«

»

Print this Post

സൗദിയില്‍ ‘പരിശോധനാ വര്‍ഷം’: പുണ്യ ഭൂമിയിലെ ഫ്രീവിസക്കാരുടെ അന്ത്യദിനങ്ങളുടെ ആരംഭം

 

1

സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്‍റ് ഷെയ്ഖ്‌ ഡോ.അബ്ദുള്ള അല്‍ ഷെയ്ക്കിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ശൂര കൌണ്‍സില്‍ യോഗത്തില്‍ അനധികൃതമായി താമസിക്കുന്ന തൊഴിലാളികളെ ഉടനെ കണ്ടെത്തി അവരവരുടെ നാടുകളിലേക്ക് തിരിച്ചയക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തന്നെ പലരും അപകടം മണത്തിരുന്നു. അതിനു പിന്നാലെ ഈ വര്‍ഷം ‘പരിശോധനാ വര്‍ഷ’മായിരിക്കുമെന്നു തൊഴില്‍  മന്ത്രി ആദീല്‍ ഫഖീഹ് അടിവരയിട്ടു പറഞ്ഞപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും അപകടാവസ്ഥയുടെ ആഴം ബോധ്യപ്പെട്ടു. അതിനു പിറകെ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന തൊഴില്‍ നിയമ ലംഘകരെ കണ്ടു പിടിക്കുന്നതിനുള്ള തുടര്‍ച്ചയായുള്ള മിന്നല്‍ പരിശോധനകള്‍ ആ നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്യമാക്കുന്നതിലേക്കുള്ള കാല്‍വെപ്പുകളാണെന്നു പല പ്രവാസികളും ഇപ്പോള്‍ തിരിച്ചറിയുന്നു.

ഫ്രീ വിസക്കാരെ നിതാഖാതും, ലെവിയും, വേതന സുരക്ഷയുമെല്ലാം കൊണ്ട് പരോക്ഷമായി ദുര്‍ബലരാക്കിയ ശേഷം ഓടിച്ചിട്ട്‌ പിടിച്ചു നാട് കടത്തുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.

അനധികൃതമായി കഴിയുന്ന എല്ലാ വിദേശികളെയും എന്ത് വില കൊടുത്തും  രാജ്യത്ത് നിന്നും പുറത്താക്കാനുള്ള നിശ്ചയദാര്‍ഢ്യത്തില്‍ തന്നെയാണ് സൗദി ഭരാണാധികാരികള്‍. ചെറുകിട മേഖയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും വിസക്കച്ചവടം നടത്തുന്നുവെന്നും രാജ്യത്തെ 31 ശതമാനം ചെറുകിട സ്ഥാപനങ്ങള്‍ വിദേശികള്‍ ബിനാമിയായി നടത്തുന്നതാണ് എന്നുമുള്ള തൊഴില്‍ മത്രിയുടെ പ്രസ്താവന കാര്യങ്ങള്‍ നല്ലവണ്ണം പഠിച്ചു തന്നെയാണ് മുന്നോട്ടു നീങ്ങുന്നതെന്നതിന് തെളിവാണ്. കമ്പനികള്‍ക്ക് ഉള്ളില്‍ കയറി പരിശോധന നടത്തുന്നത് കാണിക്കുന്നത് ഏതു വിധേനയെന്കിലും നിയമലംഘകരെ കണ്ടെത്താനുള്ള ഇച്ഛാശക്തിയാണ്. അത് കൊണ്ട് തന്നെ മുന്‍പ് ഇടയ്ക്കിടെ നടക്കാറുള്ള വഴിപാടു പരിശോധനകള്‍ അല്ല ഇവ.

പക്ഷെ അപകടം പ്രതീക്ഷിച്ചതിലും വലുതാണ്.മുന്‍പ് ഇഖാമ കാലാവധി കഴിഞ്ഞവരെയും ആവശ്യമായ മറ്റു രേഖകളില്ലാത്തവരെയുമാണ് പരിശോധന നടത്തി കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ വലയിലാക്കുന്നത് സ്പോന്സരുടെ അടുക്കല്‍ നിന്ന് മാറി ജോലി ചെയ്യുന്നവരെയും കൂടിയാണ്. ഇഖാമയിലെ പ്രോഫെഷനും ചെയ്യുന്ന ജോലിയും സ്പോണ്സര്‍ കമ്പനിയും കൂടി ഒത്തു നോക്കുകയും കൂടി ഇപ്പോള്‍ ചെയ്യുന്നു. സ്പോന്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടുകയും സ്പോണ്സര്‍മാരുമൊത്തു പിന്നീട് വരാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. രേഖകള്‍ കൃത്യമല്ലെങ്കില്‍ ഉടനെ തര്‍ഹീലിലേക്ക് (നാട് കടത്തല്‍ കേന്ദ്രം) മാറ്റുന്നു.

