്. അവസാനം നഗരസഭയുടെ സമ്മര്‍ദ്ദ ഫലമായി തൊഴില്‍ മന്ത്രാലയം ലെവി അടക്കാതെ തന്നെ ഈ തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കി നല്‍കുകയായിരുന്നു. ഈ ജോലികള്‍ ചെയ്യാന്‍ സൗദി പൌരന്‍ പോയിട്ട് ഒരു അറബ് വംശജനെ പോലും ലഭിക്കില്ല എന്നറിയാവുന്നതു കൊണ്ട് തന്നെയാണ് അധികൃതര്‍ അവരുടെ ഇഖാമകള്‍ പുതുക്കി കൊടുത്തത്.

അത് പോലെ തന്നെ സൗദി തൊഴിലാളിലക്ലെ ലഭിക്കാതെ അടച്ചു പൂട്ടലിലേക്ക് പോയികൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ട്രാന്‍സ്പോര്‍ട്ടെഷന്‍ വ്യവസായം. ഹെവി ലൈസന്‍സ് ഇഖാമയില്‍ പ്രേഫെഷനില്ലാത്ത വിദേശികള്‍ക്ക് കൊടുക്കാതായതോടെയും സൌദിവല്‍ക്കരണം നടപ്പിലാക്കുകയും ചെയ്തതോടെ 70000 ഹെവി ഡ്രൈവര്‍മാരുടെ ഒഴിവുകളാണ് ഈ വ്യവസായത്തില്‍ ഇപ്പോള്‍ നിലവിലുള്ളത്. 8000 റിയാല്‍ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തു പരസ്യങ്ങള്‍ നല്‍കിയിട്ട് പോലും ഒരു സൗദി പൌരന്‍ പോലും ഈ ജോലിക്കായി മുന്നോട്ടു വന്നില്ല എന്ന് തുറന്നു സമ്മതിച്ചത് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിലെ ഒരു ഉന്നത ഭാരവാഹി തന്നെയാണ്.

നിയമങ്ങള്‍ കര്‍ശനമാക്കി വിദേശ തൊഴിലാളികളെ തിരിച്ചയക്കുകയും അതേ സമയം സ്വദേശി പൌരന്മാരെ അത്തരം ജോലികള്‍ക്ക് ലഭിക്കാതെ വരികയും ചെയ്‌താല്‍ അതിനെ മറി കടക്കാന്‍ എന്തായിരിക്കും തൊഴില്‍ മന്ത്രാലയത്തിന്റെ തന്ത്രം എന്ന് തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്തായാലും പല ജോലികളിലേക്കും സ്വദേശി തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് തൊഴില്‍ മന്ത്രാലയം മനസ്സിലാക്കിയിട്ടുണ്ട് എന്നാണു മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇത് പ്രവാസി തൊഴിലാളികളുടെ ഉത്കണ്ഠക്കും ആകാംക്ഷക്കും ചെറിയ തോതില്‍ ആശ്വാസം പകരുന്നു.

 

Permanent link to this article: http://pravasicorner.com/?p=5725

Copy Protected by Chetan's WP-Copyprotect.