«

»

Print this Post

അങ്ങിനെ ലെവി പ്രശ്നങ്ങളും പ്രവാസികള്‍ മറന്നു. അത് അവരുടെ പ്രവാസ ജീവിതത്തിന്റെ ഭാഗമായി…….

 

1

 

സൗദി അറേബ്യ: അങ്ങിനെ ലെവിയും പ്രവാസികള്‍ മറന്നു. അത് അവരുടെ പ്രവാസ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇനി സ്പോണ്സര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന തുകയുടെ കണക്ക് പറയുന്ന പോലെ തന്നെ സര്‍ക്കാരിന് കൊടുക്കേണ്ട തുകയും പറയാം.

സ്വദേശികളും അതിനെ കുറിച്ച് മറന്നിരിക്കുന്നു. കുറെയൊക്കെ ബഹളം വെച്ച് നോക്കി.  തൊഴില്‍ മന്ത്രാലയത്തിന്റെ ഓഫീസുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടി നിന്ന് നോക്കി. കിരീടാവകാശിയെ കണ്ടു. രാജാവിനെ കാണണമെന്ന് ആഗ്രഹിച്ചു, പക്ഷെ  നടന്നില്ല. തൊഴില്‍ മന്ത്രി വഴങ്ങിയില്ല. ശൂരാ കൌണ്‍സില്‍ പിന്തുണച്ചില്ല. അവസാനം അതിനോടങ്ങ്‌ താദാത്മ്യം പ്രാപിച്ചു.

ലെവി ഇനി പിവലിക്കുമോ എന്ന് പോലും ആരും ചോദിക്കുന്നില്ല. പിന്‍വലിക്കില്ലെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് ഇത് ഇപ്പോള്‍ തൊഴില്‍ മന്ത്രാലയത്തിന്‍റെ അഭിമാന പ്രശ്നമായി വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ തീരുമാനം തന്റേതു മാത്രമല്ല മറിച്ചു 14 മാസം മുന്‍പ് മന്ത്രിസഭ തീരുമാനിച്ചതാണെന്ന തൊഴില്‍മന്ത്രി ആദില്‍ ഫഖീഹിന്റെ പ്രഖ്യാപനത്തോടു കൂടി പന്ത് തന്റെ കോര്‍ട്ടില്‍ നിന്നും തട്ടി തെറിപ്പിക്കാന്‍ തൊഴില്‍ മന്ത്രിക്കു  കഴിയുകയും ചെയ്തു. 

അതോട് കൂടി തീരുമാനം നടപ്പിലാക്കുക എന്നത് മന്ത്രിസഭയുടെ അതായത് ഭരണ കൂടത്തിന്റെ മൊത്തം അഭിമാന പ്രശ്നവുമായി മാറ്റാനും തൊഴില്‍ മന്ത്രാലയത്തിനു സാധിച്ചു. തനിക്ക് നേരെ വന്ന പ്രതിഷേധ പ്രവാഹത്തെ മന്ത്രിസഭയുടെ നേരെ വഴി തിരിച്ചു വിടാന്‍ ആ ഒരൊറ്റ പ്രഖ്യാപനത്തിലൂടെ സാധിക്കുകയും ചെയ്തു. മാത്രമല്ല പൌരന്മാരുടെ പ്രതിഷേധത്തിന് വഴങ്ങി നിയമ പരിഷ്കാരങ്ങള്‍ നിര്‍ത്തി വെക്കാനോ മാറ്റി വെക്കാനോ തുനിഞ്ഞാല്‍ ഒരു കാലത്തും വികസന പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം കാണില്ലെന്ന് അധികൃതര്‍ മനസ്സിലാക്കുന്നു.

അധികൃതര്‍ വിചാരിക്കുന്നിടത്തു തന്നെ കാര്യങ്ങള്‍ എത്തി ചേരുന്നു എന്ന് തന്നെയാണ് ഇപ്പോഴത്തെ നിശബ്ദത പ്രകടമാക്കുന്നത്. ഇനി അവ ഒറ്റപ്പെട്ട പ്രതിഷേധങ്ങളാവുകയും താമസിയാതെ തന്നെ കെട്ടടങ്ങുകയും ചെയ്യും. എളുപ്പത്തില്‍ കാര്യങ്ങള്‍ മറക്കുന്ന സ്വഭാവക്കാരാണ് സൗദി പൌരന്മാര്‍ എന്ന് പൊതുവേ പറയാറുണ്ട്‌. ഇക്കാര്യത്തിലും അതു ശരിയായി.

ലെവി കൊടുക്കാന്‍ കഴിയാത്ത ഫ്രീ വിസക്കാരായ പ്രവാസികള്‍ക്ക് മടക്ക യാത്രയെപ്പറ്റി ആലോചിക്കാം. അല്ലെങ്കില്‍ അവര്‍ക്ക് തിരിച്ചു പോയി നിയമപരമായ വിസയില്‍ വരികയോ, ഖത്തര്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്യാം. അതു തന്നെ വേണ്ടി വരും. കാരണം അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ഒരു അൽവലീദ് ബിൻ തലാൽ രാജകുമാരന്‍ ഇല്ലല്ലോ.

 

Permanent link to this article: http://pravasicorner.com/?p=6458

Copy Protected by Chetan's WP-Copyprotect.