ഈ പരിശോധന ഫ്രീ വിസക്കാര്‍ക്ക് മാത്രമല്ല കമ്പനികളില്‍ നിയമാനുസൃത വിസകളില്‍ വന്നവര്‍ക്ക് പോലും അപകടമാണ്. അവര്‍ക്ക് അവരുടെ ഇഖാമകളില്‍ കാണിച്ചിട്ടുള്ള തൊഴിലിനോട് ബന്ധപ്പെട്ട തൊഴിലുകള്‍ സ്വന്തം സ്പോന്സര്‍ക്ക് കീഴില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന അവസ്ഥ വന്നാല്‍ നിരവധി ഉന്നത തസ്തികക്കാര്‍ വരെ വിഷമത്തിലാകും.  കാരണം സൗദിയില്‍ ലേബര്‍ വിസയില്‍ വന്നു ജോലി ചെയ്യുന്ന ഒരുപാട് ടെക്നീഷ്യന്‍ന്മാരുണ്ട്, ഓഫീസ്‌ ജോലിക്കാരുണ്ട്, മറ്റു ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരുമുണ്ട്. പല കോണ്ട്രക്ടിംഗ് കമ്പനികളും അവരെ മറ്റുള്ള കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് ഇഖാമയിലെ അതേ ജോലികള്‍ക്ക്‌ അല്ല.

ഇത് വരെ ഇഖാമ പുതുക്കാത്തവരോ, വ്യാജ ഇഖാമകള്‍ ഉള്ളവരോ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ ഇഖാമയിലെ പ്രോഫെഷന്‍ ചെയ്യുന്ന ജോലിയുമായി ഒത്തു വരണം. ചെയ്യുന്ന ജോലി സ്വന്തം സ്പോന്സരുടെ അടുത്തായിരിക്കുകയും വേണം. ഇത് മൂന്നും ഒത്തു വരിക വളരെ അപൂര്‍വ്വം തൊഴിലാളികള്‍ക്ക് മാത്രമാണ്.സൗദി നിയമപ്രകാരം ഇഖാമ പ്രോഫെഷനിലുള്ള ജോലി അതെ കമ്പനിയില്‍ ചെയ്യുന്ന ആളുകള്‍ വെറും പത്തു ശതമാനം മാത്രമേ വരികയുള്ളൂ.

അധികൃതര്‍ ഇത്തരത്തില്‍ പരിശോധന തുടര്‍ന്നാല്‍ ഫ്രീവിസയിലുള്ള തൊഴിലാളികള്‍ അവരുടെ സ്പോന്സരുടെ കീഴില്‍ തന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ അവര്‍ക്ക് സ്പോന്സര്ഷിപ്പ്‌ മാറ്റി തുടരേണ്ടി വരും. അപ്പോഴും അവര്‍ അവരുടെ ഇഖാമ പ്രോഫെഷന്‍ താന്‍ ചെയ്യുന്ന ജോലിയോട് ബന്ധമുള്ളതാക്കി മാറ്റണം.സാങ്കേതിക വൈദഗ്ദ്യമുള്ള ജോലികളാണെന്കില്‍ അതിനനുസരിച്ച സര്‍ട്ടിഫിക്കറ്റുകളും മറ്റും അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്യും.

കൃത്രിമം കണ്ടെത്തുമ്പോള്‍ സ്പോന്സറുമായി വരാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വിദേശികളുടെ സ്പോണ്സര്‍മാര്‍ പലപ്പോഴും അധികാരികളുടെ മുന്നില്‍ വന്നു തന്റെ തൊഴിലാളിയെ രക്ഷപ്പെടുത്തി കൊണ്ട് പോകാന്‍ മടി കാണിക്കും.കാരണം രക്ഷപ്പെടുത്താന്‍ വന്നവന്‍ പ്രതിയാകുന്ന മട്ടിലായിരിക്കും കാര്യങ്ങള്‍ നീങ്ങുക. വിസയെടുത്ത സ്ഥാപനങ്ങള്‍ നിലവില്‍ ഇല്ലാത്തതോ വ്യാജമോ ആയിരിക്കും. രേഖകളില്‍ മാത്രമായിരിക്കും പലപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ ഉള്ളത്.  ആ തൊഴിലാളികളെ നാട് കടത്തുക തര്‍ഹീലിലൂടെ ആയിരിക്കും, പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ കഴിയാത്ത വിധം.

 

Permanent link to this article: http://pravasicorner.com/?p=6206

Copy Protected by Chetan's WP-Copyprotect.